സ്വവര്‍ഗ വിവാഹം സുപ്രീംകോടതിയുടെ ചരിത്ര വിധി ഇന്ന്

സ്വവര്‍ഗ വിവാഹം സുപ്രീംകോടതിയുടെ ചരിത്ര വിധി ഇന്ന്

ന്യൂഡല്‍ഹി:സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനവിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയും. പത്ത് ദിവസം നീണ്ടുനിന്ന വാദത്തിന് ഒടുവില്‍ കഴിഞ്ഞ മെയ് 11 നാണ് സുപ്രീം കോടതി കേസ് വിധി പറയാന്‍ മാറ്റിയത്. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന 21 ഹര്‍ജികളിലാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കുന്നത്. 2023 ഏപ്രില്‍ 18 മുതല്‍ മെയ് 11 വരെ 10 ദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹര്‍ജികളില്‍ വാദംകേട്ടത്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.

സ്പെഷ്യല്‍ മാര്യേജ് ആക്ട് 1954, ഹിന്ദു മാര്യേജ് ആക്ട് 1955, ഫോറിന്‍ മാര്യേജ് ആക്ട് 1969 എന്നിവയുടെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് വിവിധ സ്വവര്‍ഗ ദമ്പതികള്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ജിബിടിക്യുഐഎ+ ആക്ടിവിസ്റ്റുകള്‍ എന്നിവരാണ് ഹര്‍ജികള്‍ നല്‍കിയത്.
വ്യത്യസ്ത മതങ്ങളുടെ വ്യക്തിനിയമങ്ങളിലേക്ക് കടക്കാതെ, സ്വവര്‍ഗ വിവാഹത്തിന് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നിയമാനുമതി നല്‍കാനാകുമോയെന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്. ഇതിന് പുറമെ സ്വവര്‍ഗ വിവാഹത്തിന്റെ ഭരണഘടനാ സാധുത, വിദേശ വിവാഹ നിയമങ്ങള്‍ എന്നിവയും കോടതി പരിഗണിച്ചു.

35 രാജ്യങ്ങളാണ് ലോകത്ത് സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കിയിട്ടുള്ളത്. വിവാഹമെന്ന നിയമപരമായ അംഗീകാരം, ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള അനുമതി, പങ്കാളിയെ നോമിനിയായി ചേര്‍ക്കല്‍ തുടങ്ങിയ നടപടികളില്‍ പാര്‍ലമെന്റ് തീരുമാനിക്കേണ്ട കാര്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഹര്‍ജിയെ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ബെഞ്ചിനെ അറിയിച്ചു.

സ്‌പെഷ്യല്‍ മാരേജ് ആക്റ്റിലെ ‘ഭര്‍ത്താവ്’, ‘ഭാര്യ’ എന്നീ വാക്കുകള്‍ ലിംഗഭേദമില്ലാതെ ‘ഇണ’ അല്ലെങ്കില്‍ ‘ വ്യക്തി’ എന്നാക്കണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. 1954 ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് നടപ്പാക്കിയപ്പോള്‍ സ്വവര്‍ഗ ദമ്പതികളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ പാര്‍ലമെന്റ് ഒരിക്കലും ചിന്തിച്ചില്ലെന്ന വാദത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ഇത്തരം വാദങ്ങള്‍ ദത്തെടുക്കല്‍, പരിപാലനം, വാടക ഗര്‍ഭധാരണം, പിന്തുടര്‍ച്ചാവകാശം, വിവാഹമോചനം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന മറ്റ് നിയമനിര്‍മ്മാണങ്ങളെ തടസ്സപ്പെടുത്തുമെന്നും കേന്ദ്രം പറഞ്ഞു.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കാന്‍ അനുവദിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചപ്പോള്‍ ഡല്‍ഹി കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ഹര്‍ജികളെയും സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തു.
വിവാഹം സംബന്ധിച്ച കാഴ്ചപ്പാടുകളിലെ മാറ്റം നിയമത്തിലും പ്രതിഫലിക്കണമെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലാണ്. പുരുഷനും സ്ത്രീയും തമ്മില്‍ അല്ല. ഇതിനായി നിയമത്തിലും മാറ്റം ഉണ്ടാകണം എന്നാണ് ആവശ്യം.

ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് അവകാശം നല്‍കുന്നുണ്ട്. ലൈംഗിക ആഭിമുഖ്യത്തിന്റെ പേരില്‍ ഇതില്‍ വിവേചനം ഉണ്ടാകരുത് എന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമ പ്രാബല്യം ഇല്ലാത്തതിനാല്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കല്‍, പിന്തുടര്‍ച്ചാ അവകാശം, ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ അതില്‍ പങ്കാളിയുടെ കോളത്തില്‍ പേര് ചേര്‍ക്കല്‍ തുടങ്ങിയ പല കാര്യങ്ങളിലും പ്രതിസന്ധി നേരിടുന്നുവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുക എന്നത് പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയം ആണെങ്കിലും സ്വവര്‍ഗ ദമ്പതികള്‍ക്ക് സാമൂഹികവും നിയമപരവുമായ അവകാശങ്ങള്‍ വിവാഹത്തിന്റെ പേരില്‍ നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

വിവാഹങ്ങള്‍ നിയമ വിധേയമാക്കാനുള്ള അധികാരം നിയമനിര്‍മ്മാണ സഭകള്‍ക്കാണ്. കോടതിക്ക് അതിനുള്ള അധികാരം ഇല്ലെന്നാണ് ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. സ്വവര്‍ഗ വിവാഹങ്ങള്‍ കോടതി നിയമ വിധേയം ആക്കരുത് എന്നും ഇക്കാര്യത്തില്‍ തീരുമാനം പാര്‍ലമെന്റിന് വിടണമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്നത് രാജ്യത്തിന്റെ മുഴുവന്‍ ആവശ്യം അല്ല. നഗരങ്ങളിലെ വരേണ്യവര്‍ഗ്ഗത്തില്‍ പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണെന്നും സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

വിവാഹം എന്ന സങ്കല്പംതന്നെ എതിര്‍ലിംഗക്കാര്‍ തമ്മില്‍ ഒന്നിക്കലാണ്. സ്വവര്‍ഗവിവാഹം അനുവദിക്കാത്തത് ആരുടെയും മൗലികാവകാശങ്ങളെ ലംഘിക്കപ്പെടുന്നില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭര്‍ത്താവ്, ഭാര്യ എന്നീ കോളങ്ങള്‍ ദമ്പതികള്‍ എന്നാക്കി മാറ്റണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചു. അങ്ങനെയെങ്കില്‍ ഭിന്നലിംഗക്കാര്‍ ദത്തെടുക്കുന്ന കുഞ്ഞിന്റെ അച്ഛന്‍, അമ്മ ആരായിരിക്കുമെന്നും കേന്ദ്രം കോടതിയില്‍ ആരാഞ്ഞു.

ഒരു കുഞ്ഞിനെ ദത്തെടുക്കുന്നു. പങ്കാളികളിലൊരാള്‍ മരിച്ചു. ശേഷം സ്വവര്‍ഗ ദമ്പതികളില്‍ ആരെയാണ് അച്ഛനായി കണക്കാക്കേണ്ടത്? ആരെയാണ് അമ്മയായി കണക്കാക്കുക? പിന്തുടര്‍ച്ചാവകാശ നിയമത്തിലും ഭാര്യ, ഭര്‍ത്താവ്, അമ്മ, അച്ഛന്‍, വിധവ എന്നീ സംജ്ഞകള്‍ക്കാണ് പ്രാധാന്യമെന്നും കേന്ദ്രം ഭരണഘടന ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *