കോഴിക്കോട്: അന്താരാഷ്ട്ര സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് സംഘടിപ്പിക്കുന്ന ഷീ-ക്യാന്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കമായി. കല്‍പകഞ്ചേരി മൈല്‍സില്‍ (മൂപ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ എംപവര്‍മെന്റ്) നടന്ന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.
സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനൊപ്പം നിര്‍ധനരായ സ്ത്രീകള്‍ക്ക് സൗജന്യമായും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലും കാന്‍സര്‍ പരിശോധനകള്‍ നല്‍കാനുള്ള പദ്ധതികളാണ് ആസ്റ്റര്‍ മിംസ് ഒരുക്കിയിട്ടുള്ളത്. ആസ്റ്റര്‍ ഹോസ്പിറ്റല്‍സിന്റെ സി.എസ്.ആര്‍. വിഭാഗമായ ആസ്റ്റര്‍ വോളന്റിയേര്‍സ്, ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്ത്രീകളിലെ കാന്‍സര്‍ സാധ്യതകളെ കുറിച്ച് അറിയുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും ആരംഭ ഘട്ടത്തില്‍ തന്നെ സ്വയം പരിശോധനയിലൂടെ മനസ്സിലാക്കുന്നതിനും വൈദ്യസഹായം തേടുന്നതിനും പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. സമൂഹത്തിലെ എല്ലാ തുറകളിലും പെട്ട സ്ത്രീകളെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയാണ് ക്യാമ്പയിന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം വിവിധ സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തേ കണ്ടെത്തിയാല്‍ എളുപ്പത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമായി ഇന്ന് കാന്‍സര്‍ മാറിയിട്ടുണ്ട്. അതേസമയം സ്ത്രീകളെ ഏറ്റവും കൂടുതലായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍ എന്നിവ മൂലം ലക്ഷക്കണക്കിന് പേരാണ് ഓരോ ദിവസവും മരണപ്പെടുന്നത്. അതി നൂതനമായ പരിശോധനാ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടും ആരംഭഘട്ടത്തില്‍ രോഗ നിര്‍ണയം നടത്തി ചികിത്സ തേടാത്തതാണ് മരണ സംഖ്യ ഉയര്‍ത്തുന്നത്. മുന്‍കൂട്ടിയുള്ള പരിശോധനകളെക്കുറിച്ചും, ചികിത്സയെക്കുറിച്ചും കൃത്യമായ അവബോധമില്ലാത്തതാണ് ഇതിന് കാരണം എന്ന് ആസ്റ്റര്‍ കാന്‍സര്‍ സെന്റെര്‍ ഡയറക്ടര്‍ ഡോ കെ വി ഗംഗാധരന്‍ പറഞ്ഞു
സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സറുകള്‍, മുഖത്തും വായിലും ഉണ്ടാകുന്ന കാന്‍സറുകള്‍, സ്‌കിന്നുമായി ബന്ധപ്പെട്ട കാന്‍സറുകള്‍ തുടങ്ങിയവക്കുള്ള പരിശോധനകള്‍ക്കും, പ്രതിരോധനടപടികള്‍ക്കുമാണ് ഷീ ക്യാന്‍ മുന്‍ഗണന നല്‍കുന്നതെന്നും ക്യാമ്പയിന്‍ സമൂഹത്തിലുണ്ടാക്കുന്ന കൃത്യമായ ഇടപെടലുകളിലൂടെ അനേകായിരം ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നും ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ എന്‍ജിനീയര്‍ അഹമ്മദ് മൂപ്പന്‍ പറഞ്ഞു
സ്ഥിരമായി മാമ്മോഗ്രാം പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം എല്ലാ സ്ത്രീകളും മനസ്സിലാക്കണമെന്ന് . മിക്ക സ്ത്രീകളും സ്വയം പരിശോധന നടത്താന്‍ പോലും തയാറാകുന്നില്ലെന്നും അടുത്തിടെ നടന്ന പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് സ്തനാര്‍ബുദ ലക്ഷണങ്ങള്‍ ഉണ്ടായിട്ട് പോലും രണ്ടിലൊന്ന് സ്ത്രീകള്‍ മാത്രമേ സ്വയം പരിശോധന നടത്തുന്നുള്ളു എന്നാണെന്നും സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം തലവന്‍ വി.പി. സലീം പറഞ്ഞു. കാന്‍സര്‍ ബോധവത്കരണത്തിന്റെ ആവശ്യകത മുന്നില്‍ കണ്ട് നിരവധി പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായകരമാകുന്ന പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുക്മാന്‍ പൊന്‍മാടത്ത് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ എന്‍ജിനീയര്‍ അഹമ്മദ് മൂപ്പന്‍ അധ്യക്ഷത വഹിച്ചു. ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആമിന ബീവി, ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് മലബാര്‍ ലീഡ് മുഹമ്മദ് ഹസീം, മൈല്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ ഹസ്‌കര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷന്‍: കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ ഷീ ക്യാന്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചപ്പോള്‍.