താര കണ്ണോത്ത്
റമദാന് ഒരു സൗന്ദര്യമുണ്ട്…. പകല്‍വെട്ടം മാഞ്ഞ്, സൂര്യന്‍ അസ്തമിച്ച് ഇരുള്‍ പരക്കുന്നതിനു മുന്‍പ് വെളിച്ചവുമായി ഒരു കുഞ്ഞ് അമ്പിളിക്കീറിന്റെ വരവോടെ പിറക്കുന്ന മാസം…. വിശ്വാസികളുടെ മനസ്സില്‍ ആയിരം നിലാവ് പൂത്തുലയുന്ന സന്തോഷം. ഖുര്‍ആന്‍ എന്ന ദിവ്യ ഗ്രന്ഥം ലോക ജനതക്ക് അവതീര്‍ണമായതിന്റെ ഓര്‍മനാളുകള്‍…. ഉത്സാഹത്തോടെ കുഞ്ഞു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ തങ്ങളുടെ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുന്ന വിശുദ്ധ ദിനരാത്രങ്ങള്‍.. ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയും ആണ് കണ്ണൂരിലെ ആനട്ക്കില്‍ കുഞ്ഞു ജോറയും റമദാനിനെ വരവേറ്റത്…
ഒരു കഥ പറയുന്നതുപോലെ ആനട്ക്കില്‍ നിന്ന് കാലങ്ങള്‍ക്കും കാതങ്ങള്‍ക്കുമിപ്പുറം കോഴിക്കോട് നഗരത്തിലെ വീട്ടിലിരുന്ന് സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ വി. പി സുഹറ നോമ്പു കാലങ്ങള്‍ ഓര്‍ത്തെടുത്തു. ആനട്ക്കില്‍ ഉമ്മയുടെയും ഉമ്മാമയുടെയും ജോറയായിരുന്ന കാലത്തെ നോമ്പോര്‍മ്മകള്‍ ആണ് ഏറ്റവും ആദ്യം..
ബറാത്ത് നാളില്‍ സുന്നത്ത് നോമ്പ് പിടിക്കും.. ഉമ്മാമ പറയും ബറാത്ത് നാള്‍ അല്ലാഹുവിന്റെ കണക്കെടുപ്പ് ദിനം ആണെന്ന്. വാര്‍ഷിക കണക്കെടുപ്പ്. അന്ന് ചക്കരച്ചോറ് വെക്കും. ഗോതമ്പ് നനച്ച് കുത്തിവെളുപ്പിച്ച് തേങ്ങാപ്പാലും ചക്കരയും ചേര്‍ത്തുണ്ടാക്കുന്ന ചക്കരച്ചോറ്.. ദ്വീപ് ചക്കരയാണ് അതിനുപയോഗിക്കാറ്. കടലപ്പരിപ്പും ഏലക്കായയും ചേര്‍ക്കും. വലിയ ചെമ്പില്‍ ചക്കരചോറ് വെക്കുമ്പോള്‍ കുഞ്ഞു കുട്ടികളടക്കം വീട്ടിലുള്ള എല്ലാവരെക്കൊണ്ടും ആ പാത്രത്തില്‍ ഗോതമ്പു മണികള്‍ ഇടീക്കും. അടുത്ത കൊല്ലം വരെ വീട്ടിലുള്ള എല്ലാവരുടെയും ആയുസ്സ് കുറയാതിരിക്കാന്‍. ചക്കരചോറ് പഴകിയാല്‍ നല്ല സ്വാദാണ്. അതിനായി ബറാത്ത് കാലത്ത് കടകളില്‍ മണ്‍ചട്ടികള്‍ നിറയും. പുത്തന്‍ ചട്ടികളില്‍ ചക്കരച്ചോറ് നിറച്ചുവെക്കും-അടുത്ത ദിവസങ്ങളിലേയ്ക്ക്. പിന്നെ യാസീന്‍ ഓതലും ദിഖ്‌റും ദു ആയും ഒക്കെയുണ്ടാവും. ബറാത്ത് പാടി കുട്ടികള്‍ വരും.’ബറാത്തോ ബര്‍ക്കത്തോ തങ്ങളപള്ളിക്ക് സുന്നത്തോ ‘. ഇപ്പോഴുമുണ്ട് സുഹറയുടെ ഉള്ളില്‍ കുഞ്ഞു ജോറയുടെ കാരയ്ക്ക മധുരമുള്ള നോമ്പിന്റെ ആരവങ്ങള്‍..
ബറാത്ത് കഴിഞ്ഞ് അധികം വൈകാതെ നോമ്പ് വരും. കണ്ണൂര്‍ ജില്ലയിലെ ഗ്രാമാന്തരീക്ഷം നിറഞ്ഞ നഗരപ്രദേശമായ ആനട്ക്കില്‍ ഒരാഴ്ച മുന്‍പേ തുടങ്ങും നോമ്പിന്റെ ഒരുക്കങ്ങള്‍. മുളക്, മല്ലി തുടങ്ങിയവ വെയിലത്ത് ഉണക്കാനിട്ട വീട്ടുമുറ്റങ്ങള്‍. പലതരം അച്ചാറുകള്‍ ഉണ്ടാക്കുന്ന മണം..ദ്വീപുകാരുടെ മാസ് എന്ന ഒരു വിഭവം ഉണ്ട്.. മത്സ്യം ഉണക്കി ഉണ്ടാക്കുന്ന മാസ് ചമ്മന്തിയിലും പത്തിരിക്കുമൊക്കെ പ്രത്യേക സ്വാദ് തരും. അരി, ഗോതമ്പ് ഒക്കെ പൊടിക്കാനുള്ള തിരക്കുകള്‍.. ടൈല്‍സും മൊസൈക്കും വ്യാപകമാകാത്ത കാലത്ത് സിമെന്റ് തറകള്‍ മാത്രമുള്ള വീടുകള്‍ കഴുകി വൃത്തിയാക്കുന്ന ബഹളം.. അങ്ങനെ ആകപ്പാടെ ഒരു കല്യാണവീടിന്റെ ഒരുക്കങ്ങളാകും അന്നത്തെ കൂട്ടുകുടുംബങ്ങളില്‍ നോമ്പിന് കാണാന്‍ കഴിയുക… ഇന്നിപ്പോ കൂട്ടുകുടുംബങ്ങള്‍ ഇല്ലാതായി.. പൊടികളൊക്കെയും ഓണ്‍ലൈനില്‍ കിട്ടാന്‍ തുടങ്ങി. വീട്ടകങ്ങളില്‍ ടൈല്‍സ് ആയി..
നോമ്പ് തുടങ്ങുന്നതിനു മുമ്പ് മാസം കാണല്‍ എന്ന പരിപാടിയുണ്ട്. ആനട്ക്കിലെ റെയില്‍പ്പാളത്തിന് അപ്പുറവും ഇപ്പുറവുമുള്ള കുന്നിന്‍ മുകളിലേയ്ക്ക് കുട്ടികളും ആണുങ്ങളുമൊക്കെ ചേര്‍ന്നൊരു പോക്കുണ്ട്.. റമദാന്റെ വരവറിയിച്ച് മാനത്ത് ചന്ദ്രക്കല കീറിവരുന്നതും കാത്തൊരു നില്‍പ്പാണ്. നേരിയ ഒരു വര പോലെ കാണുന്ന അമ്പിളിക്കല ഒരിയ്ക്കലും കണ്ടതായി ഓര്‍ക്കുന്നില്ലെങ്കിലും പാതിരായ്‌ക്കൊക്കെ മാസം കണ്ടതായി പ്രഖ്യാപനം വരും.. മഗ്രിബ് സമയത്ത് മാസം കണ്ടാല്‍ ‘മാസം കണ്ടോയി ‘എന്ന് പറഞ്ഞു കുട്ടികള്‍ ഓടിവരും. പള്ളികളില്‍ തക്ബീര്‍ ധ്വനികള്‍. ആണുങ്ങള്‍ തറാവീഹ് നമസ്‌കാരത്തിന് തയ്യാറെടുക്കും. മാസപ്പിറവി കണ്ടാല്‍ അപ്പോള്‍ തന്നെ നിയ്യത്ത് വെക്കും. ഉമ്മാമ വീട്ടിലുള്ള കുട്ടികളെയൊക്കെ വിളിച്ചിരുത്തി നിയ്യത്ത് ചൊല്ലിത്തരും.
അത്താഴപ്പാട്ട് പാടാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നൊക്കെ ആളുകള്‍ നേരത്തെ എത്തിയിട്ടുണ്ടാകും.
മാഹേ റംസാന്‍, മാഹേ റംസാന്‍, മാഹേ റംസാന്‍… ഉടോ സേ മുസല്‍മാന്‍
ഈണത്തില്‍ ദഫ് മുട്ടിയുള്ള ഈ പാട്ടു കേട്ട് എല്ലാവരും ഉണരും. പുലര്‍ച്ചെ അത്താഴം കഴിഞ്ഞ് രാവിലെയായാല്‍ ഖുര്‍ആന്‍ പാരായണവും ഒക്കെയാവും..സുബ്ഹി നിസ്‌കാരത്തിനു ശേഷം എല്ലാവരും ഉറങ്ങും.. നോമ്പു കാലത്ത് പകല്‍ രാത്രി പോലെയും രാത്രി പകല്‍ പോലെയുമാണ്. സ്‌കൂള്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ എല്ലാവരും ഓടിക്കളിക്കും.. വൈകുന്നേരം ആകുമ്പോഴേക്കും പത്തു വയസുള്ള ജോറ തളര്‍ന്നു പോകും. ഉമ്മ ഒരു തട്ടം നനച്ച് സിമെന്റ് തറയിലിട്ട് അതില്‍ കിടത്തും -നോമ്പ് പൂര്‍ത്തിയാക്കാന്‍…
നോമ്പ് കാലത്ത് ഉച്ച കഴിഞ്ഞ് കുട്ടികളെല്ലാം കുന്നിന്‍ ചെരിവിലെ കുഞ്ഞു മതിലില്‍ ചെന്നിരിക്കും. പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ ചെറിയ കൂടകളില്‍ പരിപ്പുവടയും അടയും വില്‍ക്കാന്‍ കൊണ്ടുവരും. നോമ്പില്ലാത്ത കുട്ടികള്‍ക്ക് ഉമ്മമാര്‍ അത് വാങ്ങിച്ചു കൊടുക്കും. നോമ്പു തുറ വിഭവമായും ചിലപ്പോള്‍ വാങ്ങും. അന്നൊക്കെ പ്രധാന നോമ്പു തുറ വിഭവം കോഴിയടയാണ്. വൈകുന്നേരം ആകുമ്പോള്‍ എല്ലാവരും ഒരുമിച്ചിരുന്ന് കോഴിയട പരത്തി ഡിസൈന്‍ ഉണ്ടാക്കുന്ന തിരക്കിലാവും.
ബാങ്ക് കൊടുക്കുന്ന നേരമായാല്‍ ഒരു വലിയ കതിനാ വെടി പൊട്ടിക്കും. അന്ന് ദൂരെ ദൂരെയാണ് പള്ളികള്‍. ബാങ്ക് വിളി ദൂരെ വീടുകളില്‍ ഉള്ളവര്‍ കേട്ടുകൊള്ളണമെന്നില്ല. അവര്‍ക്ക് നോമ്പു തുറ സമയം അറിയാനാണ് കതിന പൊട്ടിക്കുന്നത്.. ആ കാഴ്ച കാണാന്‍ വേണ്ടി കുട്ടികള്‍ എല്ലാവരും അടുത്തുകൂടി നില്‍ക്കും.. കതിനാ വെടി പൊട്ടിക്കഴിഞ്ഞാല്‍ കുട്ടികളെല്ലാം ബാങ്കോട്ത്ത് പോയി എന്നു പറഞ്ഞ് വീടുകളിലേയ്‌ക്കോടും. വിഭവസമൃദ്ധമായ പലഹാരങ്ങള്‍ കഴിക്കാന്‍. പലതരം വെള്ളങ്ങള്‍. നാരങ്ങ വെള്ളം, തരിക്കഞ്ഞി, നന്നാറി സര്‍ബത്ത്, ചായ, കാരയ്ക്ക നിര്‍ബന്ധമാണ്.പ്രവാചകന്‍ നോമ്പു തുറന്നത് കാരയ്ക്ക കൊണ്ടാണെന്നാണ് വിശ്വാസം. ഇപ്പോള്‍ അടുത്തടുത്ത് പള്ളികള്‍ വന്നു.. കതിനാ വെടിയും നിന്നുപോയി.
കല്യാണം കഴിച്ചയച്ച പെണ്‍കുട്ടികളുടെ വീട്ടിലേയ്ക്ക് കൊടുത്തയയ്ക്കുന്ന നോമ്പു തുറയാണ് അന്യം നിന്നു പോയ മറ്റൊരു കാഴ്ച.. വലിയ തളികയില്‍ എല്ലാ വിഭവങ്ങളും ഒതുക്കി വെച്ച് തുണി കൊണ്ട് കെട്ടി തലയില്‍വെച്ചു വീട്ടില്‍ കൊണ്ടു കൊടുക്കും. ഇന്ന് വീടുകളില്‍ ക്ഷണിച്ചു നോമ്പു തുറ ആഘോഷിക്കും.
കോഴിക്കോട് കല്യാണം കഴിച്ചു കൊണ്ടു വന്നപ്പോള്‍ അവിടെ നനച്ചു കുളി എന്നത് ഒരു പുതുമയായി തോന്നി.. വീട് മൊത്തമായി കഴുകി, പായ മുതല്‍ പാത്രങ്ങളും കുപ്പികളും തുടങ്ങി എല്ലാ സാധനങ്ങളും പുറത്തെത്തിച്ചു കഴുകിയിടും. ചിലയിടങ്ങളില്‍ വലിയ വീടുകളിലൊക്കെ ആളുകളെ വെക്കും. നല്ല ഒരു ശീലമായതിനാല്‍ പിന്നീട് അത് ജീവിതത്തിന്റെ ശീലമായി മാറി..
കോഴിക്കോടും കണ്ണുരുമായി ഭക്ഷണത്തില്‍ വലിയ വ്യത്യാസം തോന്നിയിട്ടുണ്ട്. കോഴിക്കോട്ടെ ഉന്നക്കായ കണ്ണൂരിന്റെ കായട ആണ്. കണ്ണൂരില്‍ കായട മുട്ട നെയ്യും അണ്ടിപ്പരിപ്പും പഞ്ചസാരയും ചേര്‍ത്ത് മൂപ്പിച്ച് പഴത്തില്‍ അട പോലെ വെച്ചുണ്ടാക്കും.. ഉന്നക്കായയില്‍ മുട്ടയ്ക്ക് പകരം തേങ്ങയാണ് ഉപയോഗിക്കുക. പത്തിരിയിലുമുണ്ട് പ്രാദേശിക വ്യത്യാസം. കോഴിക്കോട്ടെ നൈസ് പത്തിരി കണ്ണൂരില്‍ അരി കുതിര്‍ത്ത് അരച്ച് വാഴയിലയില്‍ പരത്തി അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് ചുട്ടെടുക്കുന്ന ഓറോട്ടിയാണ്. അരിപ്പത്തിരിയും ഇറച്ചിക്കറിയും വറുത്തരച്ച മീന്‍ കറിയുമൊക്കെയായി വലിയ നോമ്പുതുറ.
കല്യാണം കഴിച്ചത് ബട്കലീസ് (കര്‍ണാടക )കുടുംബത്തിലാണ്. അവര്‍ക്ക് അത്താഴച്ചോറിന് പകരം ചപ്പാത്തിയോ, ബിരിയാണിയോ, നെയ്ച്ചോറോ ഒക്കെയാവും. സേമിയ കൊണ്ടുള്ള വിഭവങ്ങളും മസാല പുട്ട് തുടങ്ങിയ അവരുടെ വിഭവങ്ങളും മറ്റൊരു രുചിയില്‍. അത്താഴചോറ് വെക്കാന്‍ ജോലിക്ക് പ്രത്യേക സ്ത്രീകള്‍ ഉണ്ടാകും. നോമ്പിന്റെ ജോലിക്ക് വരുന്നവര്‍ക്ക് പുതിയതും പഴയതുമായ കുറേ വസ്ത്രങ്ങളും കൈ നിറയെ പണവും കുടുംബാംഗങ്ങളെല്ലാം സക്കാത്തിന്റെ പണവും ഫിത്ര്‍ സക്കാത്തിന്റെ അരിയുമെല്ലാം നല്‍കും. അത്താഴചോറ് വെക്കാന്‍ വരുന്ന സ്ത്രീകള്‍ മക്കളുടെ മംഗലം കഴിച്ച കടങ്ങളും വീടു പണി പൂര്‍ത്തിയാക്കലുമൊക്കെ ചെയ്യുന്നത് നോമ്പ് കഴിഞ്ഞാണ്. പുരുഷന്മാര്‍ക്കും കച്ചവടക്കാര്‍ക്കുമൊക്കെ നല്ല കാലമാണ് നോമ്പ്. പെരുന്നാള്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ വള വില്‍ക്കാന്‍ പെണ്ണുങ്ങള്‍ വരും. വള ചെട്ടിച്ചി മാതയുടെ വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.
റമദാന്‍ നിലാവിനോളം വിശുദ്ധമായ പുഞ്ചിരി തൂകി മനസ്സില്‍ നില്‍ക്കുന്നത് ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ മക്കത്തു പോയ നോമ്പോര്‍മയാണ്. ഒരു ഹജ്ജ് പെരുന്നാള്‍ രാത്രിയാണ് ജോലി തേടി സൗദിയിലെത്തുന്നത്. പിറ്റേക്കൊല്ലം നോമ്പ് അവിടെയായിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് വന്നവരുടെ കാര്യങ്ങള്‍ നോക്കുന്ന ബാവ എന്നയാള്‍ക്ക് നോമ്പെന്നാല്‍ ഭയങ്കര ആഘോഷമാണ്. അന്നത്തെ നോമ്പെന്നാല്‍ പട്ടിണിയുടേതല്ല, ഭക്തിയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റേതുമാണ്. ഉംറയ്ക്ക് ആളുകള്‍ പോകുന്ന കൂട്ടത്തില്‍ ബാവ അനുവദിച്ചാണ് ഉംറയ്ക്ക് പോയത്. അതൊരു നോമ്പ് പതിനാറായിരുന്നു. എല്ലാ നോമ്പ് പതിനേഴാം രാവിലും മക്കത്തെ ആ നോമ്പ് കാരയ്ക്ക മധുരവുമായി ഓടിയെത്തും. പതിനേഴാം രാവിന് ഒരു പ്രത്യേകതയുണ്ട്. ബദ്ര്‍ യുദ്ധത്തില്‍ ഷഹീദ് ആയവരെ സ്മരിക്കുന്ന ദിവസം. അന്ന് മക്കാ പള്ളിയില്‍ ഖുര്‍ആന്‍ വായിച്ചുകൊണ്ട് പ്രാര്‍ത്ഥനയോടെ ഇരുന്നു.
ബാങ്ക് വിളിക്കാറായപ്പോള്‍ പള്ളിക്ക് നടുവിലുള്ള തളത്തില്‍ പ്രത്യേകം പായ വിരിച്ച് ഭംഗിയാക്കിയ സ്ഥലത്ത് ചുറ്റും വെള്ളപ്പാത്രങ്ങളും കാരയ്ക്കയുടെ പാക്കറ്റുകളും നിറഞ്ഞു. സ്ത്രീ പുരുഷഭേദമെന്യേ എല്ലാവരും പ്രാര്‍ത്ഥനയോടെ ഇരുന്നു ബാങ്ക് വിളിയോടെ നോമ്പു തുറക്കാനുള്ള തുടക്കമായി. കാരയ്ക്കയുടെ പാക്കറ്റുകള്‍ ആളുകളുടെ ഇടയിലേയ്ക്ക് എറിഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ക അബാ ത്വവാഫിനിടയില്‍ പ്രവാചകന്‍ ഉപയോഗിച്ച മുറിയും പാത്രങ്ങളും കണ്ടു. മലയില്‍ ഒറ്റപ്പെട്ടു പോയ ഇബ്രാഹിം നബിയുടെ ഭാര്യ ഹാജിറ ബീവി പ്രസവിച്ച മകനു ദാഹജലത്തിനു വേണ്ടി ഓടിയ ആ വലിയ മല ചുറ്റും ഓടി. നോമ്പ് പിടിച്ചുള്ള ആ ഓട്ടത്തിലും ക അബാ ത്വവാഫ് ചെയ്യുന്നതിനോ യാത്രയിലോ തെല്ലുപോലും തളര്‍ന്നില്ല. മക്കത്തെ പള്ളിയിലിരുന്ന് ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഒരു മുത്തവ്വ വന്ന് ഖുര്‍ആന്റെ വലിയ ഒരു ഇംഗ്ലീഷ് തര്‍ജ്ജമ സൗജന്യമായി തന്നത് ഇപ്പോഴും കൂടെ സൂക്ഷിക്കുന്നു. സൗദിയിലെ ഹോസ്റ്റലില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ഇമാം ബാവയായിരുന്നു. ആ വര്‍ഷം പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ ബാവ മരണപ്പെട്ടത് ഇന്നും ഒരു നോവായി അവശേഷിക്കുന്നു.
നോമ്പെന്നത് വെറും ഭക്തിപൂര്‍വമുള്ള പട്ടിണി കിടക്കല്‍ മാത്രമല്ല, ധര്‍മത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ്. നമ്മുടെ കൈയില്‍ എല്ലാ ചെലവുകളും കഴിച്ചുള്ള നൂറ് രൂപയില്‍ നിന്ന് രണ്ട് രൂപ പാവപ്പെട്ടവന് ദാനമായി കൊടുക്കണം. സമൂഹത്തില്‍ ദരിദ്രര്‍ ഉണ്ടാകാന്‍ പാടില്ല. അതെല്ലാക്കാലത്തും അങ്ങനെ ആവണം എങ്കിലും നോമ്പു കാലത്ത് സക്കാത്തിലൂടെയും ഫിത്ര്‍ സക്കാത്തിലൂടെയും ഒരുപാട് നാളുകള്‍ പട്ടിണി കൂടാതെ കഴിയുന്ന പാവങ്ങള്‍ ഉണ്ട്. ഇസ്ലാമിലെ ഏറ്റവും വലിയ നന്മയാണത്. ഭക്തി മാത്രമല്ലാതെ ദാനധര്‍മവും ഐക്യവും നിറഞ്ഞു നില്‍ക്കുന്ന നോമ്പു കാലം. ജാതിമതഭേദമന്യേ സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും കാലം. പ്രവാചകന്റെ കാലം തൊട്ടു തന്നെ നിലനില്‍ക്കുന്ന നന്മകള്‍ നമ്മളിലൂടെ ഊട്ടിയുറപ്പിക്കുന്നു. അമ്പിളിക്കീറിന്റെ വെളിച്ചവുമായി പിറക്കുന്ന മറ്റ് അറബിമാസങ്ങളില്‍ നിന്ന് റമദാന്‍ നിലാവിനെ കൂടുതല്‍ സുന്ദരമാക്കുന്നതും മനുഷ്യമനസ്സുകളില്‍ ഒന്നായി തെളിയുന്ന ഈ നന്മകളുടെ വെളിച്ചമാണ്…