ദുബൈ: ഗള്‍ഫ് മേഖലയില്‍ മാസപ്പിറവി ഇന്ന് ദൃശ്യമാവാന്‍ സാധ്യതയില്ലെന്ന് 25 ജ്യോതിശാസ്ത്ര വിദഗ്ധര്‍ അടങ്ങുന്ന സംഘം അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 21ന് ആവാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ശാസ്ത്രീയമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ മാസപ്പിറവി ദൃശ്യമാവാനുള്ള സാധ്യത പരിശോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമി സെന്റര്‍ അറിയിച്ചു.
അതേസമയം പെരുന്നാള്‍ ദിനം കൃത്യമായി നിര്‍ണയിക്കുന്നതിന് ഈ അഭിപ്രായം കണക്കിലെടുക്കേണ്ടതില്ലെന്നും അത് മറ്റ് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസപ്പിറവി ദൃശ്യമാവുന്നില്ലെങ്കില്‍ റമദാനിലെ 30 നോമ്പുകളും പൂര്‍ത്തിയാക്കി ശനിയാഴ്ച ആയിരിക്കും ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.