കോഴിക്കോട്: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പലപ്പോഴും മാനസിക രോഗം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മനസില്‍ ഭയമാണ് ഉളവാകുന്നത്. മാനസിക രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകളും അജ്ഞതയുമാണ് ഇതിന് പിന്നില്‍. ഈ ധാരണകള്‍ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാനസിക രോഗങ്ങളെ പൊതുവില്‍ രണ്ടായി തരം തിരിക്കാം. ലഘു മാനസിക രോഗങ്ങള്‍ (ന്യൂറോട്ടിക് ഡിസോഡേഴ്‌സ്) എന്നും ഗൗരവമേറിയ മാനസിക രോഗങ്ങള്‍ (സൈക്കോട്ടിക് ഡിസോഡേഴ്‌സ്) എന്നിങ്ങനെ. ഇതില്‍ ലഘു മാനസിക രോഗങ്ങള്‍ എന്ന ഗണത്തില്‍ പെടുന്നവ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്നവയും ഗൗരവമേറിയ മാനസിക രോഗങ്ങള്‍ നേരത്തേ കണ്ടെത്തി കൃത്യമായി ചികിത്സിച്ചാല്‍ മിക്ക ശാരീരിക രോഗങ്ങളെയും പോലെ തന്നെ നിയന്ത്രിച്ചു നിര്‍ത്താവുന്നവയുമാണ്. രോഗ ബാധിതനായ വ്യക്തിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള വിദഗ്ദ്ധ ചികിത്സാ മാര്‍ഗങ്ങളും പരിശീലനങ്ങളും ഇന്ന് പല സര്‍ക്കാര്‍-സര്‍ക്കാരിതര മേഖലകളിലും ലഭ്യമാണ്.
മലബാര്‍ മേഖലയില്‍ ഇത്തരം സേവനങ്ങള്‍ തികച്ചും സൗജന്യമായി നല്‍കുന്ന കേരള സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഇംഹാന്‍സ്. മാനസികാരോഗ്യ രംഗത്ത് വൈദഗ്ധ്യം സിദ്ധിച്ച, വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള ഒരു സംഘം ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്‌സ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപേഷനല്‍ തെറാപ്പിസ്റ്റ് സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സ് എന്നിവര്‍ ചേര്‍ന്ന മള്‍ട്ടി ഡിസിപ്ലിനറി ടീം ആണ് ഇവിടത്തെ പ്രത്യേകത. ഓരോ രോഗിയേയും വിശദമായി കണ്ട ശേഷമാണ് ചികിത്സാ പദ്ധതികള്‍ തീരുമാനിക്കുക.
റിക്കവറി ഫെസിലിറ്റെഷന്‍ പ്രോജക്ട്
മാനസിക രോഗങ്ങളില്‍ നിന്ന് മുക്തി നേടിയവരുടെ പുനരധിവാസമാണ് ഇംഹാന്‍സിന്റെ എടുത്തു പറയേണ്ട മറ്റൊരു സേവനം. റിക്കവറി ഫെസിലിറ്റെഷന്‍ പ്രോജക്ട്. (RFU) എന്ന വിഭാഗത്തിലൂടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് എല്ലാ ദിവസവും തൊഴിലധിഷ്ഠിത പരിശീലനം, ഗ്രൂപ്പ് തെറാപ്പി, സമൂഹിക ഇടപെടലുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സോഷ്യല്‍ സ്‌കില്‍സ് ട്രെയിനിങ് എന്നിവയും ദിവസേനയുള്ള യാത്രാകൂലിയും, ഭക്ഷണവും, മരുന്നിന്റെ ചിലവും ഇവിടെ നിന്ന് ലഭിക്കുന്നു. നിലവില്‍ പുറത്ത് നിന്ന് ചികിത്സ നേടുന്നവര്‍ക്കും അത് മുടക്കാതെ തന്നെ ഈ സേവനങ്ങള്‍ സ്വീകരിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 235 9352, 9400061164. Institute of Mental Health and Neuroscience. Near Medical College, Kozhikode. 673008.

