രഥോത്സവത്തിന് അഭൂതപൂര്‍വമായ ഭക്തജനപ്രവാഹം

രഥോത്സവത്തിന് അഭൂതപൂര്‍വമായ ഭക്തജനപ്രവാഹം

മാഹി: ആയിരക്കണക്കായ ഭക്തമാനസങ്ങളെ ആത്മീയാനുഭൂതിയില്‍ ആറാടിച്ച് മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രഥോത്സവം നഗരത്തിലെ വീഥികളെ മഥുരാപുരിയാക്കി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റേയും അസംഖ്യം അമ്പലക്കൊടികളുടേയും മുത്തുക്കുടകളുടേയും താലപ്പൊലിയേന്തിയ ബാലികാ ബാലകന്മാരുടെയും അകമ്പടിയോടെ അലംകൃതമായ ശ്രീകൃഷ്ണ രഥത്തിന്റെ ചക്രങ്ങള്‍ നഗരത്തെ വലംവച്ചപ്പോള്‍ നഗരവീഥികളുടെ ഇരുവശങ്ങളിലും തടിച്ചുകൂടിയ ജനക്കൂട്ടം ആരതികളര്‍പ്പിച്ചു. ശ്രീകൃഷ്ണ ഗീതകള്‍ ആത്മഹര്‍ഷങ്ങളുടെ രാഗമാലികകള്‍ തീര്‍ത്തപ്പോള്‍ ആകാശത്ത് അമിട്ടുകള്‍ വര്‍ണക്കുടകള്‍ വിരിയിച്ചു. ഏകാദശിമഹോത്സവത്തിന് നാളെ കൊടിയിറങ്ങും. വിശേഷാല്‍പൂജാദികര്‍മ്മങ്ങള്‍ക്കൊപ്പം ക്ഷേത്ര കലകളും സംഗീത – നൃത്ത-നാടക പരിപാടികളും രാപകലുകളെ മഹോത്സവമാക്കി മാറ്റിയ ദശദിന മഹോത്സവത്തിന് ഇതിനകം ലക്ഷങ്ങളാണ് വന്നെത്തിയത്. എല്ലാ ദിവസവും നടക്കുന്ന സമൂഹസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകീട്ട് തായമ്പകയും 7 മണിക്ക് ചേന്ദമംഗലം ശങ്കരന്‍ നമ്പൂതിരിയുടെ തിടമ്പ് നൃത്തവും നടക്കും. ശീവേലി എഴുന്നള്ളത്തിന് ശേഷം പള്ളിവേട്ട നടക്കും
നാളെ കാലത്ത് 5.30ന് നിര്‍മ്മാല്യ ദര്‍ശനവും എണ്ണ അഭിഷേകവും വാകച്ചാര്‍ത്തും ഉണ്ടാകും. കാലത്ത് എട്ട് മണിക്ക് ആറാട്ടിനെഴുന്നള്ളിക്കലിന് ശേഷം കൊടിയിറക്കല്‍ ചടങ്ങ് നടക്കും. ഉച്ചക്ക് 12 മണിക്ക് ഭക്തിഗാനസുധയും തുടര്‍ന്ന് ആറാട്ട് സദ്യയുമുണ്ടാകും.

Share

Leave a Reply

Your email address will not be published. Required fields are marked *