‘അതിസമ്പന്നര്‍ക്ക് അധിക നികുതി ചുമത്തിയാല്‍ അസമത്വം ലഘൂകരിക്കാം’

‘അതിസമ്പന്നര്‍ക്ക് അധിക നികുതി ചുമത്തിയാല്‍ അസമത്വം ലഘൂകരിക്കാം’

ടി. ഷാഹുല്‍ ഹമീദ്

വ്യത്യസ്തങ്ങളായിട്ടുള്ള പ്രശ്‌നങ്ങളാല്‍ ഉഴലുകയാണ് ലോകം. ദശലക്ഷക്കണക്കിനാളുകള്‍ക്ക് വിശപ്പ് സഹിക്കേണ്ടി വരുന്നു , അടുപ്പ് പുകയാന്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യം ലോകത്ത് വിവിധ ഭാഗങ്ങളില്‍ നിലവിലുണ്ട് റഷ്യ-ഉക്രൈന്‍ യുദ്ധം പല രാജ്യങ്ങളിലും കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത് ലോകത്ത് ദാരിദ്ര്യം 25 വര്‍ഷത്തിനിടയില്‍ ആദ്യമായി 2022ല്‍ ഉയര്‍ന്നു, പക്ഷേ ഇതിനിടയിലും ലോകത്ത് വിജയശ്രീലാളിതരായവര്‍ ഉണ്ട്. അതിസമ്പന്നരും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളും വലിയ രീതിയില്‍ വരുമാനം ഉണ്ടാക്കുന്നുവെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സ്വതന്ത്ര സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം (ഓക്‌സ്‌ഫെഡ് കമ്മിറ്റി ഫോര്‍ ഫാമിന്‍ റിലീഫ് )അവതരിപ്പിച്ച അസമത്വം സംബന്ധിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഓക്‌സ്ഫാമിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും വലിയ പ്രശ്‌നം അസമത്വമാണ്. ലോകത്തെ 1% വരുന്ന അതികോടീശ്വരന്മാര്‍ ആകെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടും കയ്യടക്കി വച്ചിരിക്കുകയാണ്. ലോകം കടുത്ത പ്രയാസത്തില്‍ സഞ്ചരിച്ച കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 99% താഴെ കിടയിലുള്ളവരുടെ വരുമാനത്തേക്കാള്‍ രണ്ടിരട്ടി വര്‍ദ്ധനവാണ് ഒരു ശതമാനം വരുന്ന ശതകോടീശ്വരന്‍മാര്‍ക്ക് ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനം , വരള്‍ച്ച, ചുഴലിക്കാറ്റ് , വെള്ളപ്പൊക്കം, നിര്‍ബന്ധിത പലായനം , യുദ്ധം , കൊവിഡിന്റെ പുതിയ തരംഗ പ്രവേശനം എല്ലാംകൊണ്ടും ലോകം പ്രശ്‌നത്തിലായപ്പോഴും ലോകത്തെ ശതകോടീശ്വരന്മാര്‍ അവരുടെ വരുമാനം ക്രമാതീതമായി വര്‍ധിപ്പിച്ചു കൊണ്ടിരിന്നു. 1.7 ബില്യണ്‍ തൊഴിലാളികള്‍ക്ക് പണപ്പെരുപ്പം കാരണം വലിയ രീതിയില്‍ വരുമാനം കുറഞ്ഞ ഘട്ടത്തിലാണ് ശതകോടീശ്വരന്മാരുടെ വരുമാനം പല മടങ്ങ് വര്‍ധിക്കുന്നത്.

ഭക്ഷണ മേഖലയിലും ഊര്‍ജ്ജ മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ 2022ല്‍ അവരുടെ വരുമാനം ഇരട്ടിപ്പിച്ച് 257 ബില്യണ്‍ യു.എസ് ഡോളര്‍ ഓഹരി ഉടമകള്‍ക്ക് വരുമാനം നല്‍കിയപ്പോള്‍ , 800 ദശലക്ഷം ജനങ്ങള്‍ പുതുതായി അതിദാരിദ്ര്യത്തിലേക്ക് വഴുതിവീണു. ലോകത്തെ പകുതി ശതകോടീശ്വരന്മാരും ജീവിക്കുന്നത് വലിയ നികുതി ചുമത്താത്ത പിന്തുടര്‍ച്ചാവകാശ സ്വത്തുകള്‍ക്ക് നികുതിയില്ലാത്ത രാജ്യങ്ങളിലാണ്. ലോകത്തെ ശതകോടീശ്വരന്മാര്‍ ഉണ്ടാക്കുന്ന ഒരു വര്‍ഷത്തെ ആകെ വരുമാനമായ 1.7 ട്രില്യന്‍ യു.എസ് ഡോളറിന്റെ 5% മാത്രം മതി ലോകത്തെ 200 കോടി ജനങ്ങളെ പട്ടിണിയില്‍ നിന്നും രക്ഷപ്പെടുത്താന്‍. ലോകരാജ്യങ്ങള്‍ 2030നകം ദാരിദ്ര്യം ഇല്ലാതാക്കും എന്ന് പ്രതിജ്ഞ എടുത്തെങ്കിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള അസമത്വത്തിന്റെ അന്തരം കാരണം വര്‍ഷങ്ങളുടെ കാത്തിരിപ്പ് ഇനിയും ദാരിദ്ര്യം തുടച്ചുനീക്കാന്‍ വേണ്ടിവരും എന്ന് സൂചിപ്പിക്കുന്നു. ലോകത്തെ തൊഴിലെടുക്കുന്നവര്‍ വിവിധ രാജ്യങ്ങളില്‍ പണപെരുപ്പം കാരണം പൊറുതിമുട്ടുകയാണ്. ഭരണാധികാരികള്‍ക്ക് സാമ്പത്തിക മാന്ദ്യം കാരണം പിടിച്ച് നില്‍ക്കാന്‍ കഴിയുന്നില്ല എന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ന്യൂസിലന്‍ഡിലെ ജസിന്‍ഡാ ആര്‍ഡേണിന്റെ രാജി വ്യക്തമാക്കുന്നത്. യു.എന്‍.ഡി.പിയുടെ കണക്ക് പ്രകാരം ലോകത്ത് 10 രാജ്യങ്ങളില്‍ മനുഷ്യ വിഭവശേഷി വികസനം അനുദിനം കുറഞ്ഞുവരുന്നു. ഐ.എം.എഫിന്റെ കണക്ക് പ്രകാരം ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നടന്നുനീങ്ങുകയാണ്. ദരിദ്ര രാജ്യങ്ങള്‍ മുമ്പ് വാങ്ങിയ കടം വീട്ടുന്നതിന് വാങ്ങിയ തുകയുടെ നാലു മടങ്ങ് തിരിച്ചടയ്‌ക്കേണ്ടതായി വരുന്നു. എല്ലാ രാജ്യങ്ങളിലും മനുഷ്യനുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളില്‍ 7.8 ട്രില്യന്‍ യു.എസ് ഡോളറിന്റെ ചെലവ് ചുരുക്കല്‍ പദ്ധതി സര്‍ക്കാരുകള്‍ നടപ്പിലാക്കുമെന്ന് ഓക്‌സ്‌ഫോം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 50%ത്തിലധികം പണപ്പെരുപ്പമുള്ള ഓസ്‌ട്രേലിയ , അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഇറ്റലി , ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ജനജീവിതം ദുസ്സഹമാകുന്നു. ലോകത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 1% വരുന്ന അതിസമ്പന്നര്‍ക്ക് 50 %പുതിയ വരുമാനം ലഭിച്ചപ്പോള്‍ സാധാരണക്കാരുടെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്ന് കണക്കുകള്‍ സഹിതം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ അവസ്ഥ

ഇന്ത്യയിലും അസമത്വം പ്രകടമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ദേശീയ വരുമാനത്തിന്റെ 61.7 %വും അതിസമ്പന്നന്മാരായ അഞ്ച് ശതമാനത്തിന്റെ കൈയ്യിലാണ്. 1981 മുതല്‍ 2021 വരെ കാലയളവില്‍ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 45% മാത്രമായിരുന്നു അതിസമ്പന്നന്മാരായ 10%ന്റെ കൈയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2022ല്‍ അത് 63% ആയി വര്‍ധിച്ചു. 2018ല്‍ പട്ടിണി അനുഭവിക്കുന്നവര്‍ 19 കോടിയായിരുന്നുവെങ്കില്‍ 2022ല്‍ അത് 35 കോടിയായി വര്‍ധിച്ചു. ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ക്ക് നിലവില്‍ ചുമത്തുന്ന നികുതിയുടെ 2% വര്‍ധിപ്പിച്ചാല്‍ ഇന്ത്യയില്‍ പോഷകാഹാരം ലഭിക്കാത്തവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഇടതടവില്ലാതെ പോഷകാഹാരം ലഭിക്കുവാന്‍ സാധിക്കുന്നതാണ്. ഇന്ത്യയില്‍ 50% താഴെത്തട്ടില്‍ ഉള്ളവരുടെ കൈയ്യില്‍ ദേശീയ വരുമാനത്തിന്റെ 3% മാത്രമാണുള്ളത് എന്ന ഓക്‌സ്ഫാം റിപ്പോര്‍ട്ട് പൂര്‍ണമായും നിരാകരിക്കുവാന്‍ സാധിക്കുകയില്ല. ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 102ല്‍ നിന്നും 166 ആയി വര്‍ധിച്ചു. ആകെ വരുമാനത്തിന്റെ 37 ശതമാനം മാത്രം രാജ്യത്തെ 99% സാധാരണക്കാര്‍ക്ക് ലഭിക്കുന്നുള്ളൂ എന്നത് അസമത്വത്തിന്റെ ബഹുമുഖ യാഥാര്‍ഥ്യം വിളിച്ചോതുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ നാലിലൊന്ന് ദരിദ്രരാണ്. അതില്‍ അഞ്ചു ശതമാനം അതി ദരിദ്രരാണ്. ദാരിദ്ര്യത്തിലേക്ക് വിവിധ കാരണങ്ങളാല്‍ വഴുതി വിഴുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുന്നു.1991ല്‍ ദേശീയ വരുമാനത്തിന്റെ 16.1% മാത്രം അതിസമ്പന്നരായവരുടെ വരുമാനം ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 40.5 % ആയി വര്‍ധിച്ചു.

അതിസമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ചുമത്തണം

ജി.എസ്.ടിയുടെ കണക്ക് പരിശോധിച്ചാല്‍ രാജ്യത്തെ സമ്പന്നന്മാരായ 10% ആളുകള്‍ 4% മാത്രം നികുതിയടക്കുമ്പോള്‍ ജി.എസ്.ടിയുടെ 64 % അടക്കുന്നത് സാധാരണക്കാരായ 50% താഴെത്തട്ടിലുള്ള ജനങ്ങളാണ്. കൂടുതല്‍ വരുമാനം ലഭിക്കുന്നവര്‍ക്ക് കൂടുതല്‍ നികുതി എന്ന തത്വം പ്രാവര്‍ത്തികമാകേണ്ടാതായിട്ടുണ്ട്. മാന്യമായി നികുതി വന്‍കിടക്കാര്‍ നല്‍കേണ്ടി വരും , ശത കോടീശ്വരനായ ഇലോണ്‍ മസ്‌ക് 2014 മുതല്‍ 2018 വരെ നികുതി അടച്ചത് ആകെ വരുമാനത്തിന്റെ 3% മാത്രമെങ്കില്‍ പാവപ്പെട്ടവര്‍ അവരുടെ വരുമാനത്തിന്റെ 40% നികുതി അടക്കേണ്ടി വരുന്നു. ആഡംബര നികുതി ആകെ നികുതി വരുമാനത്തിന്റെ 4% മാത്രമേ വരുന്നുള്ളൂ. വരുമാനത്തിന്റെ തോത് അനുസരിച്ച് നികുതി ചുമത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 100 രാജ്യങ്ങളില്‍ പുരോഗമനപരമായി നികുതി ചുമത്തുന്നില്ല എന്ന് റിപ്പോര്‍ട്ട് കുറ്റപെടുത്തുന്നു. അതില്‍ 31 % വരുമാനം വെറുതെ രാജ്യങ്ങള്‍ നഷ്ടപ്പെടുത്തുന്നു. ലോകത്ത് അസമത്വം കുറക്കണമെങ്കില്‍ ശതകോടീശ്വരന്മാരില്‍ നിന്നും വന്‍കിട കമ്പനികളില്‍ നിന്നും പുരോഗമനപരമായ രീതിയില്‍ നികുതി ചുമത്തി അത് പ്രയാസം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിച്ചാല്‍ അസമത്വത്തിന്റെ വിടവ് ഒരു പരിധിവരെ കുറക്കുവാന്‍ സാധിക്കുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *