ഇന്ത്യയെ തറപറ്റിച്ച് ഫൈനലിലേക്ക് ഇംഗ്ലണ്ട്

ഇന്ത്യയെ തറപറ്റിച്ച് ഫൈനലിലേക്ക് ഇംഗ്ലണ്ട്

  • ഇംഗ്ലണ്ടിന് 10 വിക്കറ്റ് വിജയം . അലക്‌സ് ഹെയ്ല്‍സ് (86), ജോസ് ബട്‌ലര്‍ (80)

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരെ സെമിയില്‍ 10 വിക്കറ്റിന്റെ വമ്പന്‍ ജയവുമായി ഫൈനല്‍ ടിക്കറ്റെടുത്ത് ഇംഗ്ലണ്ട് ടീം. സെമിയുടെ വീറോ വാശിയോ ഇല്ലാതിരുന്ന മത്സരത്തില്‍ ആധികാരികമായി തന്നെ ഇംഗ്ലണ്ട് ഇന്ത്യയെ കീഴടക്കി. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞൈടുത്ത് ജോസ് ബട്‌ലര്‍ക്ക് തെറ്റിയില്ല. ഈ ലോകകപ്പിലെ മോശം ഫോം വീണ്ടും ആവര്‍ത്തിച്ച വൈസ്‌ക്യാപ്റ്റന്‍ രാഹുല്‍ വോക്‌സിന്റെ പന്ത് തേര്‍ഡ്മാനിലേക്ക് കളിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ക്ക് ക്യാച്ച് നല്‍കി ഡ്രസ്സിങ് റൂമിലേക്ക് നടന്നു നീങ്ങുമ്പോള്‍ നേടാനയത് വെറും അഞ്ച് റണ്‍സ് മാത്രം. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കേണ്ട സമയത്തും ടെസ്റ്റ് ക്രിക്കറ്റിന് സമാനമായാണ് ഇന്ത്യന്‍ ടീം കളിച്ചത്. ഇന്ത്യന്‍ ബാറ്റ്‌സന്മാന്‍മാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. കോലി- രോഹിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നതോടെ റണ്‍സ് ഉയര്‍ന്നുവെങ്കിലും റണ്‍റേറ്റ് താഴോട്ട് തന്നെയായിരുന്നു. കടലാസിലെ ഹിറ്റ്മാന് ഗ്രൗണ്ടില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. അലസമായ രീതിയില്‍ വിക്കറ്റ് കളഞ്ഞ് ക്യാപ്റ്റനും കളിമറന്നു. അത്യുജ്ജ്വല ഫോമിലായിരുന്ന സൂര്യകുമാര്‍ യാദവിന് ഇത്തവണ പക്ഷേ പിഴച്ചു. ആദില്‍ റാഷിദിന്റെ പന്തില്‍ ക്രിസ് ജോര്‍ദാന്‍ പിടിച്ചു പുറത്താക്കുമ്പോള്‍ വെറും 14 റണ്‍സ് മാത്രമാണ് സുര്യകുമാറിന് നേടാനായത്.

പിന്നിടെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടു പിടിച്ച് കോഹ്ലി നടത്തിയ വെടിക്കെട്ടിലാണ് ഇന്ത്യന്‍ സ്‌കോര്‍ 168ല്‍ എത്തിയത്. കോഹ്ലി 50 റണ്‍സെടുത്ത് പുറത്തായ ശേഷം അവസാന ഓവറുകളില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത ഹാര്‍ദിക് കത്തിക്കയറി. 29 പന്തില്‍ ഹാര്‍ദിക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ അര്‍ധ സെഞ്ചുറി. അവസാന പന്തില്‍ ഹിറ്റ് വിക്കറ്റ് ആയി മടങ്ങുമ്പോള്‍ 63 റണ്‍സെടുത്ത ഹാര്‍ദിക് ഇന്ത്യക്ക് മികച്ച അടിത്തറയാണ് നല്‍കിയത്. ഇംഗ്ലണ്ടിനായി ജോര്‍ദാന്‍ മൂന്നും ആദില്‍ റഷീദ്, ക്രിസ് വോക്‌സ്് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ജോ റൂട്ടിനും അലെക്‌സ് ഹെയ്ല്‍സിനും ഒരു തരത്തിലും വെല്ലുവനിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. പവര്‍പ്ലേയില്‍ എങ്ങലെ കളിക്കണമെന്ന് ഇന്ത്യന്‍ ഓപണര്‍മാര്‍ക്ക് ഓര്‍മിച്ചു കൊടുക്കുകയായിരുന്നു ഇവരുടെ കൂട്ടുക്കെട്ട്. ഒരു ഘട്ടത്തില്‍ പോലും ഇന്ത്യ ചിത്രത്തിലുണ്ടെന്ന് തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു ഇരുവരുടേയും ബാറ്റിങ്. എത്രയും പെട്ടെന്ന് ഇംഗ്ലണ്ടിനെ ജയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണോ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞതെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാനാകില്ല. ഏഴ് സിക്‌സിന്റേയും നാല് ഫോറിന്റേയും അകമ്പടിയോടെ 89 റണ്‍സ് അലക്‌സ് ഹെയ്ല്‍സ് നേടിയപ്പോള്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും നേടി ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ നേടിയത് 80 റണ്‍സാണ്. ഇന്ത്യന്‍ ബൗളര്‍മാരില്‍ അര്‍ഷ്ദീപ് സിങ്ങും അക്ഷര്‍ പട്ടേലും ഒഴികെയുള്ള ബൗളര്‍മാരുടെ ഇക്കോണമി 10ന് മുകളിലയിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *