എൻഎംഡിസി പ്രഥമ കർഷക മിത്ര  അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

എൻഎംഡിസി പ്രഥമ കർഷക മിത്ര അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ദി നോർത്ത്‌ മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്റ് മാർക്കറ്റിംഗ് സൊസൈറ്റി ലിമിറ്റഡ് (എൻഎംഡിസി) കർഷകർക്കായി ഏർപ്പെടുത്തിയ പ്രഥമ കർഷക മിത്ര അവാർഡ് ജേതാക്കളെ കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. വയനാട് വെള്ളമുണ്ട ആർവാൾ സ്വദേശി അയൂബ് തോട്ടോളി ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം മികച്ച വൈവിധ്യ കർഷകൻ കണ്ണൂർ തില്ലങ്കേരി ജൈവകം വീട്ടിൽ എൻ.ഷിംജിതിനും, മൂന്നാം സ്ഥാനം ജൈവ രീതിയിലൂടെ വിവിധ തരത്തിലുള്ള പച്ചക്കറികൾ കൃഷി ചെയത തൃശൂർ ഗുരുവായൂർ പാലുവായ് അരീക്കര വീട്ടിൽ സുജാത സുകുമാരനും ലഭിച്ചതായി ചെയർമാൻ പി.സൈനുദ്ദീൻ പറഞ്ഞു. കർഷകനും, കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കി സ്വന്തം കൃഷിയിടത്തിൽ നിന്ന് തയ്യാറാക്കിയ മൂന്ന് മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 55 എൻട്രികളാണ് ലഭിച്ചത്. ഇതിൽ 15 പേർ വനിതകളാണ്. 92 വയസ്സുള്ള പുൽപ്പള്ളി സ്വദേശി ചെറുതോട്ടിൽ വർഗ്ഗീസ്, കാസർഗോഡ് കുണ്ടുകുഴിയിലുള്ള 10-ാം ക്ലാസ് വിദ്യാർത്ഥി ബി.അഭിഷേകും ഉൾപ്പെടുന്നു. എൻഎംഡിസിയുടെ അവാർഡ്് കമ്മറ്റി പരിശോധിച്ച് പരിഗണിച്ച 10 പേരിൽ നിന്ന് പ്രത്യേക ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പ്രശസ്ത കാർഷിക വിദഗ്ധൻ എം.കെ.പി മാവിലായി, വയനാട് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും, അസോസിയേറ്റ് പ്രൊഫസറുമായ ഡോ.അലൻ തോമസ് കാർഷിക മാധ്യമ പ്രവർത്തകൻ രാജിത്ത് വെള്ളമുണ്ട, എൻഎംഡിസി ചെയർമാൻ പി.സൈനുദ്ദീൻ എന്നിവരടങ്ങുന്നതാണ് ജൂറി സമിതി.
മത്സരത്തിനായി ലഭിച്ച വീഡിയോ ചിത്രങ്ങൾ എൻഎംഡിസിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും, ഫെയ്‌സ്ബുക്ക് പേജുകളിലും പ്രസിദ്ധീകരിച്ചതിൽ ഏറ്റവും കൂടുതൽ പേർ കാണാനിടയായതും, മികച്ച വനിതാ കർഷകയായി തിരഞ്ഞെടുത്തതുമായ തൃശൂർ ജില്ലയിലെ ഗുരുവായൂർ തൈക്കാട് സ്വദേശി കെ.എസ്.ഷീജക്ക് വനിതാ കർഷക പുരസ്‌കാരം നൽകും. പുൽപ്പള്ളി സ്വദേശി സി.വി.വർഗ്ഗീസിന് ലംബ കൃഷി – മാതൃകാ കൃഷി പുരസ്‌കാരവും, കാസർഗോഡ് സ്വദേശി ബി.അഭിഷേകിന് കുട്ടി കർഷകൻ പുരസ്‌കാരവും, 92-ാം വയസിലും കപ്പ കൃഷി ചെയ്യുന്ന വയനാട്ടിലെ ചെറുതോട്ടിൽ വർഗ്ഗീസിന് കർഷക കാരണവർ പുരസ്‌കാരവും സമ്മാനിക്കും. ഇവർക്ക് 10001 രൂപയുടെ ക്യാഷ് അവാർഡാണ് നൽകുന്നത്. കർഷക മിത്ര അവാർഡ് ജേതാക്കൾക്ക് യഥാക്രമം പതിനായിരത്തി ഒന്ന്, അയ്യായിരത്തി ഒന്ന്, മുവായിരത്തി ഒന്ന് എന്ന രീതിയിലാണ് അവാർഡ് തുക നൽകുക. നവംബർ 20ന് കോഴിക്കോട് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് – സർഗ്ഗാലയിൽ നടക്കുന്ന സംസ്ഥാന തല സഹകരണ വാരാഘോഷങ്ങളുടെ സമാപന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി അവാർഡ് വിതരണം ചെയ്യും. എല്ലാ വർഷവും ഈ അവാർഡ് ഏർപ്പെടുത്തും. കർഷകർക്കും, ചെറുകിട സംരംഭകർക്കും സ്വന്തം ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ കൈമാറ്റം ചെയ്യുന്നതിനായി നബാർഡിന്റെ സഹായത്തോടെ കൽപ്പറ്റയിൽ നാട്ടു ചന്തയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സഹകരണ സംരംഭങ്ങളുടെ സാധ്യതകളെയും, സഹകരണ ഉൽപ്പന്നങ്ങളും, ജനങ്ങൾക്ക് പരിചയപ്പെടുത്താൻ എൻഎംഡിസിയുടെ പ്രത്യേക മാഗസിന്റെ പ്രകാശനവും സഹകരണ വകുപ്പ് മന്ത്രി നിർവ്വഹിക്കും. നവംബർ 16 മുതൽ 30വരെ ന്യൂഡൽഹി ഐഎൻഎ മാർക്കറ്റിലെ ദില്ലി ഹാറ്റിൽവെച്ച് ട്രൈഫെഡിന്റെ ആടി മഹോത്സവത്തിൽ എൻഎംഡിസി ഉൽപ്പന്നങ്ങളുടെ സ്റ്റാൾ ഒരുക്കും. നവംബർ 14 മുതൽ 27വരെ ഇന്ത്യ ഇന്റർ നാഷണൽ ട്രേഡ് ഫെയറിൽ സഹകരണ വകുപ്പിന് അനുവദിച്ച പ്രദർശന സ്റ്റാളിലും എൻഎംഡിസിയുടെ ഉൽപ്പന്നങ്ങൾ ലഭ്യമാകും. വൈസ് ചെയർമാൻ വി.പി.കുഞ്ഞികൃഷണൻ, ജനറൽ മാനേജർ എം.കെ.വിപിനയും പങ്കെടുത്തു.

അയൂബ് തോട്ടോളി, എൻ.ഷിംജിത്, സുജാത സുകുമാരൻ
Share

Leave a Reply

Your email address will not be published. Required fields are marked *