റണ്‍മഴ പെയ്ത മത്സരത്തില്‍ പഞ്ചാബിനെ 56 റണ്‍സിന് തോല്‍പ്പിച്ച് ലഖ്നൗ
മൊഹാലി: കേരളത്തില്‍ ഇന്നലെ പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ടായിരുന്നുവെങ്കില്‍ അങ്ങ് മൊഹാലിയില്‍ ഇന്നലെ പൂരം തന്നെയായിരുന്നു. ലഖ്നൗവിന്റേയും പഞ്ചാബിന്റേയും ബാറ്റ്സ്മാന്മാര് തീര്‍ത്ത വെടിക്കെട്ടില്‍ ചാരമായത് ബൗളര്‍മാരാണ്. ഇരു ടീമുകളിലേയും ബാറ്റ്സ്മാന്മാര് നിറഞ്ഞാടിയപ്പോള്‍ 458 റണ്‍സാണ് ബൗളര്‍മാര്‍ ഒന്നാകെ ഇരുഭാഗത്തു നിന്നും വഴങ്ങിയത്. ടോസ് നേടി ലഖ്നൗവിനെ ബാറ്റിങ്ങിനയച്ച പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന് പിഴച്ചു. ലഖ്നൗ ക്യാപ്റ്റന്‍ രാഹുല്‍(12) പെട്ടെന്ന് മടങ്ങിയങ്കിലും കെയ്ല്‍ മെയേഴ്സ് ഉറച്ചു തന്നെയായിരുന്നു. വെട്ടിക്കെട്ടിന് തിരികൊളുത്തിയ മെയേഴ്സ് 24 പന്തില്‍ ഏഴ് ഫോറിന്റേയും നാല് സിക്സിന്റേയും അകമ്പടിയോടെ 54 റണ്‍സെടുത്ത് മടങ്ങിയെങ്കിലും തുടര്‍ന്നു വന്നവര്‍ മെയേഴ്സിന്റെ അതേ പാത പിന്തുടര്ന്നു.
24 പന്തില്‍ 43 റണ്‍സ് നേടി ആയുഷ് ബദോനി ലിവിംഗ്സ്റ്റണിന്റെ പന്തില്‍ പടങ്ങുമ്പോള് ലഖ്നൗ സ്കോര്‍ 13.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 163 റണ്‍സെത്തിയിരുന്നു. തുടര്‍ന്നുവന്ന നിക്കോളസ് പൂരനെ കൂട്ടുപിടിച്ച് മാര്‍ക്കസ് സ്റ്റോയിനിസ് സ്കോര്‍ബോര്‍ഡ് വളരെ വേഗത്തില്‍ തന്നെ ഉയര്‍ത്തി. 16 ഓവറില്‍ ടീം സ്കോര്‍ 200 കടന്നു. 40 പന്തില്‍ 72 റണ്‍സെടുത്ത സ്റ്റോയിനിസിനെ സാം കറനാണ് പുറത്താക്കിയത്. ആറ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. അവസാന ഓവറില്‍ 19 പന്തില്‍ 45 റണ്‍സെടുത്ത നിക്കോളസ് പൂരനെ അര്‍ഷ്ദീപ് സിങ് വിക്കറ്റിന് മുന്നില്‍ കുരുക്കിയെങ്കിലും ലഖ്നൗവിന്റെ നില ഭദ്രമായിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് ലഖ്നൗ നേടിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ടീം നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന ടോട്ടലാണിത്. 2013ല്‍ പൂണെ വാരിയേസിനെതിരേ ആര്.സി.ബി നേടിയ 263 റണ്‍സാണ് ഐ.പി.എല്‍ ചരിത്രത്തിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍.
258 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനായി അഥര്‍വ തൈഡയും 66(36) സിക്കന്ദര്‍ റാസയും 36(22) ലിവിംഗ്സ്റ്റണും 23(14) സാം കറനും 21(11) ജിതേഷ് ശര്‍മ്മയും 24(10) പൊരുതിയെങ്കിലും 19.5 ഓവറില്‍ 201റണ്‍സിന് എല്ലാവരും പുറത്തായി. ലഖ്നൗവിനായി യാഷ് താക്കൂര്‍ നാലും നവീന്‍ ഉള് ഹഖ് മൂന്നും രവി ബിഷ്ണോയി രണ്ടും മാര്‍ക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി. ആകെ 45 ഫോറും 22 സിക്സും പിറന്ന മത്സരത്തില്‍ പ്ലെയര്‍ ഓപഫ് ദ മാച്ച് പുരസ്കാരം സ്റ്റോയിനിസിനാണ് ലഭിച്ചത്.