കടയ്ക്കാവൂര്‍ പ്രേമചന്ദ്രന് നായര്‍
റംസാന് ആഗതമായി, ഇനി വ്രതശുദ്ധിയുടെ കാലം. വിശ്വാസികളുടെ ഹൃദയങ്ങളില്‍ പുണ്യവ്രതത്തിന്റെ നിലാശോഭ പരത്തുന്ന റംസാനെ ലോകമെങ്ങും വരവേല്‍ക്കുകയാണ്. സഹജീവികളുടെ തെറ്റുതിരുത്തിയും സാന്ത്വനമേകിയും സര്വശക്തനോടുമാപ്പിരന്നു പ്രാര്‍ഥിക്കുന്ന ദിനരാത്രങ്ങളാണ് ഇനി കടന്നുപോകുന്നത്. പുണ്യമാസത്തിന്റെ നാളുകള്‍ എല്ലാവര്ക്കും അനുഗ്രഹമായിത്തീരട്ടെ. പ്രാര്‍ഥനയുടേയും ഉപവാസത്തിന്റേയും വീണ്ടുമൊരു പുണ്യമാസം കൂടി കടന്നുവരികയാണ്. ശാരീരികമായും ആത്മീയമായും പ്രത്യേക മേന്മകളുണ്ട് ഉപവാസത്തിന്. ഉപവാസം മനസ്സിന്റെ ശുദ്ധീകരണം നിര്‍വഹിക്കുന്നു. പകല്‍മുഴുവന്‍ ഉപവസിച്ച് നിത്യകര്മങ്ങളില് ഏര്‍പ്പെടുമ്പോള്‍ വേദനകളും വിശപ്പും ദാഹവും നേരിട്ടനുഭവിച്ചുക്കൊണ്ട് പാവപ്പെട്ട സഹജീവികളുടെ അനുഭവങ്ങള്‍ കൂടി മനസ്സിലാകുന്നു. ഈ തിരിച്ചറിവ് തന്നെപ്പോലെ സഹജീവികളെ സ്നേഹിക്കാനും കരുതാനും ഉപകാരം ചെയ്യാനുമുള്ള പ്രചോദനമായിത്തീരുന്നു. അതിരുകളില്ലാത്ത അകല്‍ച്ചകളില്ലാത്ത വിശ്വാസാഹോദര്യത്തിന്റെ നേര്‍ക്കാഴ്ച. വ്രതാനുഷ്ഠാനമനുഷ്ഠിക്കുന്ന ധാരാളം അമുസ്ലീം സ്ത്രീ-പുരുഷന്മാരുമുണ്ട്. ഉള്ളവര്‍ ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ അവന് ഇല്ലാത്തവന്റെ വിശപ്പും വേദനയും ദാഹവും അറിയുകയാണ്.
രാജാവും പ്രജയും ധനികനും ദരിദ്രനും വിശപ്പിന്റെ വില അറിയുകയാണ്. വിവിധ ജാതി-മത-വര്‍ണ-വര്‍ഗങ്ങളില്‍പ്പെട്ടവര്‍ അതിരുകളുടെ അകല്‍ച്ചകളില്ലാതെ വിരുന്നുകളില്‍ ഒന്നിച്ച് ഒത്തുകൂടുന്നു. വിശ്വാസാഹോദര്യത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഇവിടെ ദൃശ്യമാകുന്നത്. ഉപവാസം മനുഷ്യനെ ദൈവവുമായി കൂടുതല്‍ അടുപ്പിക്കുമെന്ന് നമുക്കെല്ലാം അറിയാം. നിറഞ്ഞ ആത്മാര്‍ഥതയുടെ തേങ്ങലുകളായിരിക്കും വിശക്കുന്നവന്റെ പ്രാര്‍ഥനകള്‍. രാത്രികളെ ജീവസ്സുറ്റകാലമാക്കുന്നതാണ് റംസാന്. സമൂഹ നോമ്പുതുറ സൗഹൃദസംഗമ വേദി കൂടിയാണ്. ജാതി-മത-ദേശ-ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും ഇതില്‍ പങ്കാളികളാകുന്നു. അറബിയും ഇന്ത്യനും പാക്കിസ്ഥാനിയും ഇറാനിയും ഇറാഖിയും ഇംഗ്ലീഷുകാരനുമെല്ലാം ഒരു തളികയ്ക്ക് ചുറ്റും വട്ടമിരുന്ന് ഒരേ പാത്രത്തില്‍നിന്ന് ഭക്ഷിക്കുന്നു. ഇപ്പോള്‍ സാംസ്കാരിക സംഘടനകളും അസോസിയേഷനുകളും ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ചു വരുന്നു. അവര്‍ക്കെല്ലാം അനുഭൂതിയും വിശുദ്ധിയും പകര്‍ന്നു നല്കുന്നു ഈ പുണ്യമാസം. ഇഫ്താര്‍ സംഗമങ്ങള്‍ മാനസിക സൗഹാര്‍ദവും മതേതര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ സന്ദേശങ്ങളാണ്.
വ്രതവും ഉപവാസവും: വ്രതവും ഉപവാസവും സല്‍ക്കാരവും സക്കാത്തുമെല്ലാമായിട്ടുള്ള പുണ്യമാസം. വര്‍ഷത്തില്‍ ഒരുമാസം പകല്‍ ഭക്ഷണം ഉപേക്ഷിക്കുന്ന റംസാന് നോമ്പ്. വര്‍ഷത്തില്‍ 41 ദിവസം മാംസാഹാരം ഉപേക്ഷിക്കുകയും മറ്റൊരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന മണ്ഡലകാലവ്രതം. ത്യാഗപൂര്‍ണമായ ദിനങ്ങള്‍. ഇതുകൂടാതെ ജൈന-ബുദ്ധമത വിശ്വാസികള്‍ ആഴ്ചയില്‍ രണ്ട് ദിവസം ഭക്ഷണം ഉപേക്ഷിച്ച് കടുത്ത ഉപവാസങ്ങള്‍ അനുഷ്ഠിക്കാറുണ്ട്. ഉപവാസവും വ്രതവും മനസ്സിനാണ് ശക്തി പകരുന്നത്. തിരമാലകള്‍ കടല്‍ഭിത്തിയില്‍ ആഞ്ഞടിക്കുന്നതു പോലെയാണ് മനസ്സിനെ പ്രലോഭനങ്ങള്‍ മൂടുന്നത്. മതവും ശാസ്ത്രവും പറയുന്നത് മനസ്സിന്റെ ഏകാഗ്രത എന്നാണ്. കാരണം ഏകാഗ്രതയുണ്ടെങ്കില്‍ ഉത്സാഹം വര്‍ധിക്കും, ഉത്സാഹം കൂടുതല്‍ കിട്ടാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് കഴിയുമെന്നാണ് ശാസ്ത്രം.
ശരീരശുദ്ധി, മാനസിക ശുദ്ധി, സഹോദര സ്നേഹം, കൃത്യനിഷ്ടത, ത്യാഗസന്നദ്ധത, ഉപകാര സ്മരണ, സത്ഭാവന തുടങ്ങിയ വികാരങ്ങള്‍ ഉപവാസത്തിന്റെ ഫലമായുണ്ടാകുമെന്ന് ആധുനികശാസ്ത്രം പറയുന്നു. ആത്യന്തികമായ മനുഷ്യനന്മയാണ് എല്ലാ മതങ്ങളും ഉപദേശിക്കുന്നത്. അത് ഉള്‍ക്കൊള്ളുന്നവര്‍ക്ക് പോസിറ്റീവ് ചിന്തകള്‍ ഉണ്ടാകും. ആസക്തി, ആര്‍ത്തി, ലഹരിയോടുള്ള താല്പര്യം തുടങ്ങിയവ ഉപേക്ഷിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാകുന്നു. പ്രാര്‍ഥനയും ഉപവാസവും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഉത്കണ്ഠ കുറക്കുകയും ചെയ്യുന്നു. മനസ്സിനെ ചിന്തകളുടെ ആധിക്യത്തില്‍നിന്ന് നിയന്ത്രിക്കാന്‍ ധ്യാനത്തിന് കഴിയും. ലോകത്ത് ഏറ്റവും ചഞ്ചലമായ മനസ്സാണ് മനുഷ്യന്റേത്. നൂറായിരം ചിന്തകളിലൂടെയാണ് ഓരോ മനുഷ്യമനസ്സും കടന്നുപോകുന്നത്. ഉപവാസവും വ്രതവും ഒരു പരിധിവരെ മാനസിക സംഘര്‍ഷങ്ങള്‍ കുറക്കുന്നു. പുണ്യങ്ങള്‍ പൂക്കുന്ന വസന്തക്കാലമാണ് വിശ്വാസികള്‍ക്കിത്. ഉള്ളവന് ഇല്ലാത്തവന്റെ വിശപ്പറിയുന്നു. ദിവസങ്ങള്‍ കടന്നുപോകുന്നതോടെ ദാനധര്‍മ്മാദികള്‍ക്കൊണ്ട് ദിനചര്യകള്‍ ധന്യമാകുന്നു. മനസ്സും ശരീരവും വ്രതഭരിതമാകുന്ന കാലം-വിശുദ്ധിയുടെ സങ്കീര്‍ത്തനം പോലെ എങ്ങും ഭക്തിസൂക്തങ്ങള് നിറഞ്ഞുനില്ക്കുന്ന ദിന രാത്രങ്ങള്‍. ഉപവാസവും ഉപാസനയുമായി കടന്നുപോകുന്ന നാളുകള്‍ പരിശുദ്ധിയുടെ നാളുകളാണ്.