കോഴിക്കോട്: ദേശീയ ഹരിതസേന, ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരിച്ചു. കേന്ദ്ര വനംപരിസ്ഥിതി-കാലാവസ്ഥാവ്യതിയാന വകുപ്പിന്റേയും കേരളസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റേയും ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് ബീച്ച് ക്ലീനിംഗ് നടത്തിയത്. വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ 80 വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.
ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിതകുമാരി ഉദ്ഘാടനം ചെയ്തു. നാം കടലിലേക്ക് പുറന്തള്ളുന്ന മാലിന്യങ്ങള്‍ നമ്മെതന്നെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ എല്ലാ കടല്‍ത്തീരത്തും കാണുന്നതെന്നും ഇതിനെതിരേ വിദ്യാര്‍ഥിസമൂഹം മുന്നോട്ടു വരുന്നത് ശുഭസൂചനയാണെന്നും അനിത കുമാരി പറഞ്ഞു. ദര്‍ശനം സെക്രട്ടറി എം.എ ജോണ്സണ് അധ്യക്ഷത വഹിച്ചു. ദര്‍ശനം ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ ഡഗ്ലസ് ഡിസില്‍വ ആശംസ നേര്‍ന്നു. നഗരത്തിലെ അഞ്ച് വിദ്യാലയങ്ങളില്‍ നിന്ന് 80 വിദ്യാര്‍ഥികള്‍ ഒരു മണിക്കൂര്‍കൊണ്ട് വാരിക്കൂട്ടിയത് 40 ചാക്ക് മാലിന്യമാണ്. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ബീച്ച് ഭാഗത്ത് നിന്ന് മാത്രമാണ് ഇത്രയും ശേഖരിച്ചത്.
ചണച്ചാക്കുകളില്‍ നാലായി തരം തിരിച്ച് ശാസ്ത്രീയമായി ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ കോര്പറേഷന് വാര്‍ഡ് കൗണ്‍സിലര്‍ എം.ബിജുലാല്‍ ഏറ്റെടുത്തു. കോര്പറേഷന് ആരോഗ്യ വിഭാഗം പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജു ജയറാം, ബോബിഷ്.കെ, ഷാജു കെ.ടി. എന്നിവര്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി. കെ.ജി രഞ്ജിത് രാജ് (രാമകൃഷ്ണമിഷന്‍ എച്ച.എസ്.എസ്), രേഖ വാസുദേവന്‍ (സെന്റ് ജോസഫ് ബോയ്സ് എച്ച്.എസ്.എസ്), ജിസ്സി ജോസഫ് (ശ്രീ ഗുജറാത്തി വിദ്യാലയ), ലീന സക്കാറിയാസ്, സുനിത ശ്രീനിവാസ് എ. (പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്.എസ്.എസ്), ഹസീന വി.പി, ധന്യ കെ. (സി.ഐ.ആര്.എച്.എസ്.എസ്, മാത്തറ) എന്നീ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി. ദേശീയ ഹരിത സേന ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സിദ്ധാര്ത്ഥന് സ്വാഗതവും സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം വടകര ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ സതീശന് കൊല്ലറക്കല്‍ നന്ദിയും പറഞ്ഞു.