-
ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം
ജീവനും ജീവിതത്തിനുമിടയില്‍ സ്വന്തം ജീവന് അശേഷം അമിത പ്രാധാന്യം നല്‍കാതെ രോഗബാധിതരായവരുമായി സദാ ഇടപെടുന്ന ഒരുവിഭാഗം മനുഷ്യാത്മാക്കളുണ്ട്. വൈദ്യന്മാര്‍ അഥവാ ഭിഷഗ്വരന്മാര്‍ അതുമല്ലെങ്കില്‍ ഡോക്ടര്‍മാര്‍. ജൂലൈ ഒന്ന് ആദരവോടെ കൃതജ്ഞതാപൂര്‍വം ഡോക്ടര്‍മാരെ ഓര്‍മിക്കേണ്ട ദിവസമാണ്. പോയ നാളുകളില്‍ കൊവിഡ് രോഗബാധിതരായ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അവരെ പരിചരിച്ചും ചികില്‍സിക്കുന്നതിനുമിടയില്‍ മരണത്തിന്റെ പിടിയിലകപ്പെട്ട എത്രയോ ആരോഗ്യപ്രവര്‍ത്തകരുണ്ട്. അവര്‍ക്കായി പ്രാര്‍ത്ഥിക്കേണ്ട ദിവസം കൂടിയാണ് ഇന്ന് ജൂലൈ ഒന്ന്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സ്ഥാപിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയ ബംഗാളിന്റെ മുഖ്യമന്ത്രിയും ഇതിഹാസ ഭിഷഗ്വരനുമായ ഡോ. ബി.സി റോയ് വൈദ്യശാസ്ത്രശാഖയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ എന്നാല്‍, മാന്യമായ പദവി അഥവാ സാമ്പത്തിക ഔന്നത്യത്തിനായുള്ള ഉന്നതമായ ജോലി എന്നതിലുപരി മനുഷ്യരാശിക്ക് മുഴുവന്‍ ആയുരാരോഗ്യസമ്പന്നമായ ഒരു ജീവിതവ്യവസ്ഥ രൂപപ്പെടുത്തുന്ന മഹത്തായ സേവനപ്രവര്‍ത്തനമാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസത്തിന്റെ പ്രത്യേകത എന്ന് വേണം കരുതാന്‍.
ആരോഗ്യമേഖലയും അതുപോലെ വിദ്യാഭ്യാസമേഖലയുമെല്ലാം കച്ചവടക്കണ്ണുള്ളവരുടെ പിന്‍ബലത്തില്‍ ഒരളവോളം വ്യാപാര മേഖലയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ തനിക്കെന്ത് നേടാന്‍ കഴിയും എന്നതിലുപരി തനിക്കെന്ത് നല്‍കാന്‍ കഴിയും എന്ന നിലയില്‍ ചിന്തിക്കുകയും അതിനനുസൃതമായ തോതില്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യത്വം മരവിക്കാത്ത വേറിട്ട മനസുള്ള എത്രയോ ഡോക്ടര്‍മാര്‍ നമുക്ക് ചുറ്റിലുമുണ്ടെന്നുള്ളതും ആശ്വാസപൂര്‍വം പറയാതെ വയ്യ. നമുക്കവരെ മാനിക്കാം, അവര്‍ക്കായി ഈ ദിനത്തില്‍ ആദരവോടെ തലകുനിക്കാം.
ഞാന്‍ ജനിച്ചുവളര്‍ന്ന ചോമ്പാല എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ ഒരൊറ്റ ഡോക്ടര്‍ പോലുമില്ലാത്ത ഒരു പഴയ കാലമുണ്ടായിരുന്നു. എന്റെ ഓര്‍മയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പുറംതിരിഞ്ഞുനോക്കുമ്പോള്‍ 65-70 വര്‍ഷങ്ങള്‍ക്കും മുന്‍പ്. പുതിയ തലമുറക്കാരുടെ അറിവിലേക്കായി ഇവിടുത്തെ ചില നാട്ടുപുരാണങ്ങള്‍ കൂടി പങ്കുവയ്ക്കുന്നു. ചോമ്പാലയിലെ ആദ്യത്തെ ചികിത്സാകേന്ദ്രം പാതിരിക്കുന്നില്‍ അഥവാ മിഷ്യന്‍ കോമ്പൗണ്ടില്‍. ജര്‍മന്‍ മിഷനറിമാരുടെ കടന്നുവരവോടെയാണ് പാതിരിക്കുന്നില്‍ പള്ളിയും സ്‌കൂളും അനാഥാലയവും ആശുപത്രിയും ഉണ്ടായത്. ബ്രിട്ടീഷ് വാസ്തുശൈലിയില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന പ്രൗഢോജ്വലമായ കെട്ടിടസമുച്ചയങ്ങള്‍. കിടത്തി ചികില്‍സ വേണ്ടവര്‍ക്കും പ്രസവിക്കാനെത്തുന്നവര്‍ക്കുമെല്ലാം ഇവിടെ സൗജന്യപരിചരണം. പ്രധാനപ്പെട്ട മരുന്നുകളെല്ലാം ജര്‍മനിയില്‍ നിന്നുമെത്തിയിരുന്നു. കൂട്ടത്തില്‍ പോഷകസമ്പന്നമായ ഭക്ഷ്യവസ്തുക്കള്‍, മികച്ച ഗുണനിലവാരമുള്ള പാല്‍പ്പൊടി, ചീസ്, പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പലതും സുലഭമായി ലഭിക്കുമായിരുന്നു.
ജാതിമതഭേദമില്ലാതെ നാട്ടുകാരില്‍ ഒട്ടുമുക്കാല്‍ കുടുംബങ്ങളും ഈ സുഖപരിധിയില്‍ സന്തോഷിക്കുന്നവരുമായിരുന്നു. നാദാപുരം, കുറ്റ്യാടി ഭാഗങ്ങളില്‍നിന്നുവരെ ഇവിടെ രോഗികള്‍ ആ കാലത്ത് വരുമായിരുന്നു. പില്‍ക്കാലത്ത് ഈ ആശുപത്രിയും അനുബന്ധസൗകര്യങ്ങളുമെല്ലാം അന്യം നിന്നുപോയെന്നത് ദുഃഖകരമായ സത്യം. ഈ അവസ്ഥയിലെത്തിയതിന്റെ കാരണമെന്ത്? എങ്ങിനെ നഷ്ടപ്പെട്ടു എന്നറിയാന്‍ ഇനിയൊരു പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ട് ഒരു കാര്യവുമില്ല.
സാമ്പത്തിക പരാധീനതകളുടെയും കഷ്ടപ്പാടുകളുടെയും നടുവില്‍പെട്ട് നട്ടംതിരിയുന്ന ഇവിടുത്തെ കടലോര മേഖലയിലെ ജനങ്ങള്‍ക്കും ചുറ്റുപാടിലുള്ളവര്‍ക്കുമെല്ലാം ഏറെ ആശ്വാസമായിരുന്നു പാതിരിക്കുന്നിലെ അന്നത്തെ മിസ്സിയുടെ ചികിത്സാകേന്ദ്രം. കൂട്ടത്തില്‍ ഇവിടുത്തെ നിര്‍ധന വിഭാഗത്തിപ്പെട്ട കുടുംബങ്ങളില്‍ പലരും മതപരിവര്‍ത്തനത്തിലൂടെ ക്രിസ്തുമതവിശ്വാസികളായി മാറുകയുമുണ്ടായി എന്നതും നിഷേധിക്കാനാവാത്ത മറ്റൊരു പരമാര്‍ത്ഥം.
സിസ്റ്റര്‍ ഫ്രീഡ, സിസ്റ്റര്‍ എമ്മി ക്രൂസ് തുടങ്ങി ജര്‍മനിയില്‍ നിന്നുമെത്തിയ സേവനതല്‍പ്പരരായ വൈദ്യശുശ്രൂഷകര്‍ക്കായിരുന്നു ആശുപത്രിയുടെ അന്നത്തെ ചുമതല. ഇവര്‍ക്ക് സഹായികളായി റബേക്ക, സുകുമാരി, കുറമ്പന്‍ തുടങ്ങിയ ഒരുകൂട്ടം പ്രദേശവാസികളും.
മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും മുഖ്യമായും പെന്‍സിലിന്‍ ഇഞ്ചക്ഷന്‍, പെന്‍സിലിന്‍ ഓയിന്റ്‌മെന്റ് അക്കാലത്തെ പതിവ് ചികിത്സാരീതി അങ്ങനെ. ടിഞ്ചര്‍ അയഡിന്‍ പോലുള്ളവ വേറെയും. ജര്‍മനിയില്‍ നിന്നുമെത്തിയ മീനെണ്ണ ഗുളികകള്‍ ഒട്ടുമുക്കാല്‍ ആളുകള്‍ക്കും മിസ്സിയുടെ ആശുപത്രിയില്‍ നിന്നും ഫ്രീ ആയി കിട്ടുമായിരുന്നു. ഒപ്പം ചില ടോണിക്കുകളും പോളിത്തിന്‍ഷീറ്റോ ഗ്ലാസ് പേപ്പറോ നിലവിലില്ലാത്ത ആ കാലത്ത് പുള്ളികളുള്ള ചെറിയ ചേമ്പിലകളിലായിരുന്നു പെന്‍സിലിന്‍ ഓയിന്റ്‌മെന്റ് വീട്ടില്‍കൊണ്ടുപോകാന്‍ ലഭിച്ചിരുന്നത്. പില്‍ക്കാലത്ത് പെന്‍സിലിന്‍ നിരോധിച്ചുവെന്നത് മറ്റൊരു കാര്യം.
ഡോക്ടര്‍മാരായി പ്രദേശത്ത് ആരുമില്ലാത്ത ആ കാലത്ത് നാട്ടുകാരില്‍ ഒരളവോളം ആളുകള്‍ ആശ്രയിച്ചിരുന്നത് ആയുര്‍വേദ ചികിത്സ അഥവാ നാട്ടുചികിത്സയെ ആയിരുന്നു. മുഖ്യമായ തറിമരുന്നുകട വടക്കേ മുക്കാളിയില്‍ ചന്തന്‍വൈദ്യരുടെ വീടിനോട് ചേര്‍ന്ന് മുന്‍വശത്ത് റോഡരികില്‍. സൗമ്യനും മിതഭാഷിയുമായ പൊക്കിണന്‍ എന്നൊരാളാണ് കടയുടെ മേല്‍നോട്ടവും മരുന്നുതറിയും മറ്റും. മുറികളില്‍ നിറയെ അലമാരകളില്‍ മരുന്നുകുപ്പികള്‍, ആ വഴികടന്നുപോകുമ്പോള്‍ ഒരു പ്രത്യേകതരം വാസനയായിരിക്കും.നാട്ടുമരുന്നുകളുടെ നറുമണം. ആസവാരിഷ്ടങ്ങളുടെ പ്രത്യേക ഗന്ധം. തട്ടോളിക്കരയിലെ കണ്ണോത്ത് ചെക്കൂട്ടി വൈദ്യര്‍ അക്കാലത്തെ നാട്ടിലെ ഏറെ പ്രശസ്തനായ ആയുര്‍വേദ ചികിത്സകനായിരുന്നു. വീട്ടിമരത്തില്‍ കടഞ്ഞെടുത്ത് പിച്ചള കൊണ്ട് അലങ്കരിച്ച ഊന്നുവടിയുമായി ചെക്കൂട്ടി വൈദ്യര്‍ നിവര്‍ന്നു നടക്കുന്ന രൂപമോര്‍ക്കുമ്പോള്‍ മന്നത്തുപത്മനാഭന്റെ വയസായ കാലത്തെ ചിത്രമാണിപ്പോഴും മനസിലുണരുന്നത്. തളര്‍വാതത്തില്‍ വീണുകിടക്കുന്ന എത്രയോ പേര്‍ അദ്ദേഹത്തിന്റെ ചികിത്സയിലൂടെ രക്ഷപ്പെട്ടതായെനിക്കറിയാം. ഒപ്പം മാറാവ്യാധിയില്‍ പെട്ടപലരും.
ഔഷധനിര്‍മാണവും അദ്ദേഹത്തിന്റെ വീട്ടില്‍ത്തന്നെ. ധ്യാനവും ഉപാസനയും പ്രാര്‍ത്ഥനയും മുടങ്ങാതെ ദിനചര്യയുടെ ഭാഗം. പുരാതന മന്ത്രവിദ്യയായ നോക്കൊടി മന്ത്രം വശമുണ്ടായിരുന്ന ചെക്കൂട്ടി വൈദ്യര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ അല്‍പ്പം ധിക്കാരപരമായതോതില്‍ പരിശോധനക്കെത്തിയ എക്‌സൈസ് ഗാര്‍ഡിനെ തന്റെ വീട്ടുമുറ്റത്തുവച്ച് നോക്കോടി മന്ത്രത്തിന്റെ പിന്‍ബലത്തില്‍ കോലായിയിനിന്ന് ദൃഷ്ടി കൂര്‍പ്പിച്ച് നോക്കിയെന്നും നിമിഷങ്ങള്‍ക്കകം എക്‌സൈസ് ഗാര്‍ഡ് ബോധരഹിതനായി വീണെന്നും കൂട്ടത്തിലുള്ളവര്‍ ക്ഷമാപണം നടത്തിയശേഷം മറുമന്ത്രത്തിന്റെ പിന്‍ബലത്തില്‍ ബോധരഹിതനായ ആളിനെ ചെക്കൂട്ടി വൈദ്യര്‍ തന്നെ ഉണര്‍ത്തിയെന്നും അക്കാലത്തെ നാട്ടുകാര്‍ക്കെല്ലാമറിയുന്ന നാട്ടുകഥ.
കേള്‍ക്കുമ്പോള്‍ കെട്ടുകഥയായി തോന്നാം. എന്നാല്‍, അക്കാലത്ത് ജീവിച്ച ഇവിടുത്തെ നാട്ടുകാരോട് അന്വേഷിച്ചാല്‍ സത്യമാണെന്ന് ബോധ്യമാവും. എന്റെ അച്ഛന്‍ ചോയി വൈദ്യര്‍ ചെക്കൂട്ടി വൈദ്യരുടെ ശിഷ്യനും അദ്ദേഹവുമായി ദൈനംദിന ബന്ധമുള്ള വ്യക്തി കൂടിയായിരുന്നു. നോക്കോടി മന്ത്രം വലത്തുനിന്നും ഇടത്തോട്ടാണ് എഴുതിയതെന്നും കണ്ണാടിയില്‍ കാണിച്ചാല്‍ മാത്രമേ ആ താളിയോല വായിക്കാനാവൂ എന്നും എന്റെ അച്ഛന്‍ എന്നോട് എത്രയോ മുന്‍പ് പറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു. അച്ഛന്‍ മരിക്കുന്നതിന് അല്‍പ്പദിവസം മുന്‍പ് നോക്കോടി മന്ത്രം ചെക്കൂട്ടി വൈദ്യരുടെ മരണശേഷം മകളുടെ ഭര്‍ത്താവും ഓര്‍ക്കാട്ടേരിയിലെ പ്രഗല്‍ഭ വൈദ്യനുമായ ഏറാമല കുമാരന്‍ വൈദ്യരുടെ കയ്യിലാണിപ്പോഴുള്ളതെന്നും എന്നോട് പറയുകയുണ്ടായി. അച്ഛന്റെ നാല്‍പ്പത്തിയൊന്ന് അടിയന്തിരത്തിന് കുമാരന്‍ വൈദ്യരെ ക്ഷണിക്കാന്‍ ഓര്‍ക്കാട്ടേരിയിലെ മരുന്ന് ഷാപ്പില്‍ ചെന്നപ്പോള്‍ അച്ഛന്‍ പറഞ്ഞ നോക്കൊടി മന്ത്രത്തിന്റെ വിവരങ്ങള്‍ കൂട്ടത്തില്‍ ഞാന്‍ കുമാരന്‍ വൈദ്യരോട് സൂചിപ്പിക്കുകയുണ്ടായി. കൂട്ടത്തില്‍ എനിക്കിതൊന്ന് പഠിപ്പിച്ചുതരാമോ എന്നും ഞാന്‍ വിനയത്തോടെ ആവശ്യപ്പെട്ടു.
‘ സംഗതി ശരിയാണ്. പക്ഷേ മറുമന്ത്രം എനിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ഞാനിത് പ്രയോഗിച്ച് നോക്കിയതേയില്ല എന്നും ആ നിലയില്‍ നിങ്ങളെ പഠിപ്പിച്ചാല്‍ ഞാനും നിങ്ങളും ജയിലില്‍ പോകേണ്ടിവരും ”- എന്നുപറഞ്ഞുകൊണ്ട് കുമാരന്‍ വൈദ്യര്‍ ചിരിക്കുകയാണുണ്ടായത്.
ചെക്കൂട്ടി വൈദ്യര്‍ കോഴിക്കോട് ആശുപത്രിയില്‍ നിന്നാണ് നിര്യാതനായത്. മുക്കാളിയിലെയിലെത്തിച്ച മൃതദേഹം റെയില്‍ കടന്ന് തട്ടോളിക്കര കൊണ്ട് പോകാന്‍ വാഹന സൗകര്യമില്ലാത്ത കാലത്ത് മുക്കാളി നിന്നും സ്ട്രെച്ചറില്‍ കിടത്തി ഞാനും ഡേബാര്‍ കണാരന്‍ എന്നൊരാളും മറ്റുരണ്ടുപേരും ചേര്‍ന്ന് തോളില്‍ തണ്ട് ചേര്‍ത്തി ചുമന്നുകൊണ്ടായിരുന്ന നല്ലൊരു ദൂരം താണ്ടി തട്ടോളിക്കരയിലെ വട്ടക്കണ്ടി എന്ന വീട്ടിലെത്തിച്ചത്. ചെക്കൂട്ടി വൈദ്യരുടെ മകനാണ് സ്ഥലത്തെ പ്രമുഖ ജ്യോതിഷ പണ്ഡിതനായ ജയന്‍ കണ്ണോത്ത്. ചെറിയരാമന്‍ വൈദ്യര്‍, ചോയി വൈദ്യര്‍, കുഞ്ഞിക്കുട്ടി വൈദ്യര്‍, ഇടവലക്കണ്ടി കുഞ്ഞിരാമന്‍ വൈദ്യര്‍, ചന്ത്രോത്ത് കുഞ്ഞിരാമന്‍ വൈദ്യര്‍ തുടങ്ങിയ ചിലരൊക്കെയായിരുന്നു ആദ്യകാലത്തെ ഇവിടുത്തെ ചികിത്സകര്‍. നാട്ടുകാര്‍ ആശ്രയിച്ചതും ഇവരെയൊക്കെത്തന്നെ.
ഒടിവ് ചതവുകള്‍ക്കായി കലന്തന്‍ഗുരുക്കള്‍, കുന്നമ്പത്ത് നാരായണക്കുറുപ്പ്, കുറിച്ചിക്കര ചോയിഗുരുക്കള്‍ മണിയാങ്കണ്ടി ഭാസ്‌കരന്‍ ഗുരുക്കള്‍ തുടങ്ങിയ വിരലിലെണ്ണാവുന്നവരായിരുന്നു ആ കാലങ്ങളില്‍ ഇവിടുത്തെ നാട്ടുചികിത്സക്കാര്‍. വിഷചികിത്സകരായി പുതിയപറമ്പത്ത് ജാനു. കണാരി വൈദ്യര്‍ തുടങ്ങിയ ചിലര്‍. ഇവരാരുംതന്നെ ഇന്ന് ജീവിച്ചിരിപ്പില്ല.
ഗുരുതരമായ അസുഖം ബാധിച്ചവരെ വീട്ടിലെത്തി പരിശോധിക്കാന്‍ മയ്യഴിയില്‍ നിന്ന് നാണു ഡോക്ടര്‍, വടകര നിന്ന് ജമാലുദ്ധീന്‍ ഡോക്ടര്‍, പ്രസവക്കേസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ വടകരയിലെ രത്‌നകുമാരി ഡോക്ടര്‍, തലശ്ശേരിയിലെ ഡോക്ടര്‍ ടി.കെ നാരായണന്‍ തുടങ്ങിയ ഒരുകൂട്ടം പഴയകാല ഡോക്ടര്‍മാര്‍ വിളിപ്പുറത്തെത്തുമായിരുന്നു. കൂടെ ഒരസിസ്റ്റന്റും കാണും. അക്കാലത്ത് ഏതെങ്കിലും ഒരു വീട്ടില്‍ ഡോക്ടര്‍ എത്തിയാല്‍ അയല്‍ക്കൂട്ടങ്ങള്‍ ഓടിക്കൂടുന്നതും രോഗിയെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ശല്യമാകാതെയുമല്ല. ലേഡി ഡോക്ടര്‍ വീട്ടില്‍ ഏറെ സമയം ചിലവഴിച്ചുകൊണ്ടാവും പാതിരാത്രിയിലും മറ്റും കാത്തുനിന്ന് പ്രസവകേസുകള്‍ അറ്റന്‍ഡ് ചെയ്തിരുന്നത്. കാര്‍ വാടകയടക്കം അക്കാലത്ത് നൂറുരൂപ കൊടുത്താലായി.
മയ്യഴിയിലെ നാണു ഡോക്ടര്‍ നടന്നുപോകുമ്പോള്‍ അക്കാലത്തെ ബര്‍ക്കിലി സിഗരറ്റിന്റെ നല്ലൊരു സുഗന്ധം പരക്കുന്നത് ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. ജനസമ്മതനും പ്രഗത്ഭനുമായിരുന്നു അദ്ദേഹം. മാഹി ഹോസ്പ്പിറ്റലില്‍ നിന്നുമെത്തുന്ന ആംബുലന്‍സ് ആകൃതിയില്‍ ഒരു വലിയ പോലിസ് വാന്‍ പോലെ തോന്നും. ചെറിയ വാടകയേ വേണ്ടൂ. ഫോണ്‍ സൗകര്യമില്ലാത്ത ആ കാലത്ത് ആംബുലന്‍സ് വിളിച്ചുകൊണ്ടുവരാന്‍ ഒരാള്‍ നേരിട്ട് മാഹി വരെ പോകണമായിരുന്നു. മുക്കാളിയില്‍ ഒരു കാറുപോലുമില്ലാത്ത കാലം. അത്യാവശ്യമായി രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരു ടാക്‌സി കാര്‍ വേണമെങ്കില്‍ മുക്കാളിയിലെ ഉദാരമതിയും സൈക്കിള്‍ കടക്കാരനുമായ എം.ആര്‍.എസ് കണാരേട്ടനെ ചെന്നുകണ്ട് വിവരം പറഞ്ഞാല്‍ മതി. തലശ്ശേരിയില്‍ നിന്ന് വടകരക്ക് പോകുന്ന ബസില്‍ ഡ്രൈവര്‍ വശം കണാരേട്ടന്‍ ഒരു കുറിപ്പ് കൊടുത്തയക്കും. വടകര സ്റ്റാന്‍ഡിലെ കച്ചവടക്കാരനും ന്യൂസ് ഏജന്റ് കൂടിയായ പി.എം നാണുവിന്റെ പേരില്‍. കുറിപ്പ് വായിച്ചാല്‍ പി.എം നാണു വടകര നിന്ന് മുക്കാളിക്ക് കാറയയ്ക്കും. അധികവും കോരമ്മോന്‍ കിട്ടന്‍ എന്ന ഒരാളായിരിക്കും കാറുമായെത്തുക. പഴയ മോഡലിലുള്ള ഫോര്‍ഡ് കാര്‍. മുക്കാളി നിന്ന് വടകരക്ക് ടാക്‌സി വാടക ആറ് രൂപ. പില്‍ക്കാലത്ത് ഈ ദൗത്യം ഏറ്റെടുക്കാന്‍ വടകര ശ്രീവാസ് ഇലക്ട്രിക്കല്‍സിലെ കെ.ടി ചോയി എന്നൊരാള്‍ കൂടിയുണ്ടായി.
ആ കാലഘട്ടത്തിലാണ് മുക്കാളിയില്‍ ആദ്യമായി ഒരു ഡോക്ടറുടെ ബോര്‍ഡ് ഉയരുന്നത്. ഡോ. ടി. സഹദേവന്‍. ചെക്കൂട്ടി വൈദ്യരുടെ അനുജനും സ്ഥലത്തെ പൗരമുഖ്യനും ആയുര്‍വേദ മരുന്നുശാല നടത്തുകയും ചെയ്യുന്ന ചന്തന്‍ വൈദ്യരുടെ മകനായിരുന്നു ഡോ. സഹദേവന്‍. മുല്ലപ്പള്ളി രാമചന്ദ്രന്റെ വീടിനും ചന്തന്‍ വൈദ്യരുടെയും വീടിനുമിടയിലുള്ള പറമ്പില്‍ റോഡിനഭിമുഖമായുള്ള ഇരുനിലക്കെട്ടിടത്തിലാണ് അന്ന് ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്. താഴെ ഒരു ബേക്കറി, തുണിക്കട. ഇംഗ്ലീഷ് മരുന്ന് ചികിത്സകനാവാന്‍ തുടങ്ങുന്നതിന് മുന്‍പ് സഹദേവന്‍ ഡോക്ടറെ കുറേക്കാലം എന്റെ അച്ഛന്‍ ചോയി വൈദ്യര്‍ ആയുര്‍വേദം പഠിപ്പിച്ചിരുന്നതായും ഗുരുദക്ഷിണയെന്ന നിലയില്‍ ചന്തന്‍ വൈദ്യര്‍ അച്ഛന്റെ വിരലിലിട്ടുകൊടുത്ത സ്വര്‍ണ മോതിരം അച്ഛന്റെ വിരലില്‍ കണ്ടത് എന്റെ കുട്ടിക്കാലത്തെ ഓര്‍മ.
രണ്ട് രൂപ കൂടിയാല്‍ നാല്, അഞ്ച് രൂപ അപൂര്‍വം അതായിരുന്നു ഇവിടങ്ങളില്‍ അന്നത്തെ അക്കാലത്തെ ഡോക്ടറുടെ ഫീസ്. രോഗികള്‍ പലരും നാട്ടുകാരനായതുകൊണ്ടും അയല്‍വാസികളായതുകൊണ്ടും തന്നെ പലരില്‍ നിന്ന് തുടക്കത്തില്‍ സഹദേവന്‍ ഡോക്ടര്‍ക്ക് കൃത്യമായി ഫീസ് കിട്ടിയില്ലെന്നതും സത്യം. ചോദിച്ച് വാങ്ങുന്ന പതിവും മിതഭാഷിയായ അദ്ദേഹത്തിനില്ലായിരുന്നു. ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ മിക്സ്ച്ചര്‍ എന്ന കുപ്പിമരുന്നിനായി അക്കാലത്ത് കുപ്പി കരുതണം. കുപ്പിയുടെ ഒരുവശത്ത് കാല്‍ ഇഞ്ച് വീതിയിലുള്ള കടലാസ് മടക്കി സമഭാഗങ്ങളാക്കി മുറിച്ചു ഒട്ടിച്ചിരിക്കും. ഓരോ അടയാളം നോക്കി മരുന്നെടുക്കാന്‍ . മരുന്നെടുക്കുന്നതിനു മുന്‍പ് കുപ്പികുലുക്കുക എന്ന് ലേബലിന് പുറത്ത് എഴുതിയിരിക്കും. നെഞ്ചിലും പുറത്തും വിസ്തരിച്ച തോതില്‍ ഡോക്ടര്‍ സ്റ്റെതസ്‌കോപ്പ് വച്ചാല്‍ രോഗം പകുതിയും മാറി എന്ന നിലയിലായിരിക്കും ചില രോഗികളുടെ മുഖം കണ്ടാല്‍ തോന്നുക. സഹദേവന്‍ ഡോക്ട്ടറുടെ ക്ലിനിക്കില്‍ മുഖ്യ സഹായികളായി ഗോവിന്ദന്‍, ഒപ്പം ഓസി എന്ന ക്രിസ്ത്യന്‍ ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു.
ഏറെക്കാലം സഹദേവന്‍ ഡോക്ടര്‍ തന്നെയായിരുന്നു നാട്ടുകാരില്‍ രോഗികളായുള്ളവരുടെ രക്ഷകന്‍, കാണപ്പെട്ട ദൈവം. വീടുകളില്‍ പരിശോധനക്ക് പോകണം. ചിലേടങ്ങളില്‍ നാട്ടിടവഴികളിലെ വെള്ളത്തിലൂടെ നടന്നുപോകേണ്ടതായും വരും. സഹദേവന്‍ ഡോക്ടര്‍ മുക്കാളിയില്‍ പ്രാക്ടീസ് തുടങ്ങിയ സമയത്ത് ആദ്യമായി ഇഞ്ചക്ഷന്‍ ചെയ്തതാവട്ടെ തൊട്ടടുത്ത വീട്ടിലെ മുല്ലപ്പള്ളി ഗോപാലന്‍ എന്നവരുടെ മകന്‍ രാമചന്ദ്രന്‍ എന്ന കൊച്ചുകുട്ടിക്ക്. കാലാന്തരത്തില്‍ ഞങ്ങളുടെ നാടിന്റെ അഭിമാനവും പരമോന്നത വ്യക്തിത്വവുമായി മാറിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്റെ കുട്ടിക്കാലത്തെ ഓര്‍മകളിലെ സഹദേവന്‍ ഡോക്ടറെ കുറിച്ച് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി വാചാലനാവുകയായിരുന്നു ഈ അടുത്ത ദിവസം. ഒപ്പം തൊട്ട അയല്‍ക്കാരനായ ഡോ. പ്രേംകുമാറിനെക്കുറിച്ചും അദ്ദേഹം അഭിമാനപൂര്‍വം പറയുകയുണ്ടായി.
വൈദ്യശാസ്ത്രത്തിന്റെ ആധികാരിക പഠനമോ ഡിഗ്രിയോ ഡിപ്ലോമയോ ഒന്നുമില്ലാതെ ചികിത്സാരംഗത്ത് ചുവടുറപ്പിക്കാന്‍ മിടുക്കുള്ളവര്‍ പലേടങ്ങളിലും ചേക്കേറിയപോലെ പോയ കാലങ്ങളില്‍ ചോമ്പാലയിലും അത്തരക്കാര്‍ വേരുറപ്പിച്ചിരുന്നുവെന്നതും കൂട്ടത്തില്‍ പറയാതെ വയ്യ. മാഹി ഗവ. ഹോസ്പിറ്റലിന്റെ ഡെപ്യൂട്ടി ഡയറക്ടറും ചോമ്പാലയിലെ സമകാലിക സമൂഹത്തിന്റെ ജനപ്രിയ ഡോക്ടറുമാണ് ഇന്ന് ഡോ. പ്രേംകുമാര്‍ എന്ന മുക്കാളിക്കാരന്‍. ‘ ഉണ്ണി ഡോക്ടര്‍” എന്ന് നാട്ടുകാര്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ചോമ്പാലയിലെ ഡോ. പ്രേംകുമാര്‍. ‘ നാട്ടുകാരുടെ ആരോഗ്യ സംരക്ഷകന്‍ ” എന്ന് കൃതജ്ഞതാപൂര്‍വം അദ്ദേഹത്തെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു മുക്കാളിയിലെ ആദ്യത്തെ അലോപ്പതി ചികിത്സകന്‍ ഡോ. സഹദേവന്‍. സഹദേവന്‍ ഡോക്ടറുടെ മകനാണ് ഡോ. സജീഷ് സഹദേവന്‍. സഹദേവന്‍ ഡോക്ടറുടെ ജ്യേഷ്ഠന്റെ മകനാണ് ഡോ. മനോജ് കുമാര്‍. ഡോ. പ്രേംകുമാറിന്റെ മക്കള്‍ സാന്ദ്ര, സഞ്ജയ് രണ്ടുപേരും ഡോക്ടര്‍മാര്‍. ഡോ. പ്രേംകുമാറിന്റെ സഹോദരന്‍ പ്രസാദ് ആയുര്‍വേദ ഡോക്ടര്‍. സഹോദരിയുടെ മകളും ഡോക്ടര്‍. ചന്തന്‍ വൈദ്യരുടെ ജ്യേഷ്ഠന്‍ ചെക്കൂട്ടി വൈദ്യരുടെ മകന്‍ മടപ്പള്ളി ടൂട്ടോറിയല്‍ പ്രിന്‍സിപ്പല്‍ വട്ടക്കണ്ടി ബാലന്‍ മാസ്റ്ററുടെ മകനാണ് ചോമ്പാലയിലെ ഹോമിയോ ചികിത്സയില്‍ തല്‍പ്പരരായവരുടെ പ്രിയങ്കരനായ ഇവിടുത്തെ ഡോക്ടര്‍ വി. സുദിന്‍ കുമാര്‍. നല്ലൊരു ഗായകനും ഫോട്ടോഗ്രാഫറും കൂടിയാണ് ഡോ. വി. സുദിന്‍കുമാര്‍. കൊറോണകാലത്ത് ധാരാളം പേര്‍ക്ക് അദ്ദേഹം പഞ്ചായത്ത് മുഖേന സൗജന്യമായി പ്രതിരോധമരുന്ന് നല്‍കാനും മറന്നില്ല. സുദിന്‍ ഡോക്ടറുടെ മകള്‍ നിധി സുദിനും ഡോക്റ്റര്‍ പദവിയില്‍ അച്ഛന്റെ പാരമ്പര്യത്തിലേക്ക് നടന്നടുക്കുന്നു. ചെക്കൂട്ടി വൈദ്യരുടെ മകള്‍ നളിനിയുടെ മകള്‍ ലമിതയും ഡോക്ടറാണ്.
ചുരുക്കിപ്പറഞ്ഞാല്‍ നൂറ്റാണ്ടിനോളമെത്തുന്ന കാലത്ത് കണ്ണോത്ത് ചെക്കൂട്ടി വൈദ്യര്‍ നെഞ്ചിലേറ്റി ശുഭാരംഭം കുറിച്ച വൈദ്യശുശ്രൂഷാ കര്‍മം തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈത്തിരിനാളം പകരുന്നതോതിലുള്ള കൈമാറ്റത്തിന്റെ തറവാട്ട് മഹിമയില്‍ അഭിമാനിക്കുന്ന നാട്ടുകാരാണിവിടുത്തുകാര്‍. അതുതന്നെയാണ് ചികിത്സാരംഗത്തെ ചോമ്പാല്‍ പെരുമ !
മുക്കാളിയില്‍ വി.ആര്‍ കൃഷ്ണന്‍ ഡോക്ടര്‍. മീത്തലെ മുക്കാളിയില്‍ ചന്ദ്രന്‍ ഡോക്ടര്‍, നാരായണന്‍ ഡോക്ടര്‍, വടക്കേമുക്കാളിയില്‍ രാമകൃഷ്ണന്‍ ഡോക്ടര്‍, ഹരിദാസന്‍ ഡോക്ടര്‍, കുഞ്ഞിപ്പള്ളിയില്‍ കീര്യാട്ട് രാമകൃഷ്ണന്‍ ഡോക്ടര്‍, കൊളരാട് തെരുവിലെ സഹകരണ ആശുപത്രിയിലെ ഡോ. മണിമല്ലിക, ഡോ. രാജീവന്‍, ഡോ. ഉഷ അങ്ങനെ നീളുന്നു ഇവിടുത്തെ ഡോക്ടര്‍മാരുടെ നീണ്ട നിര.
ചോമ്പാലയില്‍ ഒരു സഹകരണ ആശുപതി സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ നിസ്വാര്‍ത്ഥനും സാത്വീകനുമായ രാഷ്ട്രീയക്കാരന്‍ കെ.എ നാരായണന്റെ സ്വപ്നഭൂമിയാവട്ടെ വൃദ്ധിക്ഷയങ്ങളുടെ അവസ്ഥാന്തരത്തില്‍. ചോമ്പാല്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് തുരുമ്പ് പിടിച്ച് എവിടെയോ മണ്ണായി കിടക്കുന്നു. ഏതു പാതിരാത്രിയിലും പെരുമഴയത്തും രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വിളിച്ചാല്‍ ഉറക്കപ്പായയില്‍നിന്നായാലും വേണ്ടില്ല ചാടിയെണീറ്റ് ഞൊടിയിടയില്‍ വിളിപ്പുറത്തെത്തുന്ന എം.ആര്‍.എസ് അശോകന്‍, വെങ്ങാട്ട് ബാബു, ആയിക്കരയിലെ ബാലന്‍ തുടങ്ങിയ ഒരുകൂട്ടം നല്ല മനസുള്ള ടാക്‌സി ഡ്രൈവര്‍മാര്‍ നന്മയുടെ നേര്‍ക്കാഴ്ച്ചകള്‍ പോലെ ഇവിടെയുണ്ട്. ഡോക്ടേഴ്സ് ഡേ യില്‍ കൃതജ്ഞതാ നിര്‍ഭരമായ മനസ്സോടെ നമുക്കിവരെക്കൂടി സ്മരിക്കാം. ഒപ്പം ചെക്കൂട്ടി വൈദ്യരേയും.