കുട്ടികള്‍ക്കൊപ്പം 40 വര്‍ഷം പിന്നിടുന്ന എം കുഞ്ഞാപ്പയെ ആദരിച്ചു
മണ്ണാര്‍മല: രസമുള്ള കഥകളിലൂടെ കാര്യങ്ങള്‍ പറഞ്ഞും കാര്യമുള്ള കളികളിലൂടെ രസിപ്പിച്ചും കൗതുക വസ്തുക്കള്‍ നിര്‍മിച്ചു ‘കുട്ടിക്കൂട്ടം’ ഏകദിന ബാലോത്സവം വിസ്മയമായി.
മണ്ണാര്‍മല വിദ്യാപോഷിണി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘കൂട്ടിക്കൂട്ടം’ ഏകദിന ബാലോത്സവമാണ് കുട്ടികള്‍ക്ക് അറിവും ആവേശവും പകര്‍ന്നത്. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ റഫീഖ ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ എം. കുഞ്ഞാപ്പ ക്യാമ്പ് നയിച്ചു. 40 വര്‍ഷമായി കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എം. കുഞ്ഞാപ്പയെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
1986 ല്‍ പന്തലൂരില്‍ രൂപവല്‍ക്കരിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് യുറീക്കാ ബാലവേദിയുടെ കണ്‍വീനറായി കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം നിരവധി കൂട്ടായ്മകളിലും ക്യാമ്പുകളിലും കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. നിരവധി വിദ്യാലയങ്ങളിലെ പ്രവേശനോത്സവം, വാര്‍ഷികങ്ങള്‍, പരിസ്ഥിതി ക്ലബ്, വായനാ ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയവയുടെ ഉദ്ഘാടകനായി. ബഷീര്‍ അനുസ്മരണം, എന്‍. എസ്.എസ് ക്യാമ്പ്, സ്റ്റുഡന്റ്‌സ് പൊലീസ് ക്യാമ്പ്, സാഹിത്യ പരിശീലനങ്ങള്‍, ബാലോത്സങ്ങള്‍, ലഹരി വിരുദ്ധ സംഗമങ്ങള്‍, ബാലവേദി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനങ്ങള്‍ തുടങ്ങിയവയില്‍ നിറ സാന്നിധ്യമായി.
സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ റഫീഖ ബഷീര്‍ ഉപഹാരം നല്‍കി ആദരിച്ചു.
വിദ്യാപോഷിണി ഗ്രന്ഥാലയം സെക്രട്ടറി ഫിറോസ് കാരാടന്‍ അഭിനന്ദന സന്ദേശം നല്‍കി. ബാലവേദി പ്രസിഡന്റ് നന്ദിത പി.വി. അധ്യക്ഷത വഹിച്ചു. ലിഷിത സുഭാഷ്, എം. ജയപ്രഭ, അനിത എന്‍.പി., ഷീബ എം. എന്നിവര്‍ സംസാരിച്ചു. ബാലവേദി സെക്രട്ടറി ആര്‍ദ്ര നന്ദി രേഖപ്പെടുത്തി. മുഹ്യുദ്ധീന്‍ ബാബു കെ, ഷിഫാനത് കെ., ഹസീന എ., മുഫീദ പി., ഖൈറുന്നീസ വി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കളികളും ചിരിയും കഥകളും പേപ്പര്‍ ക്രാഫ്റ്റ് നിര്‍മാണവുമായി നടന്ന ക്യാമ്പില്‍ നിരവധി നൂറോളം പങ്കെടുത്തു.
