കേരളത്തിന്റെ കലയും സംസ്കാരവും വിശ്വത്തിന് പരിചയപ്പെടുത്തിയ സംഘാടനത്തിന്റെ വിസ്മയം സൂര്യകൃഷ്ണമൂര്‍ത്തിക്ക് ആദരാജ്ഞലികള്‍. കലാ സാംസ്കാരിക പ്രസ്ഥാനമായ സൂര്യയുടെ സ്ഥാപകനാണ് അദ്ദേഹം. ശ്രദ്ധേയനായ ഒരു നാടക കൃത്തായിരുന്നു സൂര്യ കൃഷ്ണ മൂര്‍ത്തി. ഐഎസ്ആര്‍ഒ യിലെ ജോലി രാജിവെച്ചാണ് അദ്ദേഹം മുഴുവന്‍ സമയ കലാ-സാംസ്കാരിക പ്രവര്‍ത്തന മണ്ഡലത്തിലേക്കിറങ്ങുന്നത്. അത് കേരളത്തിന് നല്‍കിയത് വിലമതിക്കാനാവാത്ത സാംസ്കാരിക ഔന്നത്യമാണ്. 11 ദിവസം നീണ്ടു നില്ക്കുന്ന സൂര്യ ഫെസ്റ്റിവലിലൂടെ നിരവധി കലാകാരന്മാര്ക്കാണ് അദ്ദേഹം അവസരമൊരുക്കിയത്. സംഗീതം, നാടകം, കവിത, സിനിമ, നൃത്തം, ചിത്രകല എന്നീ വിവിധ സാംസ്കാരിക പരിപാടികള്‍ സൂര്യ ഫെസ്റ്റിവലിലൂടെ അനുവാചകരുടെ മനം കവര്‍ന്നു. ഈ ഫെസ്റ്റില്‍ അതി പ്രശസ്തരും സാധാരണ കലാകാരന്മാരും അണി നിരന്നു. കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ സൂര്യ ഫെസ്റ്റിവലില്‍ രാജ്യത്തിനകത്ത് നിന്നായി 2000 കലാകാരന്മാര്ക്കാണ് അവസരം ലഭിച്ചിരുന്നത്.ഓണാഘോഷം, ഓണം വാരാഘോഷമാക്കിയതിലെ പ്രേരക ശക്തിയും കൃഷ്ണമൂര്‍ത്തിയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് നിന്ന് പ്രവര്‍ത്തിച്ചും അദ്ദേഹം ശ്രദ്ധേയനായി. സൂര്യ എന്ന സാംസ്കാരിക പ്രസ്ഥാനത്തിന് നാല്‍പ്പതോളം രാജ്യങ്ങളില്‍ ചാപ്റ്ററുകളുമുണ്ട്. രാജ്യത്തിനകത്തും പലയിടങ്ങളില്‍ സൂര്യയുടെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ലോകമറിയുന്ന ഒരു സാംസ്കാരിക പ്രസ്ഥാനം കൈരളിയുടെ മണ്ണില്‍ അദ്ദേഹം സ്ഥാപിച്ചു. സൂര്യകൃഷ്ണമൂര്‍ത്തി മടങ്ങുമ്പോഴും സൂര്യ എന്ന മഹാ പ്രസ്ഥാനം ബാക്കിയാവുകയാണ്. അദ്ദേഹം പരിപാലിച്ചതുപോലെ സൂര്യയെ കൂടുതല്‍ തങ്കശോഭയോടെ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് സൂര്യ കൃഷ്ണ മൂര്‍ത്തിക്ക് നല്‍കാനുള്ള ആദരം. കലയ്ക്കും, സംസ്കാരത്തിനും വേണ്ടി നിലകൊണ്ട മഹാ പ്രതിഭയ്ക്ക് ആദരാജ്ഞലികള്‍.
