ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സ്കാനിങ്ങിലൂടെ അല്ലാതെ പണം അടച്ചാല്‍ തുക നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്കൗണ്ടുകളില്‍ എത്തില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). യാത്രികര്‍ അടക്കുന്ന പണം സ്വകാര്യ അക്കൗണ്ടുകളില്‍ എത്തുകയും അധികൃതര്‍ വ്യാജ രസീതുകള്‍ നല്‍കുന്നതായുമാണ് ഇഡി കണ്ടെത്തല്‍.
പണം നല്കുന്ന വാഹനയാത്രികര്‍ക്ക് വ്യാജ രസീതുകള്‍ നല്കാന് ടോള്‍ ഓപ്പറേറ്റര്‍മാര്‍ ‘മൊബ്ഡാറ്റ’, ‘എനി’ എന്നിവയുള്‍പ്പെടെയുള്ള അനധികൃത മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചതായും ഇഡി കണ്ടെത്തി. ഇങ്ങനെ നല്കുന്ന തുകകള്‍ എന്‍എച്ച്എഐയുടെ ഔദ്യോഗിക കണക്കുകളില്‍ വരില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പ്ലാസകളില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഫാസ്ടാഗിലേക്ക് പൂര്‍ണ്ണമായും മാറാത്ത പഴയ വാഹനങ്ങളുടെയും ട്രക്കുകളുടെയും ബിസിനസ് സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാരുമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. സ്കാനിങ് നടക്കാതെ വരുമ്പോഴോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറുകള്‍ വരുമ്പോളോ സാധുവായ ടാഗുകളുള്ള മോട്ടോര്‍ വാഹന ഉടമകള്‍ പോലും ചിലപ്പോള്‍ പണം നല്കാന് മറ്റുമാര്‍ഗങ്ങള്‍ തേടും. മിര്‍സാപൂരിലെ ആട്രൈല ടോള്‍ പ്ലാസയിലും രാജ്യത്തുടനീളമുള്ള മറ്റ് ടോള്‍ പ്ലാസകളിലും വന്‍തോതില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് തട്ടിപ്പു നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന് എന്നിവിടങ്ങളിലെ സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഫൊറന്‍സിക് പരിശോധനയില്‍ ഏകദേശം 100 പ്ലാസകളില്‍ അനധികൃത ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇഡി ഇതുവരെ നടത്തിയ പരിശോധനകളില്‍ ഏകദേശം 1.03 കോടി രൂപയാണ് കണ്ടെടുത്തത്. ഇടനിലക്കാരും എന്‍എച്ച്എഐ ചുമതലപ്പെടുത്തിയ ചില ടോള്‍ ഓപ്പറേറ്റര്‍മാരും ഇഡിയുടെ നിരീക്ഷണത്തിലാണ്.
