മത നേതൃത്വങ്ങള്‍ സമൂഹത്തെ പിന്നിലേക്ക് നയിക്കരുത് (എഡിറ്റോറിയല്‍)

മത നേതൃത്വങ്ങള്‍ സമൂഹത്തെ പിന്നിലേക്ക് നയിക്കരുത് (എഡിറ്റോറിയല്‍)

           ഓണാഘോഷങ്ങളില്‍ മുസ്ലിം യുവതികള്‍ പങ്കെടുത്തതിനെച്ചൊല്ലി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമാട്ടുപോകുന്ന രാജ്യങ്ങളില്‍ പോലും മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് മുസ്ലിം സംഘടനകള്‍ക്കിടയില്‍ വിരുദ്ധാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാന്തപുരം നടത്തിയ പ്രസ്താവന വിവാദമാകുന്നത്. ഇസ്ലാമിക വിശ്വാസത്തില്‍ എങ്ങിനെ ജീവിക്കണമെന്നത് സംബന്ധിച്ച് മുസ്ലിം സംഘടനകള്‍ തമ്മില്‍ തന്നെ യോജിച്ച അഭിപ്രായമില്ല എന്നതും ഇത്തരത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്. സുന്നി വിഭാഗങ്ങള്‍, മുജാഹിദ് വിഭാഗങ്ങള്‍, ജമാഅത്ത് വിഭാഗങ്ങള്‍ എന്നിത്യാദി വിവിധ മുസ്ലിം വിശ്വാസ വിഭാഗങ്ങള്‍ തമ്മില്‍ തന്നെ പല വിഷയങ്ങളിലും പോരടിക്കുന്നതും, അവര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഐക്യമില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.

മുസ്ലിം സ്ത്രീകള്‍ മെക്‌സെവന്‍ എന്ന കൂട്ടായ്മ സംഘടിപ്പിച്ച എക്‌സൈസില്‍ പങ്കെടുക്കുന്നതിനെതിരെയും കാന്തപുരം ഇതുപോലെ വിവാദ പ്രസ്താവന നടത്തിയിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെയും ഖുര്‍ആന്റെയും വീക്ഷണത്തിലാണ് സ്ത്രീകള്‍ക്ക് സാമൂഹിക ഇടപെടലുകളില്‍ പരിധി വേണമെന്ന വാദം കാന്തപുരം ഉന്നയിക്കുന്നതെങ്കില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ചരിത്രമാണ് പ്രവാചകന്റേതെന്നും, സ്ത്രീകള്‍ക്ക് ഖുര്‍ആന്‍ തുല്ല്യ പരിഗണന നല്‍കിയിട്ടുണ്ടെന്നും മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ നിന്നുതന്നെ ശക്തമായ വാദങ്ങളുയരുന്നുണ്ട്. ഈ വാദപ്രതിവാദങ്ങള്‍ തുടരട്ടെ. മുസ്ലിം സ്ത്രീ സമൂഹത്തിന് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന പരിഗണനയെന്താണെന്ന് പൊതു സമൂഹത്തിന് മനസ്സിലാക്കുവാന്‍ ഇത്തരം സംവാദങ്ങള്‍ വഴിയൊരുക്കും.
ഇന്ത്യന്‍ ഭരണഘടനയില്‍ സ്ത്രീക്കും, പുരുഷനും തുല്ല്യ അവകാശമാണ്. അവിടെ വേര്‍തിരിവുകളില്ല. ഭരണഘടനാധിഷ്ഠിതമായ ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ഒരു വിഭാഗത്തിന് നിഷിദ്ധമാണെന്ന കാന്തപുരത്തിന്റെ വാദം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സമൂഹം ഇന്ന് അതിവേഗം പുരോഗമിക്കുകയാണ്. ശാസ്ത്ര-സാങ്കേതിക വളര്‍ച്ച തന്നെയാണ് ഇതിനാധാരം. പഴയ കാലങ്ങളില്‍ നിന്ന് ജനങ്ങളെല്ലാം മാറിയിട്ടുണ്ട്. വിദ്യാസമ്പന്നമായ, പരിഷ്‌കൃതമായ ഒരു ജനതയുടെ ഏറ്റവും നല്ല ഒത്തുചേരലുകളില്‍ ഒന്നാണ് ഓണാഘോഷം. ഓണാഘോഷം ജാതി-മത മറ്റു പരിഗണനകളോ ബാധിക്കാത്ത ഒരുമയുടെ ആഘോഷമാണ്. ആ ആഘോഷ വേളകളില്‍ ആഹ്ലാദ നിമിഷങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുക്കരുതെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്ക് യാതൊരു പ്രസക്തിയുമില്ല. മുസ്ലിം പെണ്‍കുട്ടികള്‍ ഇന്ന് വിദ്യാഭ്യാസ രംഗത്ത് ബഹുദൂരം മുന്നിലാണ്. അവരെ സംരക്ഷിക്കാന്‍ അവര്‍ക്ക് നന്നായറിയാം. പണ്ട് കാലങ്ങളിലുള്ളപോലുള്ള പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിച്ച് അവരുടെ ജീവിതം, ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കാതെ മുന്നോട്ടുപോകുന്നതിന് മുസ്ലിം പെണ്‍കുട്ടികള്‍ ചെറുത്തുനില്‍ക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇതിന്റെ പ്രധാന കാരണം ആധുനിക വിദ്യാഭ്യാസവും വളര്‍ന്നുവരുന്ന പുരോഗമന സാമൂഹിക ചുറ്റുപാടുമാണ്. ഓരോ വ്യക്തിയും, അവന്റെ വിശ്വാസ പ്രകാരമാണ് ദൈവത്തെ സമീപിക്കുന്നത്. അതിന് ഇടനിലക്കാരന്റെ ആവശ്യമില്ല. മതനേതൃത്വങ്ങള്‍ നല്‍കുന്ന തിട്ടൂരങ്ങള്‍ക്ക് വഴിപ്പെടുന്ന ഒരു സമൂഹം അപ്രത്യക്ഷമായി എന്ന യാഥാര്‍ത്ഥ്യമാണ് നാം തിരിച്ചറിയേണ്ടത്.

മത നേതൃത്വങ്ങള്‍ സമൂഹത്തെ പിന്നിലേക്ക് നയിക്കരുത് (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *