കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 കാരനായ ആദിലിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ആദിലിന്റെ കരള്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രധാന അവയവങ്ങളാണ് മൂന്ന് വ്യക്തികള്‍ക്ക് പുതുജീവന്‍ നല്‍കുന്നത്. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് ഡോക്ടര്‍മാര്‍ ആദിലിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. അഗാധമായ ദുഃഖത്തിനിടയിലും അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തിന്റെ തീരുമാനം മാതൃകയായി.
ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ വാഹനാപകടത്തിലാണ് ആദിലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മസ്തിഷ്കമരണം സംഭവിച്ചതിനെ തുടര്‍ന്ന് 16-കാരന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ എടുത്ത ധീരമായ തീരുമാനമാണ് അവയവങ്ങള്‍ കാത്തുകഴിയുന്ന രോഗികള്‍ക്ക് തുണയായത്.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അവയവദാന ഏജന്‍സിയായ കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ഓര്ഗനൈസേഷന്) മുഖേനയാണ് അവയവങ്ങള്‍ വീതിച്ചുനല്‍കുന്നതിനുള്ള പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. കരള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ രോഗിക്കും, ഒരു വൃക്ക കോഴിക്കോട് ബി.എം.എച്ചിലെ രോഗിക്കും, രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കുമാണ് മാറ്റിവെച്ചത്. ആസ്റ്റര്‍ മിംസിലെയും ഗവ. മെഡിക്കല്‍ കോളേജിലെയും വിദഗ്ധ സര്ജന്മാര് ഉള്‍പ്പെടുന്ന സംഘം സംയുക്തമായാണ് സങ്കീര്‍ണ്ണ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
അവന് ഞങ്ങളെ വിട്ടുപിരിഞ്ഞെങ്കിലും മൂന്ന് വ്യക്തികളിലൂടെ ഈ ലോകത്ത് ഇനിയും ജീവിക്കും എന്ന പ്രതീക്ഷയാണ് ഈ തീരുമാനത്തിന് ഞങ്ങള്‍ക്ക് കരുത്തായത് എന്ന് ആദിലിന്റെ അമ്മയും സഹോദരിയും പ്രതികരിച്ചു. ഈ അടിയന്തര സാഹചര്യത്തില്‍ അവയവങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. ഒരു ജീവന് നഷ്ടമാകുമ്പോള്‍ മറ്റു നിരവധി പേര്‍ക്ക് അതൊരു പ്രത്യാശയായി മാറുന്ന മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. സ്വന്തം മകന് നഷ്ടപ്പെട്ട വേദനക്കിടയിലും സമൂഹത്തിന് മാതൃകയാവാന്‍ മുന്നോട്ട് വന്ന മാതാപിതാക്കള്‍ക്കും, കെ-സോട്ടോയോടും മറ്റു അനുബന്ധ വിഭാഗങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായി ആസ്റ്റര്‍ മിംസ് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.
