കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച: പി.എസ്.ശ്രീധരന്‍പിള്ള

കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച: പി.എസ്.ശ്രീധരന്‍പിള്ള

കോഴിക്കോട്: സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്തവിധം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയാണെന്ന് മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. കുറ്റകൃത്യങ്ങള്‍ നിത്യസംഭവമായ സാഹചര്യത്തില്‍ മതനേതാക്കളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.ഗംഗാധരന്‍നായരുടെ ശതാഭിഷേക ആഘോഷ പരിപാടികള്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീട്ടില്‍ മാതാപിതാക്കളും കുട്ടികളും തമ്മില്‍ ആശയവിനിമയം നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നില്ല. ഓരോരുത്തരും അവരവരുടേതായ മേഖലകളിലേക്ക് ഒതുങ്ങുകയാണ്. ഇന്നത്തെ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന് നാം വിലയിരുത്തേണ്ടതുണ്ടെന്ന് പതിമൂന്നുകാരി ക്വട്ടേഷന്‍ നല്‍കി മുത്തച്ഛനെ കൊലപ്പെടുത്തിയ സംഭവത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നമ്മില്‍ ഉണ്ടാക്കുന്ന ആഘാതത്തിന്റെ ആഴവും പരപ്പും വലുതാണ്. ജുവനൈല്‍ ജസ്റ്റിസ് നിയമം ബാധകമായ കുട്ടികളാണ് ഇത്തരം കൊടുംക്രൂരതയ്ക്ക് നേതൃത്വം നല്‍കുന്നത് എന്നത് എന്നെ ആശ്ചര്യപ്പെടുത്തി. രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം പ്രശ്നപരിഹാരത്തിനുള്ള വഴി കണ്ടെത്തേണ്ടതുണ്ട്. യുവതലമുറയെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകസമിതി ചെയര്‍മാര്‍ എ.കെ.ബി. നായര്‍ അധ്യക്ഷത വഹിച്ചു. ഇന്തോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ പ്രസിഡണ്ട് എം.വി.കുഞ്ഞാമു, പയിമ്പ്ര വായനശാല പ്രസിഡണ്ട് ഭാസ്‌ക്കരന്‍മാസ്റ്റര്‍ എന്നിവര്‍ പൊന്നാടഅണിയിച്ചു. എ.കെ.ബി. നായര്‍ ഉപഹാരം നല്‍കി. അമൃതാനന്ദമയിമഠം മഠാധിപതി സ്വാമി വിവേകാമ്യതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ‘പി.ഗംഗാധരന്‍ നായര്‍ സൗഹാര്‍ദ്ദത്തിന്റെ ആള്‍രൂപം’ എന്ന ഗ്രന്ഥം മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ ഡോക്യുമെന്ററി ഫിലിം സംവിധായകന്‍ വേണു താമരശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്തു. പി.ടി.നിസാര്‍ പുസ്തകം പരിചയപ്പെടുത്തി. കേണല്‍ ആര്‍.കെ. നായര്‍, പി.ആര്‍.നാഥന്‍, കെ.എഫ്.ജോര്‍ജ്ജ്, ആറ്റക്കോയ പള്ളിക്കണ്ടി, ഗോപിനാഥ് ചേന്നര എന്നിവര്‍ പ്രസംഗിച്ചു. പി.ഗംഗാധരന്‍ നായര്‍ മറുപടി പ്രസംഗം നടത്തി.

 

 

കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം
കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച: പി.എസ്.ശ്രീധരന്‍പിള്ള

Share

Leave a Reply

Your email address will not be published. Required fields are marked *