എറണാകുളം: സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്താന്‍ കഴിവുള്ള എന്‍ജിനീയര്‍മാരായി വിദ്യാര്‍ത്ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ സംഘടിപ്പിച്ച സീറോ ടു വണ്‍@കെടിയു. 2026 ഇന്‍ഡക്ഷന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേവലം ഒരു ജോലി നേടുക എന്ന ലക്ഷ്യത്തിനപ്പുറം, സമൂഹത്തിനും രാജ്യത്തിനും മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന എന്‍ജിനീയര്‍മാരാകുകയാണ് വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെ ടി യു വിന് കീഴിലുള്ള കോളേജുകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അക്കാഡമിക് യാത്രയ്ക്ക് തുടക്കം കുറിക്കുന്ന പരിപാടിയില്‍ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും പങ്കെടുത്തു.
സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. ഈ മാറ്റങ്ങളെ മനസ്സിലാക്കാനും സാങ്കേതികവിദ്യയെ സ്വായത്തമാക്കാനും അതിലൂടെ സാങ്കേതിക സ്വയംപര്യാപ്തത കൈവരിക്കാനും പുതിയ തലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടവരാണ് എന്‍ജിനീയര്‍മാര്‍. സമൂഹത്തിലെ പ്രശ്നങ്ങളിലേക്ക് തുറന്ന കണ്ണുകളോടെ നോക്കുകയും അവ മനസ്സിലാക്കുകയും അതിന് പ്രായോഗികമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതുമയുടെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തിന്റെയും ഉദാഹരണമായി അരുണാചലം മുരുഗാനന്തം നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി പരാമര്‍ശിച്ചു. നിരവധി വെല്ലുവിളികളും തിരിച്ചടികളും പരിഹാസങ്ങളും നേരിട്ടിട്ടും തന്റെ ആശയത്തില്‍ ഉറച്ചുനിന്ന അദ്ദേഹം കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡ് നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് സാമൂഹിക മാറ്റത്തിന് മാതൃക സൃഷ്ടിച്ചുവെന്ന് മന്ത്രി പറഞ്ഞു.
കേരളം ഇന്ന് കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം, വെള്ളപ്പൊക്കം, മാലിന്യസംസ്കരണം തുടങ്ങി നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് സാങ്കേതികവും ശാസ്ത്രീയവുമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണമെന്നും ”കേവലം ഒരു അസിസ്റ്റന്റ് എന്‍ജിനീയറായി ഒരു സര്‍വീസില്‍ പ്രവേശിക്കുക എന്നതില്‍ ഒതുങ്ങാതെ, സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന മഹത്തായ എന്‍ജിനീയര്‍മാരായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് ജീവിതം അക്കാദമിക പഠനത്തിനുള്ള കാലഘട്ടം മാത്രമല്ലെന്നും വിദ്യാര്‍ത്ഥികളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സ്വന്തം താല്പര്യങ്ങളും ജീവിതലക്ഷ്യങ്ങളും തിരിച്ചറിയുന്നതിനുമുള്ള പ്രധാന ഘട്ടമാണെന്നും മന്ത്രി പറഞ്ഞു.
പരാജയത്തെ ഭയന്ന് പിന്നോട്ടുപോകാതെ, പരാജയങ്ങളെ അഭിമുഖീകരിച്ച് മുന്നോട്ടുപോകാനുള്ള മനസ്സാണ് വിജയത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ക്യാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ സജീവമായി പങ്കാളികളാകണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
പുതിയതായി ക്യാമ്പസുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം ഒരുക്കേണ്ടത് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്വമാണെന്നും പുതിയ വിദ്യാര്‍ത്ഥികളെ അനുജന്മാരെയും അനുജത്തിമാരെയും പോലെ കണ്ട്, അവര്‍ക്ക് മികച്ച ക്യാമ്പസ് അനുഭവം ഉറപ്പാക്കാന്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കോളേജിലെ നാല് വര്‍ഷങ്ങള്‍ വെറും നാല് വര്‍ഷങ്ങള്‍ മാത്രമല്ല. നിങ്ങളുടെ വരാനിരിക്കുന്ന നാല് പതിറ്റാണ്ടുകളുടെയും ഒരുപക്ഷേ മുഴുവന്‍ ജീവിതത്തിന്റെയും അടിത്തറ പാകുന്ന കാലഘട്ടമാണിത്. ഈ അടിത്തറ എത്ര ശക്തമാണോ, നിങ്ങളുടെ മുന്നോട്ടുള്ള യാത്രയും വിജയവും അത്രത്തോളം ശക്തമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് അധ്യക്ഷത വഹിച്ചു. ചാലക്കുടി എംപി ബെന്നി ബെഹ്നാന്, ഫിസാറ്റ് ചെയര്മാന് ഷിമിത്ത് പി. ആര്, ടി സി എസ് കൊച്ചി സെന്റര്‍ ഹെഡ് അരുണ്‍ നാരായണ്‍ ടി, ഫിസാറ്റ് വൈസ് ചെയര്മാന് സച്ചിന് ജേക്കബ് പോള്‍, സര്‍വകലാശാല ഡീന്‍ ഡോ. വിനു തോമസ്, ജെനിബ് ജെ. കാച്ചപ്പിള്ളി, ജയ രാധാകൃഷ്ണന്,ടോം തോമസ്,
അലിയാസ് കെ. തരിയന്‍,സത്യമൂര്‍ത്തി എസ്, ശശി പി. ആര്, അജിത്കുമാര്‍ കെ. കെ, അബ്ദുല്‍ നാസര്‍ എം. പി, ജോര്‍ജ് സി. ചാക്കോ,അനൂപ് കൃഷ്ണന് സി. ആര്,ജോജോ കെ. ജെ, ജയശ്രീ കെ,ഡോ. മിനി പി. ആര്, ഡോ. ഉണ്ണി കര്‍ത്ത ജി, ഡോ. ജോസ് ചെറിയാന്,ഡോ. അര്‍ച്ചന ആര്,ഡോ. ജ്യോതിഷ് കെ. ജോണ്‍, ഡോ. സുമന്‍ലാല്‍ എം. ആര്,ദീപ എന്‍. കര്‍ത്ത,ഡോ. ജേക്കബ് തോമസ് വി. എന്നിവര്‍ പങ്കെടുത്തു.
സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന
എന്‍ജിനീയര്‍മാരായി മാറണം: മന്ത്രി റോജി എം. ജോണ്‍
