കോഴിക്കോട്: സ്പര്‍ശം ഗോള്‍ഡ് ആന്റ് ഡയമണ്ടില്‍ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ടതായി ആര്‍.ആര്‍. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍ പൂതുക്കാട് സ്വദേശികളായ രാഗേഷ്, രജീഷ് എന്നിവരാണ് തട്ടിപ്പ് നടത്തി മുങ്ങിയത്. കോഴിക്കോട് അരക്കിണര്‍, മാത്തോട്ടം, കോട്ടയ്ക്കല്‍, കണ്ണൂര്‍, തലശ്ശേരി, കാഞ്ഞിരമറ്റം, എറണാകുളം, എടപ്പള്ളി എന്നിവിടങ്ങളില്‍ ജ്വല്ലറി ആരംഭിക്കാന്‍ നിക്ഷേപമായാണ് 3000 പേരില്‍ നിന്ന് 350 കോടിയോളം രൂപ തട്ടിയെടുത്തത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം 900 രൂപ ലഭിക്കുമെന്നും 202 ദിവസംകൊണ്ട് ഇടപാട് ക്ലോസ് ചെയ്യുമെന്നുമായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ ഇടപാടുകള്‍ കുഴപ്പമില്ലാതെ നടന്നപ്പോള്‍, പലരും ലാഭ വിഹിതം കൂടി തുടര്‍ നിക്ഷേപം നടത്തി. 2025 മാര്‍ച്ചോടെ എല്ലാ ഇടപാടുകളും മുന്നറിയിപ്പില്ലാതെ നിര്‍ത്തുകയായിരുന്നു. ഇതോടെയാണ് നിക്ഷേപിച്ച പണം നഷ്ടമായതായി വ്യക്തമായത്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഫണ്ട് ബാങ്കുകള്‍ ഫ്രീസ് ചെയ്തിരിക്കുകയാണെന്നാണ് പറഞ്ഞത്. തമിഴ്‌നാട്ടിലും, മറ്റിടങ്ങളില്‍ നിന്നും സമാന രീതിയില്‍ നിക്ഷേപം ശേഖരിച്ചിട്ടുണ്ട്. അന്വേഷിച്ചപ്പോള്‍ ഇവരുടെ ഒരു ഫണ്ടും ഫ്രീസ് ചെയ്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവര്‍ക്കെതിരെ 23 പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗോള്‍ഡ് കച്ചവടത്തിലൂടെയും ബുള്ളിന്‍ ട്രേഡിംങിലൂടെയും ലാഭമുണ്ടാക്കി, അത് നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്. പണം തിരികെ ആവശ്യപ്പെട്ട് ഫോണ്‍ ചെയ്താല്‍ ഇവര്‍ ഫോണ്‍ എടുക്കാറില്ല. ഒന്നര വര്‍ഷമായി ഒരു നിക്ഷേപകനും ഇവര്‍ പണം തിരികെ കൊടുത്തിട്ടില്ല. തങ്ങളുടെ പണം തരാനുള്ളപ്പോള്‍തന്നെ ഇവര്‍ ടൂറിസം ഡവലപ്‌മെന്റ് പ്രൊജക്ടിനായി പണം വാങ്ങിയിട്ടുണ്ട്.
2023ലാണ് ആദ്യ ജ്വല്ലറി ഇവര്‍ ആരംഭിക്കുന്നത്. ഒരു പ്രദേശത്ത് ജ്വല്ലറി ആരംഭിക്കാന്‍ 10 പേരില്‍ നിന്ന് 10 ലക്ഷം രൂപ കലക്ട് ചെയ്യുകയും ജ്വല്ലറി തുടങ്ങുകയുമാണ് ഇവരുടെ രീതി. ഒരു ജ്വല്ലറിയില്‍ ഒരു കിലോ സ്വര്‍ണ്ണം എപ്പോഴും ഉണ്ടാവണമെന്നാണ് വ്യവസ്ഥ. അതുപ്രകാരം 2025ല്‍ സ്ഥാപനങ്ങള്‍ ക്ലോസ് ചെയ്യുമ്പോള്‍ ഇവരുടെ പക്കല്‍ 9 കിലോ സ്വര്‍ണ്ണം കൈവശമുണ്ടാവണം. പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പിനിരയായവര്‍ പലരും പരാതി നല്‍കിയെങ്കിലും കേസെടുക്കാത്ത സാഹചര്യം വന്നപ്പോള്‍ ആഭ്യന്തര മന്ത്രിയെ നേരില്‍ കാണുകയും, അദ്ദേഹം കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി എഡിജിപിയെ ചുമതലപ്പെടുത്തുകയും, എഡിജിപി തൃശൂര്‍ ഡിഐജിയെ ബന്ധപ്പെടാന്‍ പറയുകയും, ഡിഐജിയെ കണ്ടതിനു ശേഷം തൃശൂര്‍ എസ് പിയെ കാണുകയും അതിന്റെ ഭാഗമായി ഇവര്‍ക്കെതിരെ 30ഓളം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. നിക്ഷേപകരില്‍ പലരും ജീവിത ദുരിതം പേറുന്നവരാണ്. പണം ലഭിക്കാത്തതിനാല്‍ ആത്മഹത്യയും നടന്നിട്ടുണ്ട്. കേസ് ഇപ്പോള്‍ എസ്‌ഐടി അന്വേഷിക്കുകയാണ്. നിക്ഷേപകരുടെ പണം തിരികെ ലഭിക്കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ശക്തമായ പ്രവര്‍ത്തനം നടത്തിവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി പ്രസിഡണ്ട് സുനില്‍ കുമാര്‍.പി.എം, സെക്രട്ടറി സലീം.എം.നടുവട്ടം, ഭാരവാഹികളായ അഷ്‌റഫ്.പി, റംല.വി.കെ. മാങ്കാവ്, സാലി മീഞ്ചന്ത എന്നിവര്‍ പങ്കെടുത്തു.
