ജനാധിപത്യ സമരങ്ങളെ കയ്യൂക്ക് കൊണ്ടല്ല നേരിടേണ്ടത്

ജനാധിപത്യ സമരങ്ങളെ കയ്യൂക്ക് കൊണ്ടല്ല നേരിടേണ്ടത്

            ലോകത്തിന് ജനാധിപത്യ മാതൃകയായ ഇന്ത്യയില്‍ യുവജന സമൂഹം നടത്തുന്ന പ്രക്ഷോഭത്തെ കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന രീതി അപമാനകരമാണ്. നീറ്റ് പരീക്ഷയടക്കമുള്ള പരീക്ഷകളിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും, ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമാവശ്യപ്പെട്ടുമാണ് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനാധിപത്യപരമായ മാര്‍ഗ്ഗത്തില്‍ പ്രക്ഷോഭം നടത്തുന്നത്. ആ പ്രക്ഷോഭത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം. പ്രക്ഷോഭകരുമായി ചര്‍ച്ച ചെയ്ത് അവരുന്നയിക്കുന്ന തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണം. പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ക്രൂരമായി അക്രമിക്കുന്ന കാഴ്ചയാണ് രാജ്യം ദര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ പ്രകടനമാണ് ലോകം കണ്ട്‌കൊണ്ടിരിക്കുന്നത്. ജനാധിപത്യമാണ് ഇന്ത്യയുടെ ശക്തി, അതാണ് മോദി സര്‍ക്കാര്‍ തകര്‍ക്കുന്നത്. ഏകാധിപത്യവും, ഫാസിസത്തിലധിഷ്ഠിതവുമായ നടപടിക്രമങ്ങളിലൂടെയാണ് മോദി സര്‍ക്കാരിന്റെ യാത്ര. മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ഓരോ നിയമങ്ങളും വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ഇന്ത്യ-അമേരിക്കന്‍ കാര്‍ഷിക കരാറിനെതിരെ കര്‍ഷകരും പ്രക്ഷോഭത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ  കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന് മുന്‍പില്‍ അവസാനം എന്‍ ഡി എ സര്‍ക്കാറിന് മുട്ടുകുത്തേണ്ടി വന്നത് എല്ലാവരും കണ്ടതാണ്. രാജ്യത്തെ തിരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടികള്‍ക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. വഖഫ് ബില്‍, പൗരത്വ ബില്‍ എന്നിവയിലെല്ലാം ന്യൂനപക്ഷ പ്രതിഷേധവും ആശങ്കയും രാജ്യം ദര്‍ശിച്ചതാണ്. ലോബര്‍ കോഡുകള്‍ നടപ്പിലാക്കി തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഇല്ലാതാക്കിയതടക്കമുള്ള വിമര്‍ശനങ്ങളുമായി ട്രേഡ് യൂണിയനുകളും സമര പാതയിലാണ്. രാജ്യത്തെ ഹിന്ദു-മുസ്ലിം സമൂഹങ്ങള്‍ക്കിടയിലുണ്ടായ ചേരിതിരിവിന്റെ  അടിസ്ഥാനം ബിജെപിയുടെ പ്രവര്‍ത്തനങ്ങളാണെന്നതാണ് വസ്തുത. സ്വാതന്ത്ര്യാനന്തരം ഏകോദര സഹോദരങ്ങളെ പോലെ കഴിഞ്ഞ ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയും, വെറുപ്പും ഉണ്ടായതിന്റെ പശ്ചാത്തലവും രാജ്യത്ത് ഇന്ന് തഴച്ചു വളരുന്ന വര്‍ഗ്ഗീയതയാണ്. വര്‍ഗ്ഗീയതക്കെതിരായി രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളും ശക്തമായ പ്രതിരോധം സൃഷ്ടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം വലിയ വിവാദമാണ് സൃഷ്ടിച്ചിട്ടുള്ളത്. വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പരിധിയില്‍ നിന്നിരുന്ന വിഷയമെങ്കില്‍ അതില്‍ കയറി ഇടപെട്ട് രാജ്യത്തെ ഫെഡറലിസത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കാതെ, സമ്മര്‍ദ്ദത്തിലാക്കി, പി എം ശ്രീ പദ്ധതി അടിച്ചേല്‍പ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റമെന്ന് പ്രധാനമന്ത്രി പറഞ്ഞത്‌കൊണ്ടായില്ല. അത് ചെയ്തവരെ കര്‍ശനമായി ശിക്ഷിക്കണം. ഈ തെറ്റിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. ജനാധിപത്യ ശക്തികളെ അടിച്ചമര്‍ത്താന്‍ ഇന്ത്യയില്‍ നടന്ന ശ്രമങ്ങളെ ധീരമായി നേരിട്ട രാജ്യമാണ് ഇന്ത്യ. ജനാധിപത്യ സമരങ്ങളെ കേന്ദ്ര സര്‍ക്കാര്‍ മര്‍ക്കട മുഷ്ടിയില്‍ നേരിട്ടാല്‍ അത് ജനങ്ങളുടെ കോടതിയില്‍ മറുപടി പറയേണ്ടിവരികതന്നെ ചെയ്യും.

ജനാധിപത്യ സമരങ്ങളെ കയ്യൂക്ക് കൊണ്ടല്ല നേരിടേണ്ടത്

Share

Leave a Reply

Your email address will not be published. Required fields are marked *