ടീ ഷാഹുല്‍ ഹമീദ്
മനുഷ്യവിവേകവും യന്ത്രവേഗതയും കൈകോര്‍ക്കുമ്പോള്‍ മാനവചരിത്രത്തിന്റെ ഏറ്റവും നിര്‍ണായകമായ ഒരു വഴിത്തിരിവിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) സാങ്കേതിക വിദ്യ അത്യുന്നതിയില്‍ നില്ക്കുന്ന 2026-ലാണ് ആഗോള ബിസിനസ്-ഭരണ മേഖലകളില്‍ അഭൂതപൂര്‍വമായ പരിവര്‍ത്തനം ഉണ്ടാകുവാന്‍ പോകുന്നത്. ശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ നിര്‍മിത ബുദ്ധി വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കേവലം ഒരു സാങ്കേതിക വിപ്ലവം മാത്രമല്ല; മറിച്ച് മനുഷ്യന്റെ ചിന്തകളെയും ജീവിതരീതികളെയും തൊഴില്‍ സംസ്കാരത്തെയും അടിമുടി മാറ്റിമറിക്കുന്ന ഒന്നാണ്. ആഗോള വിപണിയിലും വിദ്യാഭ്യാസ രംഗത്തും ഭരണസംവിധാനങ്ങളിലും എ ഐ ഇന്ന് അതിന്റെ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍, ഈ യന്ത്രക്കുതിപ്പിനിടയില് മനുഷ്യന്റെ പങ്ക് എന്താണ് എന്ന ചോദ്യം ഇന്ന് ശക്തമായി ഉയരുകയാണ്.
തൊഴില്‍ മേഖലയിലെ എഐ വിപ്ലവം:
സഹവര്‍ത്തിത്വത്തിന്റെ പുതിയ യുഗം ഇന്ന് തൊഴിലിടങ്ങളില്‍ വലിയൊരു വിഭാഗം ജീവനക്കാരും ഏതെങ്കിലും തരത്തില്‍ എ ഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനപ്പുറം, മനുഷ്യനും എ ഐയും തമ്മിലുള്ള ആശയവിനിമയം മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നത് കുറച്ചുപേര്‍ക്ക് മാത്രമാണ്. മുന്‍കാലങ്ങളില്‍ മനുഷ്യനും യന്ത്രങ്ങളും വ്യത്യസ്ത വശങ്ങളില് ഒരേസമയം ജോലി ചെയ്യുന്ന അവസ്ഥയായിരുന്നുവെങ്കില്‍, ഇന്നത് പരസ്പരപൂരകമായി ലയിച്ചുചേരുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു.
പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഡെലോയിറ്റിന്റെ (
Deloitte) 2026 ലെ റിപ്പോര്‍ട്ട് പ്രകാരം, എഐയുടെ വരവോടെ തൊഴില്‍ സംസ്കാരത്തില്‍ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. അന്തിമ തീരുമാനമെടുക്കുവാനുള്ള അധികാരം മനുഷ്യന് നിലനിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എ ഐ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നത്. ഇവിടെ സാങ്കേതികവിദ്യയുടെ വേഗതയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ മനുഷ്യന്റെ വിവേകം ആവശ്യമായി വരുന്നു.
ഈ പുതിയ തൊഴില്‍ ചക്രത്തില്‍ മനുഷ്യന്റെ പങ്ക് പ്രധാനമായും നാല് തലങ്ങളിലായി പുനര്‍നിര്‍വചിക്കപ്പെട്ടിരിക്കുന്നു:
AI Coach / Steward (പരിശീലകരും മേല്‍നോട്ടക്കാരും):
മനുഷ്യന്റെ കഴിവിനെ മെച്ചപ്പെടുത്താനും എ ഐ ടൂളുകളെ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. എ ഐ നല്കുന്ന ഔട്ട്പുട്ട് യഥാര്‍ത്ഥ സാഹചര്യങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്നും, അത് സ്വീകരിക്കണമോ തള്ളണമോ എന്നും തീരുമാനിക്കുന്നത് ഇവരാണ്.
AI Collaborator (സഹപ്രവര്‍ത്തകര്‍):
മനുഷ്യനൊപ്പം ചേര്‍ന്ന് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്ന പങ്കാളിയാണിത്. ജോലി എക്സിക്യൂട്ട് ചെയ്യുന്നതിന് മുന്‍പ് ഏത് തരത്തിലുള്ള ഉത്തരവാദിത്തങ്ങളാണ് എഐക്ക് നല്‍കേണ്ടതെന്ന് ഈ വിഭാഗം തീരുമാനിക്കുന്നു.
AI Assistatn (സഹായി):
ദൈനംദിന ലളിതമായ ജോലികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ സഹായികള്‍.
AI Autonomy (സ്വയംഭരണ സംവിധാനങ്ങള്‍):
മനുഷ്യന്റെ ഇടപെടലുകള്‍ ഇല്ലാതെ തന്നെ കൃത്യതയോടെ നിസ്സാരവും ആവര്‍ത്തന സ്വഭാവമുള്ളതുമായ ജോലികള്‍ സ്വയം ചെയ്യുന്ന സംവിധാനങ്ങള്‍.
സാങ്കേതിക അമിതാശ്രയത്വവും വിവേചനബുദ്ധിയുടെ തകര്‍ച്ചയും:
ഇന്റര്‍നെറ്റിലെ ഉള്ളടക്കങ്ങളുടെ പകുതിയിലധികവും എ ഐ നിര്‍മ്മിതമാകുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യന്റെ സര്‍ഗ്ഗാത്മകതയും കഴിവും വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്. എല്ലാ കാര്യങ്ങള്‍ക്കും അമിതമായി എ ഐ യെ ആശ്രയിക്കുന്നത് ജീവനക്കാരുടെ സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷി, ചിന്താശേഷി, വിവേചന ബുദ്ധി എന്നിവയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
അനുഭവസമ്പത്ത് കുറഞ്ഞ ജീവനക്കാര്‍ എ ഐ ഉപയോഗിച്ച് വളരെ പെട്ടെന്ന് ആകര്‍ഷകമായ, എന്നാല്‍ ആഴമില്ലാത്ത റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന പ്രവണത ഇന്നത്തെ ഓഫീസുകളില്‍ വ്യാപകമാണ്. ഇത് സ്ഥാപനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നു. മുന്‍കാല ഡാറ്റകളെ മാത്രം അടിസ്ഥാനമാക്കി എ ഐ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ചു സ്വീകരിക്കുമ്പോള്‍, പുതിയ ആശയങ്ങളും വൈവിധ്യമാര്‍ന്ന ചിന്തകളും ഇല്ലാതാവുകയും നവീകരണ സാധ്യതകള്‍ മങ്ങുകയും ചെയ്യുന്നു.
വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും പ്രതിസന്ധികളും:
സ്കൂളുകളിലും കോളേജുകളിലും എ ഐ ഉപയോഗം അതിവേഗം വര്‍ദ്ധിച്ചുവരികയാണ്. ഏതാണ്ട് 88% വിദ്യാര്‍ത്ഥികളും തങ്ങളുടെ പഠന ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ എ ഐ ഉപയോഗപ്പെടുത്തുന്നുണ്ട്. ഗണിതം, കോഡിംഗ് തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗതമായ പിന്തുണ നല്കാന് എ ഐക്ക് സാധിക്കുന്നു. കേവലം വിവരങ്ങള്‍ മനപ്പാഠമാക്കുന്ന രീതിയില്‍ നിന്ന് മാറി, കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും വിശകലനം ചെയ്യാനും എഐ പുതിയ തലമുറയെ സഹായിക്കുന്നുണ്ട്. കോഡിംഗിലെ പിഴവുകള്‍ കണ്ടെത്തുന്നത് മുതല്‍ ഗണിത ഒളിമ്പ്യാഡുകളില്‍ സ്വര്‍ണ്ണം നേടാന്‍ സഹായിക്കുന്ന തരത്തില്‍ വരെ എ ഐ വികസിച്ചു കഴിഞ്ഞു. ഉയര്‍ന്ന ഗവേഷണങ്ങള്‍ നടത്തുന്ന പിഎച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് പോലും സയന്‍സ് വിഷയങ്ങളില്‍ കഠിനമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഇന്ന് എഐക്ക് സാധിക്കുന്നു.
എന്നാല്‍, ഇതിനൊരു മറുപുറവുമുണ്ട്. 88% വിദ്യാര്‍ത്ഥികള്‍ ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും പകുതിയിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതിനായി കൃത്യമായ നയങ്ങളോ ഗൈഡ്ലൈനുകളോ ഇല്ല. ഇത് അധ്യാപകരെ വലിയ രീതിയില്‍ ആശയക്കുഴപ്പത്തിലാക്കുന്നു. ഗണിതത്തില്‍ സ്വര്‍ണ്ണം നേടുമ്പോഴും ഒരു ക്ലോക്കിലെ സമയം കൃത്യമായി പറയാന്‍ കഴിയാത്ത വിചിത്രമായ പിഴവുകളും എഐ വരുത്താറുണ്ട്. വിപണിയില്‍ വ്യാജവിവരങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും അതിനെ നിയന്ത്രിക്കാനുള്ള കൃത്യമായ മേല്‍നോട്ട സംവിധാനം വിദ്യാഭ്യാസ രംഗത്ത് ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു.
ആഗോള വിപണിയിലെ കടുത്ത മത്സരവും ചിപ്പ് യുദ്ധവും:
എഐ സാങ്കേതികവിദ്യയുടെ നിര്‍മാണത്തിലും വികസനത്തിലും ലോകരാജ്യങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അമേരിക്കയുടെയും ചൈനയുടെയും മുന്നേറ്റം ഈ മേഖലയില്‍ പ്രകടമാണ്. ഗൂഗിളിന്റെ Gemini DeepThink , ഓപ്പണ്‍ എഐ (OpenAI) ടൂളുകള്‍ എന്നിവയ്ക്ക് പുറമെ, ചൈനീസ് ഓപ്പണ്‍ സോഴ്സ് മോഡലായ DeepSeek-R1 തുടങ്ങിയവ ഇന്ന് ആഗോളതലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതിക മികവിന്റെ അന്തരം വെറും 2.7 % ആയി ചുരുങ്ങിയിരിക്കുന്നു. പേറ്റന്റുകളിലും റോബോട്ടിക്സിലും ചൈന മുന്നേറുമ്പോള്‍, വന്‍തോതിലുള്ള സാമ്പത്തിക നിക്ഷേപം കൊണ്ട് അമേരിക്ക ഈ മേഖലയില്‍ പിടിച്ചുനില്ക്കാന് ശ്രമിക്കുകയാണ്.
ഈ സാങ്കേതിക വിപ്ലവത്തിന്റെ നിയന്ത്രണകേന്ദ്രം എന്ന് പറയുന്നത് എഐ ചിപ്പുകളാണ്. ലോകത്തിലെ ഏറ്റവും മുന്‍നിര എഐ ചിപ്പുകള്‍ നിര്‍മിക്കുന്നത് തായ്വാനിലെ
TSMC (Taiwan Semiconductor Manufacturing Company)എന്ന കമ്പനിയാണ്. എന്നാല്‍ ഈ ചിപ്പുകളുടെ ഡിസൈനിംഗും സാങ്കേതികവിദ്യയും ഭൂരിഭാഗവും അമേരിക്ക കേന്ദ്രീകരിച്ചാണ് കിടക്കുന്നത്. സാങ്കേതികവിദ്യയുടെ ഈ ആഗോള വികേന്ദ്രീകരണവും സപ്ലൈ ചെയിന്‍ രാഷ്ട്രീയവും വിപണിയിലെ പുതിയ തൊഴില്‍ സാധ്യതകളെയും സാമ്പത്തിക സമവാക്യങ്ങളെയും സ്വാധീനിക്കുന്നുണ്ട്.
ഗാലപ് റിപ്പോര്‍ട്ട് 2026:
മനുഷ്യവിഭവശേഷിയുടെ താല്പര്യക്കുറവ് എന്ന വെല്ലുവിളി
സാങ്കേതികവിദ്യ അതിവേഗം കുതിക്കുമ്പോഴും ആഗോളതലത്തില്‍ ജീവനക്കാരുടെ തൊഴില്‍ താല്പര്യത്തിലും ഉല്‍പ്പാദനക്ഷമതയിലും വന്‍ ഇടിവ് രേഖപ്പെടുത്തുന്നതായി പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ഗാലപ് (Gallup) പുറത്തുവിട്ട 2026-ലെ റിപ്പോര്‍ട്ട് പ്രകാരം, ലോകമെമ്പാടുമുള്ള ജീവനക്കാരുടെ ജോലിയിലുള്ള മാനസികമായ അടുപ്പവും താല്പര്യവും 20 ശതമാനമായി താഴ്ന്നിരിക്കുകയാണ്.
2022-ല്‍ ജീവനക്കാരുടെ തൊഴില്‍ പങ്കാളിത്തം 23% ആയിരിന്നു. ചരിത്രത്തില്‍ ആദ്യമായാണ് ആഗോളതലത്തില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷം ഈ നിരക്ക് താഴേക്ക് പോകുന്നത്. ലോകത്ത് ഒരൊറ്റ മേഖലയില്‍ പോലും കഴിഞ്ഞ വര്‍ഷം തൊഴില്‍ പങ്കാളിത്തം ഉയര്‍ന്നിട്ടില്ല. ഇതില്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയിലാണ്. ജീവനക്കാരുടെ ഈ താല്പര്യക്കുറവ് കാരണം കഴിഞ്ഞ വര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് നഷ്ടമായത് ഏകദേശം 10 ട്രില്യണ്‍ ഡോളറാണ് (ലോക ജിഡിപിയുടെ 9 ശതമാനത്തോളം).
എ ഐ വ്യക്തിഗതമായി ജീവനക്കാരുടെ ജോലി എളുപ്പമാക്കുന്നുണ്ടെങ്കിലും, സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് അത് എത്രത്തോളം സഹായിക്കുന്നു എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ജീവനക്കാര്‍ക്ക് ജോലിയില്‍ താല്പര്യമില്ലാതാകുമ്പോള് ഓഫീസുകളില്‍ പരസ്പര ബന്ധങ്ങള്‍ കുറയുകയും, ഒറ്റപ്പെടലുകള്‍ കൂടുകയും ചെയ്യുന്നു. ഇത് സ്ഥാപനങ്ങളുടെ കൂട്ടായ്മ സംസ്കാരത്തെ നിശബ്ദമായി തളര്‍ത്തുന്നു. ജീവനക്കാരുടെ മാനസികമായ സംതൃപ്തിയും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തിയാല്‍ മാത്രമേ വരാനിരിക്കുന്ന എഐ യുഗത്തില്‍ സ്ഥാപനങ്ങള്‍ക്ക് സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കൂ എന്ന് ഗാലപ് റിപ്പോര്‍ട്ട് അടിവരയിടുന്നു.
ഡിജിറ്റല്‍ സുരക്ഷാ ഭീഷണികളും പരിഹാര മാര്‍ഗ്ഗങ്ങളും:
എഐ നല്കുന്ന അനന്തമായ സാധ്യതകള്‍ക്കൊപ്പം തന്നെ വലിയ സുരക്ഷാ ഭീഷണികളും ഉയരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡീപ് ഫേക്ക് (Deepfake) സാങ്കേതികവിദ്യയും വ്യാജ വിവരങ്ങളും (Disinformation). യഥാര്‍ത്ഥമേത് വ്യാജമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാം. അതിനാല്‍ സൈബര്‍ സെക്യൂരിറ്റിയില്‍ നിന്നും ‘ഡിസ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി’ എന്ന ആശയത്തിലേക്ക് ലോകം മാറേണ്ടതുണ്ട്.
ഇതിനുള്ള പ്രധാന പരിഹാര മാര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നവയാണ്:
1. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ:
എഐ നല്കുന്ന ഡാറ്റയുടെ ഉറവിടം ട്രാക്ക് ചെയ്യാനും വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്താനും ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കണം. ഇതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നിര്‍ബന്ധമാക്കണം.
2-ഉള്ളടക്ക ലേബലിംഗ്
ഒരു പ്രോജക്റ്റിലോ റിപ്പോര്‍ട്ടിലോ എത്രത്തോളം എഐ ഉപയോഗിച്ചിട്ടുണ്ടെന്നും എത്രത്തോളം മനുഷ്യന്റെ ഇടപെടല്‍ ഉണ്ടെന്നും വ്യക്തമാക്കുന്ന ലേബലുകള്‍ നിര്‍ബന്ധമാക്കണം. ഇത് അധ്വാനത്തിന്റെ മൂല്യവും വിശ്വാസ്യതയും നിലനിര്‍ത്താന്‍ സഹായിക്കും.
3- എഐ ലിറ്ററസി
ജീവനക്കാരെ കേവലം ടൂളുകള്‍ ഉപയോഗിക്കാന്‍ മാത്രം പഠിപ്പിച്ചാല്‍ പോരാ; അതിലെ റിസ്ക് തിരിച്ചറിയുവാനുള്ള കഴിവും കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരവും അവര്‍ക്ക് നല്‍കണം.
4- അന്തിമ അധികാരം മനുഷ്യന്:
സാങ്കേതികവിദ്യ എത്ര വേഗത്തില്‍ വിവരങ്ങള്‍ തന്നാലും, അതില്‍ ഏതാണ് സത്യം ഏതാണ് കള്ളം എന്ന് തിരിച്ചറിയാനുള്ള അന്തിമ അധികാരം മനുഷ്യന് കൈവിടരുത്. യന്ത്രം വേഗത നല്കുമ്പോള് അതിന് വിവേകവും സുരക്ഷയും നല്‍കേണ്ടത് മനുഷ്യനാണ്.
ഉപസംഹാരം:
മനുഷ്യകേന്ദ്രീകൃതമായ ഒരു എഐ സംസ്കാരം
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് എഐയുടെ ശേഷി കൂടുന്നതിനനുസരിച്ച് അതിന്റെ സുരക്ഷിതത്വം വര്‍ദ്ധിക്കുന്നില്ല എന്നാണ്. എഐയുടെ സുരക്ഷ കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ കൃത്യത കുറയുന്നതായും കാണാം. ഇവിടെയാണ് മനുഷ്യവിവേകത്തിന്റെ പ്രസക്തി. സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ കൃത്യമായി തീരുമാനങ്ങള്‍ എടുക്കുവാനും സര്‍ഗാത്മകമായി ചിന്തിക്കുവാനും സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കുവാനും മനുഷ്യന് മാത്രമേ സാധിക്കുകയുള്ളൂ.
എഐ മനുഷ്യനെ മാറ്റിസ്ഥാപിക്കുകയല്ല ചെയ്യുന്നത്, മറിച്ച് മനുഷ്യന്റെ ജോലിയെ കൂടുതല്‍ ഉയര്‍ന്ന ഉത്തരവാദിത്തമുള്ള ഒന്നാക്കി മാറ്റുകയാണ് ചെയ്യുന്നത്. മനുഷ്യകേന്ദ്രീകൃതമായ ഒരു വര്‍ക്ക് സൈക്കിളിലൂടെ സാങ്കേതികവിദ്യയും മനുഷ്യന്റെ സുരക്ഷയും തമ്മിലുള്ള വ്യത്യാസം കുറച്ചുകൊണ്ടുവരേണ്ടതുണ്ട്. നിര്‍മിത ബുദ്ധിയെ ഭയപ്പെടേണ്ടതില്ല, മറിച്ച് വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും കൂടെക്കൂട്ടുകയാണ് വേണ്ടത്. സാങ്കേതികവിദ്യയുടെ കരുത്തും മനുഷ്യത്വത്തിന്റെ നന്മയും സമന്വയിപ്പിച്ചു കൊണ്ട് മാത്രമേ സുരക്ഷിതവും സുസ്ഥിരവുമായ ഒരു നവലോകം കെട്ടിപ്പടുക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.
നിര്‍മിത ബുദ്ധിയും നാളത്തെ ലോകവും
