പുതിയ സര്‍ക്കാരിന്റെ പുതിയ കേരളം, നിര്‍ദ്ദേശങ്ങളുമായി സിസിഎസ്ആര്‍
കോഴിക്കോട്: പുതിയ സര്‍ക്കാര്‍ പുതിയ കേരളം സൃഷ്ടിക്കുമെന്നവാഗ്ദാനം സ്വാഗതം ചെയ്യുന്നതായി സെന്‍ട്രല്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ആന്‍ഡ് റിസര്‍ച്ച് സ്റ്റഡീസ് (സിസിഎസ്ആര്‍) ചെയര്മാന് ഡോക്ടര്‍ എം.എം ബഷീറും ജനറല്‍ സെക്രട്ടറി അഡ്വ.ശിവന്മഠത്തിലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാനുണ്ടെന്നും സര്‍ക്കാര്‍ അത് പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരെ നിയമിക്കുമ്പോള്‍ മെറിറ്റ് യോഗ്യത മാനദണ്ഡം അല്ലാതെ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും സിഎംപിക്കും, കേരള കോണ്‍ഗ്രസ് ജോസഫിനും, ഹൈക്കോടതിയ്ലെ 32 ഓളം അഭിഭാഷകരെ വീതം വച്ച് നല്‍കരുത്. ഇത് സംബന്ധിച്ച് 1978ലെ കേരള ഹൈക്കോടതി വിധിയും ചെന്നൈ ഹൈക്കോടതി വിധിയും മാര്ഗ്ഗനിര്ദ്ദേശമാക്കണം. ജില്ലാ കോടതികളിലും മറ്റു കോടതികളിലും സര്‍ക്കാര്‍ അഭിഭാഷകരെ നിയമിക്കുമ്പോഴും അത് പാലിക്കപ്പെടണം. സര്‍ക്കാര്‍ ഇത് പാലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്കി. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഒന്നും ഒന്നരയും ലക്ഷമാണ് സര്‍ക്കാര്‍ വേതനം നല്‍കുന്നത്. മറ്റു ചിലവുകള്‍ വേറെ. എന്നിട്ടും റവന്യു നികുതി കുടിശ്ശിക ഇനത്തില്‍ 7758 കോടി രൂപയാണ് ലഭിക്കാനുള്ളത്. കടക്കെണിയിലായ കേരളത്തിന് ലഭിക്കേണ്ട തുകയാണിത്. സര്‍ക്കാര്‍ അഭിഭാഷകര്‍ കുറ്റമറ്റ രീതിയില്‍ കേസ് നടത്തുന്നുണ്ടോ എന്ന് സര്‍ക്കാര്‍ നിരീക്ഷിക്കണം. സര്‍ക്കാര്‍ അഭിഭാഷകര്‍ അനഭിലഷ നീയമായ പ്രവണതകള്‍ക്ക് വഴിപെടരുത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഡെപ്യൂട്ടേഷനില്‍ നിയമനം നല്കിയാല് കോടികള്‍ ഖജനാവിന് ലാഭമാണ്. അതുപോലെ അവര്‍ക്ക് പെന്ഷന് നല്‍കുന്നതും ശരിയല്ല. പൊതുജനങ്ങള്‍ക്ക് അലോസരം ഉണ്ടാക്കുന്നതും സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്നതുമായ പോലീസ് എസ്കോട്ട് നിയന്ത്രണം വേണം. നിയമസഭ സമ്മേളിക്കാത്ത ദിവസങ്ങളില്‍ മന്ത്രിമാര്‍ ഓഫീസിലിരുന്ന് പൊതുജനങ്ങളുടെ ആവലാതികള്‍ക്ക് പരിഹാരം കണ്ടെത്തണം. വ്യക്തികളുടെ കച്ചവട താല്പര്യങ്ങള്ക്ക് മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സമയം പാഴാകുന്നതും അതിനുവേണ്ടി സുരക്ഷാക്രമീകരണം ഒരുക്കുന്നതും ഒഴിവാക്കണം. കുടിയൊഴിപ്പിക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കണം പോലീസിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. ശുദ്ധജല ശുദ്ധീകരണത്തിന്റെ പേരില്‍ അമിതമായി ക്ലോറിനും രാസവസ്തുക്കളും ചേര്‍ക്കുന്നത് ഒഴിവാക്കുക, ജലശുദ്ധീകരണശാലയോട് ചേര്‍ന്ന് ഗുണനിലവാര ലാബുകള്‍ സ്ഥാപിക്കണം, തെരുവ് നായ ശല്ല്യം സുപ്രീം കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണം. മാലിന്യ സംസ്കരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. സ്ത്രീകള്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാന്‍ സാഹചര്യം ഒരുക്കാന്‍ ആഭ്യന്തര വകുപ്പ് ഇടപെണം, വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുകയും സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുകയും വേണം.
വാര്‍ത്താസമ്മേളനത്തില്‍ സിസിഎസ്ആര്‍ വൈസ്ചെയര്‍മാന്‍ എം. ഡി ജോസ്, എക്സിക്യൂട്ടീവ് അംഗം ഹരിദാസ് പാലയില്‍ എന്നിവരും സംബന്ധിച്ചു.
