ലോക പരിസ്ഥിതി ദിനാചരണം: കെ ടി യു കാമ്പസില്‍ ഹരിതവല്‍ക്കരണവുമായി എന്‍.എസ്.എസ് വോളന്റിയര്‍മാര്‍
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ (കെ.ടി.യു) നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) സെല്ലിന്റെ നേതൃത്വത്തില്‍ വിപുലമായ പരിസ്ഥിതി ദിനാചരണവും കാമ്പസ് ശുചീകരണവും സംഘടിപ്പിച്ചു. എന്‍.എസ്.എസിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമായ നാച്ചുറല്‍ റിസോഴ്സ് പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ (എന്‍.ആര്.പി.എഫ്) ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടന്നത്.
സര്‍വകലാശാല കാമ്പസില്‍ വൃക്ഷത്തൈ നട്ടുക്കൊണ്ട് വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ‘ഭാവി തലമുറയ്ക്ക് ജീവിക്കാന്‍ അനുയോജ്യമായ ഒരു ഭൂമി ഉറപ്പാക്കുക എന്നത് ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് അത്യന്താപേക്ഷിതമായ ഒരു ആവശ്യമാണ്,’ വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാന്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി സമൂഹം സുസ്ഥിരമായ മാര്‍ഗ്ഗങ്ങളും നൂതന ആശയങ്ങളും മുന്നോട്ടുവെക്കണമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
ജില്ലയിലെ വിവിധ എന്‍ജിനീയറിങ് കോളേജുകളില്‍ നിന്നായി എത്തിയ നൂറിലധികം എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ കാമ്പസ് പരിസരം ശുചീകരിക്കുകയും കാമ്പസിലുടനീളം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തു. എന്‍.ആര്.പി.എഫ് തിരുവനന്തപുരം റീജിയണല്‍ വിങ്ങിന്റെ സജീവമായ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ വിജയകരമായി കോര്‍ഡിനേറ്റ് ചെയ്തത്.
ചടങ്ങില്‍ എന്‍.ആര്.പി.എഫ് സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രൊഫസര്‍ ദര്‍ശന എസ്. ബാബു സ്വാഗതം പറഞ്ഞു. സര്‍വകലാശാലാ എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. അരുണ്‍ എം., തിരുവനന്തപുരം ജില്ലാ എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ അനസ് എസ്. ആര് എന്നിവര്‍ സംസാരിച്ചു.
