ടി. ഷാഹുല്‍ ഹമീദ്
ലോകമെമ്പാടുമുള്ള അറിവന്വേഷകര്‍ക്ക് ഒരു വിരല്‍ത്തുമ്പില്‍ പ്രപഞ്ചസത്യങ്ങള്‍ പകര്ന്നുനല്കുന്ന വിക്കിപീഡിയ രജത ജൂബിലി നിറവില്‍. ജനകീയ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ കോടിക്കണക്കിന് എഴുത്തുകാരാണ് നെഞ്ചിലേറ്റിയത്. ‘അറിവ് എല്ലാവര്ക്കും, സൗജന്യമായി’ എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15-ന് ആരംഭിച്ച ഈ ഡിജിറ്റല്‍ വിജ്ഞാനകോശം ഇന്ന് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അറിവിന്റെ ശേഖരമായി മാറിയിരിക്കുന്നു.
എളിയ തുടക്കം, വമ്പന്‍ വളര്‍ച്ച
ജിമ്മി വെയ്ല്‍സും ലാറി സാങ്ങറും ചേര്‍ന്ന് തുടക്കം കുറിച്ച വിക്കിപീഡിയ, ഇന്ന് 358 ഭാഷകളിലായി 6.6 കോടി ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇംഗ്ലീഷ് ഭാഷയില്‍ നിന്ന് മാത്രം 70 ലക്ഷം ലേഖനങ്ങള്‍ ഉണ്ട്. ആര്‍ക്കും തിരുത്തലുകള്‍ വരുത്താമെന്നതിനാല്‍ 2.75 ലക്ഷം എഡിറ്റുകള്‍ പ്രതിമാസം വിക്കിപീഡിയയില്‍ ഉണ്ടാകുന്നു. ആര്‍ക്കും പുതിയ വിവരങ്ങള്‍ ചേര്ക്കാമെന്നതുമാണ് വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത. 2.5 ലക്ഷം വോളന്റീയര്‍മാര്‍ പ്രതിഫലമില്ലാതെ പ്രവര്‍ത്തിക്കുന്നു. പരസ്യങ്ങളില്ലാത്ത, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംരംഭം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ അധ്വാനഫലമാണ് മുന്നോട്ട് പോകുന്നത്.ശരാശരി 1500 കോടിയലധികം വ്യൂസ് വിക്കിപീഡിയയില്‍ ഉണ്ട്.
വെല്ലുവിളികളും അതിജീവനവും
വിവരങ്ങളുടെ ആധികാരികതയെച്ചൊല്ലി പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയരാറുണ്ടെങ്കിലും, കൃത്യമായ റഫറന്‍സുകളും നിരന്തരമായ പരിശോധനകളും വഴി വിക്കിപീഡിയ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ് ചെയ്തത്. വ്യാജവിവരങ്ങള്‍ തടയാന്‍ കര്‍ശനമായ എഡിറ്റിംഗ് നയങ്ങളാണ് വിക്കിമീഡിയ ഫൗണ്ടേഷന് നടപ്പിലാക്കുന്നത്.
അറിവിന്റെ ജനാധിപത്യവല്‍ക്കരണമാണ് വിക്കിപീഡിയയുടെ ഏറ്റവും വലിയ വിജയം. വിവരങ്ങള്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ഒരുപോലെ എത്തുന്നുവെന്ന് ഈ 25 വര്‍ഷങ്ങള്‍ ഉറപ്പുവരുത്തി. വിക്കിപീഡിയ കേവലം ഒരു വെബ്സൈറ്റല്ല, മറിച്ച് മനുഷ്യരാശിയുടെ കൂട്ടായ അറിവിന്റെ അടയാളമാണ്.
ആഗോളതലത്തില്‍ വിക്കിപീഡിയ ആരംഭിച്ച് ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ ഈ വിജ്ഞാനകോശം പിറവിയെടുത്തത്. 2002 ഡിസംബര്‍ 21-നാണ് മലയാളം വിക്കിപീഡിയ
(ml.wikipedia.org) സജീവമായത്. അമേരിക്കയില്‍ ഗവേഷകനായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം.പി. ആണ് മലയാളം വിക്കിപീഡിയയിലെ ആദ്യ ലേഖനം കുറിച്ചത്.
വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍:
തുടക്കം: ആദ്യകാലങ്ങളില്‍ യുണികോഡ് ഫോണ്ടുകളുടെ ലഭ്യതക്കുറവും മലയാളം ടൈപ്പിംങിലെ പ്രായോഗിക ബുദ്ധിമുട്ടുകളും വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ 2006-ഓടെ സജീവമായ ഒരു ഉപയോക്തൃസമൂഹം രൂപപ്പെട്ടത് വളര്‍ച്ചയ്ക്ക് വേഗം കൂട്ടി. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ തങ്ങളുടെ ഒഴിവുസമയങ്ങള്‍ അറിവ് പങ്കുവെക്കാനായി മാറ്റിവെക്കുന്നു.ഏതാണ്ട് 80000 ലധികം ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ നിലവിലുണ്ട്.
ലേഖനങ്ങളുടെ എണ്ണത്തേക്കാള്‍ ഉപരി അവയുടെ ഗുണനിലവാരത്തിന് മലയാളം വിക്കി പ്രവര്‍ത്തകര്‍ മുന്‍ഗണന നല്കുന്നു. കേരളത്തിലെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ വരെ റഫറന്‍സായി മലയാളം വിക്കിപീഡിയ ഉപയോഗിക്കപ്പെടുന്നു എന്നത് ഇതിന്റെ വിശ്വാസ്യതയ്ക്ക് തെളിവാണ്.
കേരളത്തിലെ പ്രാദേശിക ചരിത്രവും ജീവചരിത്രങ്ങളും ഡിജിറ്റൈസ് ചെയ്യുന്നതില്‍ വിക്കിപീഡിയ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
അറിവിന്റെ വിപ്ലവം: വിക്കിപീഡിയയ്ക്ക് ഇരുപത്തിയഞ്ചാം പിറന്നാള്‍

