ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ കുറ്റപത്രം വൈകുന്നത് പ്രതികള്‍ക്ക് ജാമ്യം നേടാനോ?

ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ കുറ്റപത്രം വൈകുന്നത് പ്രതികള്‍ക്ക് ജാമ്യം നേടാനോ?

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റപത്രം വൈകുന്നതു ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കു ജാമ്യം നേടാനാണോ എന്ന പ്രതിപക്ഷ ആക്ഷേപം ശക്തം. അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ കേസിലെ 3 പ്രതികള്‍ക്കു ജാമ്യം ലഭിച്ചിരുന്നു. ഈ രീതിയില്‍ ജാമ്യം ലഭിക്കുന്നതു തടയാന്‍ വേണ്ട മുന്‍കരുതല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. നവംബര്‍ 20നാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. ഈ മാസം 20നു മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പത്മകുമാര്‍ ജാമ്യം ലഭിച്ചു പുറത്തു വരാനിടയുണ്ട്. സ്വര്‍ണക്കൊള്ളയില്‍ നേരിട്ടു പങ്കാളിയായ രണ്ടു കേസിലെയും ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു പോലും ഒരു കേസില്‍ ജാമ്യം ലഭിച്ചു. ഇതുവരെ തൊണ്ടിമുതല്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നത് അന്വേഷണത്തിനു വലിയ തിരിച്ചടിയാണ്.

പ്രതികള്‍ പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കാനും ഗൂഢാലോചന നടത്താനും ഉള്‍പ്പെടെ സാധ്യതയുണ്ട്.പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാണെന്നും തൊണ്ടിമുതല്‍ ഇതുവരെ വീണ്ടെടുത്തിട്ടില്ലെന്നും എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാളികള്‍ പൂര്‍ണമായി മറിച്ചു വില്‍ക്കാനുള്ള സാധ്യത എസ്‌ഐടി അന്വേഷിച്ചിരുന്നു. എന്നാല്‍ നിലവിലെ പാളികള്‍ക്കു പഴക്കമുണ്ടെന്ന രീതിയില്‍ വിഎസ്എസ്സി റിപ്പോര്‍ട്ട് വന്നതോടെ ആ രീതിയിലുള്ള അന്വേഷണം പ്രതിസന്ധിയിലായി. സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ച് വേര്‍തിരിച്ചെടുത്തെന്ന വാദവും തുടക്കം മുതലുണ്ട്.
ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ വിജയ് മല്യ സ്‌പോണ്‍സര്‍ ചെയ്തപ്പോള്‍ ശ്രീകോവിലിന്റെ ഓരോ ഭാഗത്തും എത്ര സ്വര്‍ണം ഉപയോഗിച്ചെന്നും ഇതില്‍ എത്ര നഷ്ടപ്പെട്ടെന്നുമുള്ള കാര്യത്തില്‍ വ്യക്തത വരണം. കര്‍ണാടകയിലെ ബെള്ളാരിയിലും ബെംഗളൂരുവിലും പരിശോധന നടത്തിയിട്ടും തൊണ്ടി കിട്ടിയില്ല. ഗൂഢാലോചന പഴുതുകളില്ലാതെ തെളിയിക്കുക വളരെ ശ്രമകരമാണ്. പാളികളുടെ പഴക്കം സംബന്ധിച്ചു തുടര്‍പരിശോധനകള്‍ നിര്‍ണായകമാണ്.

 

 

ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ കുറ്റപത്രം
വൈകുന്നത് പ്രതികള്‍ക്ക് ജാമ്യം നേടാനോ?

 

 

Share

Leave a Reply

Your email address will not be published. Required fields are marked *