ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ, ബി.ജെ.പി മീഡിയ യൂണിറ്റ് മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാല്‍, മാധ്യമപ്രവര്‍ത്തക സബ നഖ്‌വി ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു. ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ രണ്ടു സമുദായങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും മതവികാരം വ്രണപ്പെടുത്തുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ കേസെടുത്തത്.
ഡല്‍ഹി പോലിസ് ഇന്റലിജന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് ഓപറേഷന്‍സ് യൂണിറ്റ് ഇവരുടെ പോസ്റ്റുകള്‍ നിരീക്ഷിച്ചിരുന്നു. അതില്‍ മതവുമായി ബന്ധപ്പെട്ട ആക്ഷേപകരമായ പരമാര്‍ശങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലിസ് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരേ വിവിധ ഐ.പി.സി വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡി.സി.പി (ഐ.എഫ്.എസ്.ഒ) കെ.പി.എസ് മല്‍ഹോത്ര പറഞ്ഞു.