ന്യൂഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി അധികാരമേറ്റു. ഇന്ത്യയുടെ 53-ാമത്തെ ചീഫ് ജസ്റ്റിസാണദ്ദേഹം.രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലി കൊടുത്തു. 7 വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളില്‍ നിന്നുള്‍പ്പെടെ പ്രതിനിധികള്‍ പങ്കെടുത്തു. 2027 ഫെബ്രുവരി 9 വരെ അദ്ദേഹം പദവിയില്‍ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി.നഡ്ഡ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
ഹരിയാന സ്വദേശിയാണ് സൂര്യകാന്ത്. റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍നിന്ന് 1984ല്‍ നിയമബിരുദം നേടിയ ശേഷം ഹിസാറിലെ ജില്ലാ കോടതിയില്‍ പ്രാക്ടിസ് ആരംഭിച്ചു. പിന്നീട് പഞ്ചാബ്ഹരിയാന ഹൈക്കോടതിയിലേക്കു മാറി. സര്‍വീസ് കേസുകളിലൂടെ പേരെടുത്തസൂര്യകാന്ത് ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലാകുമ്പോള്‍ പ്രായം 38 വയസ്സായിരുന്നു. തൊട്ടടുത്ത വര്‍ഷം സീനിയര്‍ അഭിഭാഷക പദവി ലഭിച്ചു. 2004ല്‍ 42ാം വയസ്സില്‍, ഹൈക്കോടതി ജഡ്ജിയായി.
2018ല്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി. 2019ല്‍ സുപ്രീം കോടതിയിലെത്തി.ഹരിയാനയില്‍നിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം. കോളജ് പ്രിന്‍സിപ്പലായി വിരമിച്ച സവിതയാണ് ഭാര്യ. മുഗ്ധയും കനുപ്രിയയും മക്കള്‍.
ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
