‘പ്രസിഡന്റിനും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കുന്നത് ഉചിതമല്ല; ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക്

‘പ്രസിഡന്റിനും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കുന്നത് ഉചിതമല്ല; ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക്

ന്യൂഡല്‍ഹി:നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്നുള്ള ആവശ്യം തള്ളി ഭരണഘടന ബെഞ്ച്. ഇതു സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ ‘പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലാണ്’ സുപ്രീം കോടതി മറുപടി നല്‍കിയത്. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കാന്‍ അധികാരമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി, ഗവര്‍ണറുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നത് യുക്തിസഹമല്ലെന്നും നിരീക്ഷിച്ചു.

ഗവര്‍ണര്‍ക്കോ പ്രസിഡന്റിനോ സമയപരിധികള്‍ നിര്‍ദേശിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ട ശേഷം മറുപടി നല്‍കിയത്.

ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കുന്നത് അഭിലഷണീയമല്ലെന്നും ബില്ല് നിയമം ആയാല്‍ മാത്രമേ കോടതിക്ക് ഇടപെടാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ നടപടികളെ ഭരണഘടനാ ബെഞ്ച് പൂര്‍ണമായും തള്ളുകയും ചെയ്തു.

ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് വഴികള്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒപ്പുവയ്ക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുക, ഒപ്പിടാതെ മാറ്റിവച്ച് പിന്നീട് നിയമസഭയ്ക്ക് തിരിച്ചയക്കുക എന്നാണ് വഴികളെന്നും അല്ലാതെ അനിശ്ചിത കാലത്തേക്ക് പിടിച്ചുവയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു. നിയമസഭയുമായി ഗവര്‍ണര്‍ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയുടെ റഫറന്‍സിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയ കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ വിശദമായ വാദം ഉന്നയിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *