ദൈവത്തെ കാണാന്‍ വൈകുന്നവര്‍

ദൈവത്തെ കാണാന്‍ വൈകുന്നവര്‍

.സുനില്‍രാജ്‌സത്യ

പൊള്ളുന്ന വെയിലില്‍ പഴുത്തുകിടക്കുന്ന
കല്ല് വിരിച്ച പ്രദക്ഷിണ വഴികളില്‍-
കൂനിപ്പതുങ്ങി നടക്കുന്നൊരമ്മൂമ്മ,
കുറുകിപ്പറഞ്ഞേറെ,ദൈവ നാമങ്ങളും…!

ചുറ്റുവിളക്കിന്‍ മിഴിതുറപ്പിക്കുവാന്‍,
സന്ധ്യകള്‍, കഴകക്കാരനേപ്പോലവേ-
തിരിപ്പന്തം കൊളുത്തിവന്നെത്തി നില്‍ക്കുന്നു;
തിരനോട്ടം തുടങ്ങി, ആകാശ ചന്ദ്രിക!

അമ്മൂമ്മ ചൊല്ലുന്ന കീര്‍ത്തനം കേട്ടിട്ടോ,
അരയാല്‍ ശിഖരികള്‍ ചാമരം വീശുന്നൂ…!?
നരപൂണ്ട തലയിലൊളിച്ച തുളസികള്‍,
ഭക്തിതന്‍ ലാളനമേറ്റു സുകൃതിയായ്…

പ്രദക്ഷിണം ചെയ്യുന്നു വിറപൂണ്ടയുടലുമായ്,
അക്ഷീണം ചൊല്ലുന്നൂ, നാമജപമന്ത്രം
അമ്മൂമ്മതന്‍ ജപസൂക്തങ്ങള്‍ കേട്ട-
ങ്ങകമേ ദേവകള്‍ ആനന്തംകൊണ്ടീടും

സായന്തനക്കുളിര്‍ കാറ്റിന്‍ ചിലമ്പുകള്‍,
താളം ചവിട്ടും ക്ഷേത്രാങ്കണങ്ങളില്‍-
പാദം തൊടും സുഖം നെഞ്ചിലറിയുവാന്‍,
വാര്‍ദ്ധക്യമെത്തേണമെന്നതോ ദുഃസ്ഥിതി..?

”യൗവനമെല്ലാം ഭ്രാന്തമാം ചിന്തയാല്‍
യോഗ്യമല്ലാത്ത വൃത്തിയിലേര്‍പ്പെട്ടു-
രോഗം പിടികൂടി, ശാന്തിയൊഴിഞ്ഞുപോ-
യെങ്കിലേ, ദൈവത്തെ തേടിവരൂ മര്‍ത്യര്‍…”
-എന്നുള്ള ചിന്തയാല്‍ വൃദ്ധയാം ഭക്തതന്‍
കണ്ണില്‍ നനവിന്‍ പൊടിപ്പുകള്‍ പൂക്കുന്നു
മണ്ണിലൂടെല്ലാമേ,യോടുന്ന കുട്ട്യോളെ-
കണ്ണനായ്ക്കണ്ട് കൈ കൂപ്പിത്തൊഴുവുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *