ആശമാരുടെ രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു; ഇനി ജില്ലകളിലേക്ക്
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം ആശ പ്രവര്‍ത്തകര്‍ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവര്‍ത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്.
പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാ അവകാശങ്ങളും നേടിയിട്ടുള്ളൂവെന്ന് ആശാ സമരസമിതി പ്രതിനിധി എം എ ബിന്ദു പ്രതികരിച്ചു. സമരത്തെ അപഹസിക്കാന്‍ ശ്രമിച്ചവര്‍ ഒട്ടേറെയുണ്ട്. പക്ഷേ സ്ത്രീയും മുന്നേറ്റത്തിലൂടെയാണ് വിജയം ഉണ്ടായത്. പട്ടിണിക്ക് എതിരായ സമരമായിരുന്നു ആശമാരുടേത്. സമരത്തിന്റെ രൂപം മാറുന്നു എന്നേയുള്ളൂ. മിനിമം കൂലി എന്നാവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നും എം എ ബിന്ദു കൂട്ടിച്ചേര്‍ത്തു.
സമര ചരിത്രത്തിലെ ഐതിഹാസിക ഏടാണ് ആശാ സമരം. ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 7,000 രൂപയില്‍ നിന്ന് 8000 രൂപയാക്കിയാണ് കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാര്‍. ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടാണ് വിലയിരുത്തുന്നത്. ഓണറേറിയം വര്‍ധനയുടെ ക്രെഡിറ്റ് നേടാന്‍ സിഐടിയു അടക്കം ശ്രമിക്കുമ്പോഴാണ് സമര സമിതിയുടെ നിര്‍ണ്ണായക നീക്കം.
