കോഴിക്കോട്: ബ്രിക്‌സ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖ മുസ്ലിം പണ്ഡിതന്മാരും ഗവേഷകന്മാരും പങ്കെടുക്കുന്ന ബ്രസീല്‍ ഇസ് ലാമിക് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ബ്രസീലിലേക്ക്. റിയോ ഡി ജനീറോവില്‍ സെപ്തംമ്പര്‍ മൂന്ന് മുതല്‍ അഞ്ച് വരെയാണ് ഉച്ച കോടി നടക്കുന്നത്.
ബ്രിക്‌സ് അംഗരാജ്യങ്ങളായ ബ്രസീല്‍, റഷ്യ , ഇന്ത്യ , ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇന്തോനേഷ്യ, യു . എ . ഇ , ഇറാന്‍, എത്യോപ്യ എന്നീ രാഷ്ട്രങ്ങളില്‍ നിന്നും തെക്കെ അമേരിക്കയിലെ പ്രധാന രാഷ്ട്രങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണ് പങ്കെടുക്കുക. കൂടാതെ അമ്പത്തിയേഴ് മുസ്ലിം രാഷ്ട്രങ്ങളുടെ ആഗോള കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍സ് ഓഫ് ഇസ്ലാമിക് കോ- ഓര്‍ഡിനേഷന്‍സ് ( ഒ ഐ സി ), കസാഖിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ മതകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള പ്രതിനിധികളുമടക്കം നൂറ് പണ്ഡിതന്മാരാണ് ഈ ത്രിദിന ഉച്ചകോടിയില്‍ പങ്കെടുക്കുക. ഇന്ത്യയില്‍ നിന്നുള്ള ഏകപ്രതിനിധിയാണ് ഡോ. ഹുസൈന്‍ മടവൂര്‍. ഫെഡറേഷന്‍ ഓഫ് ബ്രസീല്‍ മുസ്ലിം അസോസിയേഷന്‍സ്, റിലീജിയസ് ബോര്‍ഡ് ഓഫ് മുസ്ലിംസ് റഷ്യ , യു എ ഇയിലെ മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഫോര്‍ ഹ്യുമാനിറ്റീസ് തുടങ്ങിയ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ലോക സമാധാനം, മതവും മാനവികതയും, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുക. വിവിധ മതവിഭാഗങ്ങള്‍ക്കിടയിലും മുസ്ലിംകള്‍ക്കിടയിലുമുള്ള വ്യത്യസ്ത ചിന്താധാരകള്‍ക്കിടയിലും സൗഹാര്‍ദ്ദവും സഹിഷ്ണുതയും വളര്‍ത്താന്‍ കര്‍മ്മ പദ്ധതികളാവിഷ്‌കരിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ബഹുസ്വര സമൂഹത്തിലെ മതജീവിതം എന്ന വിഷയത്തില്‍ ഡോ.ഹുസൈന്‍ മടവൂര്‍ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കും.
നേരത്തെ അമേരിക്ക, ബ്രിട്ടണ്‍ , കംബോഡിയ, തായ്‌ലന്റ്, ഈജിപ്ത് , മലേഷ്യ , ഇന്തോനേഷ്യ, സൗദി അറേബ്യ, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ നിരവധി രാഷ്ട്രങ്ങളില്‍ നടന്ന ഇസ്ലാമിക സമ്മേളങ്ങളിലും അറബി ഭാഷാ സെമിനാറുകളിലും ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (എഛ് ആര്‍ ഡി എഫ് ) ചെയര്‍മാനും ചെയര്‍മാനും ഇന്ത്യാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, പാര്‍ലിമെന്റ് ഓഫ് ഓള്‍ റിലിജ്യന്‍സ് , വേള്‍ഡ് കൗണ്‍സില്‍ ഇന്റര്‍ ഫെയ്ത് റിലേഷന്‍സ് തുടങ്ങിയവുടെ ആജീവനാന്ത അംഗവും കൂടിയാണ് മടവൂര്‍. ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബിക്കോളെജ്, സൗദിയിലെ മക്കാ ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റി, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ഹുസൈന്‍ മടവൂര്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് അറബി ഭാഷയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സംസ്ഥാന കോ- ഓഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സാക്ഷരതാസമിതി, സംസ്ഥാന വഖഫ് ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്ന ഹുസൈന്‍ മടവൂര്‍ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാമും കെ.എന്‍.എം സംസ്ഥാന ഉപാദ്ധ്യക്ഷനുമാണ്.
ലോക ഇസ്ലാമിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍
ഡോ. ഹുസൈന്‍ മടവൂര്‍ ബ്രസീലിലേക്ക്
