കോഴിക്കോട്:താര സംഘടനയായ അമ്മയുടെ പ്രഥമ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് സ്വീകരണം നല്‍കാന്‍ മലയാള ചലച്ചിത്ര കാണികള്‍( മക്കള്‍ ) അടിയന്തിര യോഗം തീരുമാനിച്ചു. മലയാള സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് അമ്മയുടെ പുതിയ നേതൃത്വത്തിന് കഴിയുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. മക്കള്‍ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി.ഐ. അജയന്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് ടി.പി. വാസു മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക പ്രസിഡന്റ് ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി, ജനറല്‍ സെക്രട്ടറി സി. രമേഷ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ ജി.ജി.റൊണാള്‍ഡ് , പി.പി. ശ്രീരസ്, വി.പി.സനീബ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ശ്വേതാ മേനോന് കോഴിക്കോട് വെച്ച് ചിത്രീകരിച്ച അനശ്വരം സിനിമയിലെ നായികയായാണ് അരങ്ങേറ്റം കുറിച്ചതെന്നും സിനിമ മേഖലയുടെ ഭാഗ്യ നഗരമായാണ് കോഴിക്കോട് അറിയപ്പെടുന്നതെന്നും സി.ഇ.ചാക്കുണ്ണി യോഗത്തില്‍ അറിയിച്ചു. ജോയന്റ് സെക്രട്ടറി പത്മനാഭന്‍ വേങ്ങേരി സ്വാഗതവും ട്രഷറര്‍ ജോസി വി ചുങ്കത്ത് നന്ദിയും പറഞ്ഞു.
