അമ്മയുടെ വയറ്റില്‍ വെച്ച് ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ വാല്‍വിന്റെ കീ ഹോള്‍ ശസ്ത്രക്രിയ; വിജയകരമായി നിര്‍വ്വഹിച്ച് ആസ്റ്റര്‍ മിംസ്

അമ്മയുടെ വയറ്റില്‍ വെച്ച് ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ വാല്‍വിന്റെ കീ ഹോള്‍ ശസ്ത്രക്രിയ; വിജയകരമായി നിര്‍വ്വഹിച്ച് ആസ്റ്റര്‍ മിംസ്

കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ അഞ്ചാമത്തെയും
ഫീറ്റല്‍ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വോട്ടമി ശസ്ത്രക്രിയ

കോഴിക്കോട്: തന്റെ കുഞ്ഞിനെ ഒരുനോക്കുപോലും കാണാനാവാതെ കുഞ്ഞ് ഈ ലോകം വിട്ടുപോവുമോ എന്ന നോവിലായിരുന്നു അഞ്ച് മാസം ഗര്‍ഭിണിയായ മുഹ്സിന കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിയത്. നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ സ്‌കാനിംഗില്‍ കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സ നല്‍കിയില്ലങ്കില്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മുഹ്‌സിനയും ഭര്‍ത്താവും പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ്് രേണു പി കുറുപ്പിനെ സമീപിച്ചത്. ഡോക്ടറുടെ പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയത്തിലെ പ്രധാന പമ്പിംഗ് അറയായ ഇടത് വെന്‍ട്രിക്കിളിന്റെ പ്രവര്‍ത്തനം വളരെ കുറഞ്ഞ അവസ്ഥയിലാണെന്ന് കണ്ടെത്തി. അതിനു കാരണം ശുദ്ധ രക്തം കൊണ്ടുപോവുന്ന അയോര്‍ട്ടയുടെ വാല്‍വ് വളരെ ചുരുങ്ങിയ അവസ്ഥയിലായത് കൊണ്ടാണെന്നും ഡോക്ടര്‍ നിരീക്ഷിച്ചു. വാല്‍വ് വളരെ ചുരുങ്ങിയത് കൊണ്ടുതന്നെ നേരിയ രക്തയോട്ടമായിരുന്നു ഇതിലൂടെ കടന്നുപോയത്. ഗര്‍ഭകാലം കഴിഞ്ഞ് ആരോഗ്യകരമായി കുട്ടി പുറത്ത് വരാന്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ ഉള്ളത് കൊണ്ടും ഇങ്ങനെ ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാവാന്‍ സാധ്യത ഉള്ളതും ഡോകടര്‍മ്മാര്‍ക്കും കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കും ഒരുപോലെ വെല്ലുവിളിയായിരുന്നു. കേരളത്തില്‍ ഇന്ന് വരെ ചെയ്യാത്തതും ഇന്ത്യയില്‍ തന്നെ നാലോളം കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ‘ഫീറ്റല്‍ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വോട്ടമി’ ചികിത്സയിലൂടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഡോകടര്‍ അറിയിച്ചു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ എന്തിനും തയ്യാറാണെന്ന് നിശ്ചയ ദാര്‍ഢ്യവുമായി മുഹ്സിനയും കുടുംബവും അറിയിച്ചതോടെ കേരളത്തില്‍ ആദ്യമായി ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ഹൃദയ വാല്‍വിലെ കീ ഹോള്‍ ശസ്ത്രക്രിയ(ഫീറ്റല്‍ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വോട്ടമി) അമ്മയുടെ വയറ്റില്‍ വെച്ച് നടത്തുകയായിരുന്നു. ഈ ശസ്ത്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ടത് അമ്മയുടെ വയറ്റിലിരിക്കുന്ന കുഞ്ഞിന്റെ പൊസിഷന്‍ ഡോക്ടര്‍ക്ക് അഭിമുഖമായിരിക്കുക എന്നതാണ്. ആദ്യഘട്ടത്തില്‍ അമ്മയെ സര്‍ജറിക്ക് വേണ്ടി എല്ലാ തയ്യാറെടുപ്പുകളോടും കൂടി തിയേറ്ററില്‍ അതി രാവിലെ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് വരെ കുട്ടിയുടെ പൊസിഷന്‍ ഡോക്ടര്‍ക്ക് അഭിമുഖമല്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 3 ദിവസത്തിന് ശേഷം കുട്ടിയുടെ പൊസിഷന്‍ അഭിമുഖമായി വന്നതിനാല്‍ അമ്മക്കും കുട്ടിക്കും അനസ്‌തേഷ്യ നല്‍കി സര്‍ജറിയിലേക്ക് പ്രവേശിക്കുകയും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. അത്യന്തം അപകടരമായ ഇത്തരം ശസ്ത്രക്രിയക്ക് മുന്നിട്ടിറങ്ങാന്‍ കാരണം കുഞ്ഞിന്റെ അമ്മയുടെയും കുടുംബത്തിന്റെയും ഡോക്ടര്‍മ്മാരിലും ആശുപത്രിയിലെ സൗകര്യങ്ങളിലും വിശ്വാസവും നിശ്ചയ ദാര്‍ഢ്യവുമാണെന്നും, കൂടാതെ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടീം അംഗങ്ങളുടെയും, മാനേജ്‌മെന്റിന്റെയും പരിപൂര്‍ണ്ണ പിന്തുണന കൊണ്ടുമാണെന്ന് ഡോ.രേണു പി കുറുപ്പ് പറഞ്ഞു. ആറാം മാസത്തില്‍ അമ്മയുടെ വയറ്റില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യത്തോടെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിന് ആ അമ്മ ജന്മം നല്‍കുകയും, ജനന ശേഷം നടത്തിയ ശസ്ത്രക്രിയയും വിജയകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തന്റെയും കുഞ്ഞിന്റെയും പൂര്‍ണ്ണ ആരോഗ്യത്തിന് ദൈവത്തിന്റെ അനുഗ്രഹവും ആസ്റ്റര്‍ മിംസിന്റെ സഹായവുമാണെന്നു മുഹ്‌സിന പറയുന്നു. ഈ ചരിത്ര നിമിഷത്തിന് ആശുപത്രിയെയും ഡോക്ടര്‍മാരെയും വിശ്വസിച്ച് കൂടെ നിന്ന കുടുംബത്തിന് ചികിത്സാ ചിലവ് പൂര്‍ണ്ണമായും ഒഴിവാക്കിയാണ് നല്‍കിയതെന്ന് സിഒഒ ലുഖ്മാന്‍ പൊന്‍ന്മാടത്ത് പറഞ്ഞു. ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാരായ പി.എസ്. ശ്രീജ, എഡ്വിന്‍ ഫ്രാന്‍സിസ്, ഗിരീഷ് വാരിയര്‍, കെ.എസ്. രമാദേവി, പി. സുജാത, ശബരീനാഥ് മേനോന്‍, അനു ജോസ്, നബീല്‍ ഫൈസല്‍, പി.എസ്. പ്രിയ, നഷ്‌റ, സ്വേത താപ്പ, റൈനു, ഉമാ രതീഷ് തുടങ്ങിയവര്‍ പങ്കാളികളായി.

 

 

അമ്മയുടെ വയറ്റില്‍ വെച്ച് ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ വാല്‍വിന്റെ
കീ ഹോള്‍ ശസ്ത്രക്രിയ; വിജയകരമായി നിര്‍വ്വഹിച്ച് ആസ്റ്റര്‍ മിംസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *