ചങ്ങാടക്കാലത്തു നിന്ന് ഹൈവേകളിലേക്ക് (വാടാമല്ലികള്‍ ഭാഗം 27)

ചങ്ങാടക്കാലത്തു നിന്ന് ഹൈവേകളിലേക്ക് (വാടാമല്ലികള്‍ ഭാഗം 27)

കെ.എഫ്.ജോര്‍ജ്
വന്‍ മരത്തടികള്‍ ഈറ്റപ്പൊളികൊണ്ടും മുളനാരുകള്‍ കൊണ്ടും കൂട്ടിക്കെട്ടിയ ചങ്ങാടങ്ങള്‍. വലുപ്പമനുസരിച്ച് പത്തും ഇരുപതും തടികള്‍ കൂട്ടി ബന്ധിച്ച ചങ്ങാടത്തെ നീളമുള്ള മുളവടി പുഴയിലൂന്നി നിയന്ത്രിക്കുന്ന ഒരു ചെറുപ്പക്കാരന്‍. 70 വര്‍ഷം മുമ്പ് ഇരുവഞ്ഞിപ്പുഴയില്‍ മഴക്കാലത്ത് ഇത് സ്ഥിരം കാഴ്ചയായിരുന്നു.
ഇപ്പോള്‍ ഇവിടെ മഴക്കാലത്ത് നടക്കുന്ന സാഹസിക കയാക്കിങ് മത്സരങ്ങള്‍ രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച വിനോദമാണ്. വളവും തിരിവും പാറക്കൂട്ടങ്ങളുമുള്ള പുഴയിലെ തരംഗ ഭംഗിയുള്ള ഒഴുക്കിലൂടെ പാഞ്ഞുപോകുന്ന കയാക്കിങ് തോണികള്‍ കാണാന്‍ സന്ദര്‍ശകര്‍ മലയോര മണ്ണിലെത്തുന്നു.
എന്നാല്‍ 70 വര്‍ഷം മുമ്പത്തെ ചങ്ങാടപ്പാച്ചില്‍ വിനോദമല്ലായിരുന്നു. മലയോര വനങ്ങളിലെ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ച് പുഴയിലൂടെ കല്ലായിയില്‍ എത്തിക്കുന്ന ജന്മിമാരുടെ വന്‍ ബിസിനസ്സായിരുന്നിത്. വേനല്‍ക്കാലത്ത് മരം മുറിച്ചിടും. മഴക്കാലത്ത് മരങ്ങളുടെ തോല്‍ ഉരിച്ചു കളഞ്ഞ് ആനയെക്കൊണ്ടും പോത്തുകളെക്കൊണ്ടും വലിപ്പിച്ച് പുഴയരികിലെത്തിക്കും. അവിടെ നിന്ന് മരങ്ങള്‍ കൂട്ടിക്കെട്ടി ചങ്ങാടമാക്കി മാറ്റി പുഴയിലൂടെ മഴക്കാലത്ത് എളുപ്പത്തില്‍ കല്ലായിയിലെത്തിക്കാം. കല്ലായി അങ്ങനെ ലോക പ്രശസ്ത തടി വ്യവസായ കേന്ദ്രമായി വളര്‍ന്നു. മരങ്ങള്‍ വെട്ടി വിറ്റ് ഏറെപ്പേര്‍ പണക്കാരുമായി.
രാജ ഭരണകാലത്ത് ധനിക തറവാട്ടുകാര്‍ എഴുതി വാങ്ങിയതാണ് മലയോരങ്ങളുടെ അവകാശം. പകരം രാജാവിന് ഈ തറവാട്ടുകാര്‍ സൈനികമായും ധനപരമായും സഹായം ചെയ്തുകൊടുക്കണം. ജന്മിമാര്‍ എന്നു വിളിക്കപ്പെട്ടിരുന്ന ഈ ധനിക തറവാട്ടുകാരില്‍ പലരും ഈ സ്ഥലം ശരിക്കു കണ്ടിട്ടു പോലുമുണ്ടാവില്ല.
ഇത് മുതലെടുത്തത് പിന്നീടു വന്ന ഇട ജന്മിമാരാണ്. കാട്ടിലെ തടികളും മുളയും അത് കടത്തിക്കൊണ്ടു പോകാനുള്ള പുഴകളും കണ്ടുവെച്ച ഇക്കൂട്ടര്‍ ഓടയും മുളയും വെട്ടിക്കൊണ്ടുപോകാനുള്ള ചാര്‍ത്ത് ജന്മിമാരില്‍ നിന്നു സമ്പാദിച്ചു.
ഈ ചാര്‍ത്തിന്റെ ബലത്തില്‍ ആദ്യം മുളവെട്ടിയ അവര്‍ കാട്ടിലെ ഈട്ടിയും തേക്കും ആഞ്ഞിലിയും പോലെയുള്ള വിലപിടിപ്പുള്ള മരങ്ങളെല്ലാം വെട്ടി പുഴയിലൂടെ കടത്തിക്കൊണ്ടുപോയി.
അപ്പോഴാണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ സാമ്പത്തിക ഞെരുക്കത്തില്‍ കൂടുതല്‍ ഭൂമി തേടിയുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കര്‍ഷകരുടെ വരവ്. നല്ല മരങ്ങളെല്ലാം വെട്ടിമാറ്റിയ, പാഴ്മരങ്ങളും കുറ്റിച്ചെടികളുമുള്ള ഈ മണ്ണ് കര്‍ഷകര്‍ക്ക് അവര്‍ പാട്ടത്തിനു വിറ്റു. യഥാര്‍ത്ഥ ജന്മി അറിയാതെയാണ് ചാര്‍ത്തു വാങ്ങിയവര്‍ കര്‍ഷകര്‍ക്ക് ഭൂമി കൈമാറിയത്. അങ്ങനെ അവര്‍ മരങ്ങള്‍ മാത്രമല്ല, ഭൂമി വിറ്റ പണവും ചുളുവില്‍ അടിച്ചെടുത്തു
മലയോരത്തെ മരങ്ങള്‍ മുറിച്ചത് കര്‍ഷകരല്ല. മരങ്ങള്‍ വെട്ടിമാറ്റി കിട്ടിയ പാഴ് ഭൂമി അവര്‍ കാടുവെട്ടി, മണ്ണ് കിളച്ചുമറിച്ചു കൃഷി ചെയ്തു. അവിടെ തെങ്ങും കമുകും റബറും പ്‌ളാവുമെല്ലാം നട്ടു പിടിപ്പിച്ചു. മണ്ണിനെ വീണ്ടും ഹരിതാഭമാക്കി. മണ്ണൊലിപ്പ് തടയാന്‍ കയ്യാലകള്‍ നിര്‍മ്മിച്ചു. ജന്മിമാരും ഇട ജന്മിമാരും ചേര്‍ന്നു നശിപ്പിച്ച മലയോര മണ്ണില്‍ ജനങ്ങള്‍ പുതിയൊരു കര്‍ഷക സംസ്‌കാരം പടുത്തുയര്‍ത്തി. എന്നിട്ടും മലയോര കര്‍ഷകരെ വനം നശിപ്പിച്ചവരും പരിസ്ഥിതി തകര്‍ത്തവരുമായി പലരും പഴിചാരുന്നുവെന്നതാണ് ഖേദകരം. ഇക്കൂട്ടര്‍ ഈ മണ്ണ് കടന്നുപോയ അവസ്ഥകളെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നില്ല.
യാതൊരു പ്രാഥമിക ജീവിത സൗകര്യവുമില്ലാത്ത, കാട്ടു പ്രദേശത്ത് എത്തിയ കുടിയേറ്റ കര്‍ഷകര്‍ പിന്നീട് അതിജീവനത്തിനായി നടത്തിയ കഠിനാദ്ധ്വാനമാണ് ഈ പ്രദേശങ്ങളെ ഇന്നു കാണുന്ന നിലയിലേക്ക് വളര്‍ത്തിയെടുത്തത്.
കോഴിക്കോട്ടു നിന്ന് മുക്കം വരെ മാത്രമേ അന്ന് ബസ് സര്‍വ്വീസ് ഉള്ളൂ. അവിടെ നിന്നു പുല്ലൂരാംപാറ എത്താന്‍ 14 കിലോമീറ്റര്‍ നടക്കണം. അഗസ്ത്യന്‍മുഴിയില്‍ ഇരുവഞ്ഞിപ്പുഴ കടക്കാന്‍ തോണി കയറണം. തൊണ്ടിമ്മല്‍ വഴി നടന്ന് തിരുവമ്പാടിയിലെത്തണം (അന്ന് നായരുകൊല്ലിയെന്നാണ് തിരുവമ്പാടി അറിയപ്പെട്ടിരുന്നത്). അവിടെ നിന്ന് നടക്കുമ്പോള്‍ ഇരുമ്പകത്ത് വലിയ തോട്. മഴക്കാലത്ത് അവിടെയും തോണിയിലാണ് അക്കരെ കടക്കേണ്ടത്. പിന്നീടുള്ള വഴിയില്‍ കാളിയാമ്പുഴ കടക്കണം. അങ്ങനെ നടന്നു ക്ഷീണിച്ചാണ് പുല്ലൂരാംപാറയിലെത്തുന്നത്.
തിരുവിതാംകൂറിലെ മണ്ണ് വിറ്റു വാങ്ങിയ അജ്ഞാതമായ ഈ മലയോരത്ത് ജീവിത സമരം ആരംഭിക്കുകയായി. കാട്ടുമരങ്ങള്‍ക്കൊണ്ട് തൂണും മേല്‍ക്കൂരയുമെല്ലാം തീര്‍ത്ത് കാട്ടു പുല്ലുകൊണ്ട് മേഞ്ഞ ഷെഡ്ഡില്‍ ഒരു കുടുംബം അവിടെ താമസം തുടങ്ങുകയായി.
ആദ്യം കാടുവെട്ടി തീയിട്ട് വൃത്തിയാക്കിയ മണ്ണില്‍ ഭക്ഷണത്തിനുള്ള നെല്ലും കപ്പയും കൃഷി ചെയ്തു. ഫലഭൂയിഷ്ഠമായ കന്നി മണ്ണ് കര്‍ഷകരുടെ ഭാവനയ്ക്കപ്പുറമുള്ള വന്‍ വിളവാണ് നല്‍കിയത്. കൂട്ടത്തില്‍ അല്‍പ്പം പണമുണ്ടാക്കാനുള്ള ഇഞ്ചിപ്പുല്‍ കൃഷിയും ആരംഭിച്ചു. ഇഞ്ചിപ്പുല്ല് വാറ്റിയെടുക്കുന്ന പുല്‍ത്തൈലത്തിന് നല്ല വില കിട്ടിയിരുന്നു. ഇതോടൊപ്പം കുരുമുളകു കൃഷി തുടങ്ങി. കുരുമുളകും കര്‍ഷകനെ കനിഞ്ഞ് അനുഗ്രഹിച്ചു. തുടര്‍ന്ന് തെങ്ങ്, കമുക്, റബര്‍ തുടങ്ങിയ കൃഷികളിലേക്ക് കര്‍ഷകര്‍ പടിപടിയായി ഉയര്‍ന്നു.
ജന്മിമാര്‍ മൃഗങ്ങളെക്കൊണ്ട് തടിവലിപ്പിച്ചു കൊണ്ടുപോയ ഏലുകളായിരുന്നു അന്നത്തെ നടപ്പു വഴികള്‍. അത് കര്‍ഷകര്‍ ശ്രമദാനത്തിലൂടെ റോഡാക്കി. പുഴകള്‍ക്ക് തൂക്കു പാലങ്ങള്‍ നിര്‍മ്മിച്ചു. പണം മുടക്കി കെട്ടിടമുണ്ടാക്കി സ്‌കൂളുകള്‍ പണിതു. അതോടൊപ്പം വ്യാപാര ശാലകള്‍ ഉയര്‍ന്നു. മലഞ്ചരക്ക് വ്യാപാരിയായിരുന്ന ടി.പി.കുര്യന് കോഴിക്കോട് വലിയങ്ങാടിയില്‍ പാണ്ടികശാല ഉണ്ടായിരുന്നു.
ഗവണ്‍മെന്റോ സര്‍ക്കാര്‍ ഏജന്‍സികളോ ശ്രദ്ധിക്കാതിരുന്ന ഈ പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളെല്ലാം നാട്ടുകാരുടെ ഒത്തൊരുമയിലാണ് നടന്നത്. നാടിന്റെ കാര്യം ശ്രദ്ധിക്കാന്‍ കാര്യമായി നേതാക്കളില്ലാതിരുന്ന അക്കാലത്ത് അവര്‍ക്ക് നേതൃത്വം നല്‍കാന്‍ ഇടവക വികാരിമാരായിരുന്ന ഫാ.അഗസ്റ്റിന്‍ കീലത്ത്, ഫാ.ഫിലിപ്പ് മുറിഞ്ഞ കല്ലേല്‍, ഫാ.അഗസ്റ്റിന്‍ മണക്കാട്ടുമറ്റം തുടങ്ങിയ വൈദികര്‍ മുന്നോട്ടു വന്നു. അങ്ങനെയുള്ളവരുടെ നേതൃത്വത്തില്‍ ഇരുമ്പകത്തും കാളിയാമ്പുഴയിലും നാട്ടുകാര്‍ ശ്രമദാനമായി പാലങ്ങള്‍ പണിതു. വൈദ്യുതി എത്തിക്കാനും ഗതാഗത സൗകര്യമൊരുക്കാനും അവര്‍ നാട്ടുകാര്‍ക്കൊപ്പം നിന്നു.
റോഡുകള്‍ക്കായി കര്‍ഷകര്‍ സ്ഥലം സൗജന്യമായി നല്‍കി. അടുത്ത കാലത്ത് മലയോര ഹൈവേ നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി കര്‍ഷകര്‍ സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു.
ആദ്യ കാലത്ത് ഒരു ചികിത്സാ സൗകര്യമില്ലാതിരുന്ന പുല്ലൂരാംപാറയില്‍ ഉള്ളാട്ടില്‍ സെബാസ്റ്റ്യന്‍ എന്ന കമ്പൗണ്ടറാണ് ആദ്യമായി വൈദ്യ സഹായത്തിനായി ഡിസ്‌പെന്‍സറി തുടങ്ങുന്നത് എല്ലാത്തരം രോഗങ്ങള്‍ക്കും അദ്ദേഹം തയ്യാറാക്കുന്ന പല നിറങ്ങളിലുള്ള മിക്‌സ്ചറുകള്‍ മതിയാകുമായിരുന്നു. ഇന്ന് പുല്ലൂരാംപാറയില്‍ ആശുപത്രിയുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നു.
കായിക രംഗത്തും പുല്ലൂരാംപാറ പ്രശസ്തമാണ്. സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും അവിടെ പഠിച്ചിറങ്ങിയ കായികതാരങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്ന മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയും കായിക കേരളത്തിന്റെ  യശസുയര്‍ത്തി.
പള്ളിക്കു മുമ്പേ കര്‍ഷകര്‍ ഇവിടെ പള്ളിക്കൂടം പണിതു. വിദ്യാഭ്യാസത്തിന് കര്‍ഷകര്‍ അത്രയേറെ പ്രാധാന്യം നല്‍കിയിരുന്നു. അത് പുതിയ തലമുറയുടെ വളര്‍ച്ചയ്ക്ക് വലിയ സഹായമായി. പള്ളിക്കു കെട്ടിടമാകാത്തതിനാല്‍ ആദ്യ കാലത്ത് സ്‌കൂള്‍ ഷെഡ്ഡിലാണ് ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും നടന്നിരുന്നത്.
ഒത്തൊരുമയും കഠിനാദ്ധ്വാനവും ഭാവിയെക്കുറിച്ച് കാഴ്ചപ്പാടുമുള്ള ഒരു തലമുറയുടെ അദ്ധ്വാനമാണ് ഈ നാടിന്റെ വളര്‍ച്ചയ്ക്ക് ശരിയായ അസ്തിവാരമിട്ടത്. 80 വര്‍ഷം മുമ്പ് കാടായിരുന്ന ഈ പ്രദേശത്തുകൂടി മലയോര ഹൈവേ കടന്നു പോകുന്നു. എല്ലാ ജീവിത സൗകര്യങ്ങളും ഇവിടെയുണ്ട്. സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വയനാട്ടിലേക്കുള്ള തുരങ്കപാതയും ഈ മണ്ണില്‍ക്കൂടിയാണ് കടന്നു പോകുന്നത്.
എന്നാല്‍ ഒരിക്കല്‍ കന്നിമണ്ണ് തേടി വന്ന കര്‍ഷകര്‍ക്ക് ഇന്ന് ഇത് കണ്ണീര്‍ ഭൂമിയാണ്. വന്യ മൃഗങ്ങള്‍ വിളകള്‍ നശിപ്പിക്കുന്നതിനാല്‍ കൃഷി തന്നെ അസാധ്യമായ അവസ്ഥയാണ്. കൃഷിയിലെ പ്രതിസന്ധി മനസ്സിലാക്കി പുതിയ തലമുറ അന്യരാജ്യങ്ങളിലേക്ക് ജോലി തേടി കുടിയേറ്റം നടത്തുന്നു. ടൂറിസം മാത്രമാണ് ഇപ്പോള്‍ സജീവമായ തൊഴില്‍ മേഖല. മൂന്നു തലമുറകള്‍ക്കു മുമ്പ് കാടായിരുന്ന ഈ പ്രദേശം കര്‍ഷകര്‍ ഒഴിഞ്ഞുപോയി വീണ്ടും കാടായി പഴയ സ്ഥിതിയിലേക്കു പോയാലും അത്ഭുതപ്പെടേണ്ടതില്ല.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.) 

ചങ്ങാടക്കാലത്തു നിന്ന് ഹൈവേകളിലേക്ക് (വാടാമല്ലികള്‍ ഭാഗം 27)

Share

Leave a Reply

Your email address will not be published. Required fields are marked *