സമര വീര്യവും നിലപാടുകളിലെ കരുത്തും കാത്തു സൂക്ഷിച്ച ധീര നേതാവിന് വിട (എഡിറ്റോറിയല്‍)

സമര വീര്യവും നിലപാടുകളിലെ കരുത്തും കാത്തു സൂക്ഷിച്ച ധീര നേതാവിന് വിട (എഡിറ്റോറിയല്‍)

കേരളത്തിന്റെ വിപ്ലവ സൂര്യന്‍ വേലിപുറത്ത് അച്യുതാനന്ദന്‍ (102) വിടവാങ്ങിയിരിക്കുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് രൂപീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി.എസ്. 1923 ഒക്ടോബര്‍ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കാമയുടേയും മകനായാണ് വി.എസ്.ജനിച്ചത്. നാലാം വയസ്സില്‍ അമ്മയേയും 11-ാം വയസ്സില്‍ അച്ഛനെയും നഷ്ടപ്പെട്ട വി.എസിന്റെ ബാല്യം ക്ലേശങ്ങള്‍ നിറഞ്ഞതായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തയ്യല്‍ ജോലിയിലേക്കാണ് അദ്ദേഹം പ്രവേശിച്ചത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ പാര്‍ട്ടിയുമായി വി.എസ് അടുത്തു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം ആലപ്പുഴ ജില്ലയില്‍ സജീവമായി. പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു. ഭീകരമായ മര്‍ദ്ദനത്തിനും ഇരയായി. വാക്കുകള്‍ക്കും എഴുത്തിനും അപ്പുറത്ത് കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും, ചരിത്രത്തെ മാറ്റിക്കുറിക്കുകയും ചെയ്ത വിപ്ലവകാരിയായിരുന്നു വി.എസ്. ജന്മിത്വത്തിനും, നാടുവാഴിത്തത്തിനുമെതിരെ കമ്മ്യുൂണിസ്റ്റ് പ്രസ്ഥാനം പട നയിച്ചപ്പോള്‍ വി.എസ് മുന്‍ നിരയില്‍ നിന്ന് പോരാടി. പാവപ്പെട്ട തൊഴിലാളികള്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കുമായി ആ ജീവിതം ഉഴിഞ്ഞുവെച്ചു.

താന്‍ പിടിച്ച ചെമ്പതാകയുടെ മൂല്യം കാത്തുസൂക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച വിപ്ലവകാരിയായിരുന്നു വി.എസ് അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേരളക്കരയാകെ കാതോര്‍ത്തു. നര്‍മ്മവും, ആക്ഷേപ ഹാസ്യങ്ങളും നിറഞ്ഞ ആ പ്രസംഗങ്ങള്‍ രാഷ്ട്രീയ കേരളം നന്നായി ആസ്വദിച്ചു. വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി വി.എസ് കളം നിറഞ്ഞു നിന്നു. തന്റെ ജീവിതം തന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനശൈലിയെന്ന് തെളിയിച്ച അപൂര്‍വ്വം കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളാണ് വി.എസ്. വി.എസ് ഉയര്‍ത്തിയ രാഷ്ട്രീയ പോരാട്ടം ഇതിഹാസമായി കേരള ചരിത്രം അടയാളപ്പെടുത്തും. ആ സമര വീര്യവും നിലപാടുകളുടെ കരുത്തും കേരള രാഷ്ട്രീയം എന്നുമോര്‍ക്കും. കമ്മ്യൂണിസ്റ്റ്കാരന്‍ എങ്ങനെ ജീവിക്കണമെന്നതിന് മകുടോദാഹരണമാണ് വി.എസിന്റ ജീവിതം.

രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത ഉജ്വലനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. സ്ത്രീ സമൂഹത്തിനെതിരായ അതിക്രമങ്ങളെ ശക്തമായി ചെറുത്ത വി.എസിനോളം പോന്ന മറ്റൊരു നേതാവ് കേരള ചരിത്രത്തിലില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ ശില്‍പ്പിയായിരുന്നു അദ്ദേഹം. കേരളം മുഴുവന്‍ രാഷ്ട്രീയ പ്രചരണത്തിന് അദ്ദേഹം ചുക്കാന്‍ പിടിച്ചു. ആ രാഷ്ട്രീയ പടയോട്ടത്തിന്റെ ഫലമായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍.

വര്‍ഗ്ഗീയതക്കെതിരെ നഖശിഖാന്തം പോരാടിയ നേതാവായിരുന്നു അദ്ദേഹം. മാഫിയകള്‍ക്കും, സാമൂഹിക വിരുദ്ധര്‍ക്കും പേടി സ്വപ്‌നമായിരുന്ന അദ്ദേഹം തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ ജീവിച്ച ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങി ജീവിക്കുമ്പോഴും അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അദ്ദേഹം ഉള്‍പാര്‍ട്ടി സമരം നടത്തി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിഭാഗീതയ നിറഞ്ഞു നിന്ന കാലത്തെ വി എസിന്റെ നീക്കങ്ങള്‍ രാഷ്ട്രീയ കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചു.

തൊഴിലാളി – കര്‍ഷക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ച നേതാവിനെയാണ് വി.എസിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്.താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും, തന്റെ പാര്‍ട്ടി നിഷ്‌ക്കര്‍ഷിക്കുന്ന ചട്ടക്കൂടും മുറുകെ പിടിച്ചാണ് പതിറ്റാണ്ടുകള്‍ നിറഞ്ഞ ആ ജീവിതം അദ്ദേഹം നയിച്ചത്. വി.എസ് ഉയര്‍ത്തിയ വിപ്ലവ പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല. അത് വരും കാലത്തേക്കുള്ള സന്ദേശം കൂടിയാണ്. അത് പുതു തലമുറക്കെന്നും വഴിവിളക്കായിരിക്കും.

മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് വി.എസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനെന്നും മുതല്‍കൂട്ടാണ്. അഴിമതി രഹിതവും, ശക്തവുമായ ഒരു ഭരണമാണ് അദ്ദേഹം നയിച്ചത്. അഴിമതിയാരോപണങ്ങളുടെ നിഴല്‍പോലും ആ ദേഹത്ത് വീണിരുന്നില്ല. അത് തന്നെയാണ് ആ മഹത് ജീവിതത്തിന്റെ രത്‌നത്തിളക്കവും. വി.എസിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസാഥാനങ്ങള്‍ക്ക് മാത്രമല്ല കേരളത്തിനും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും തീരാ നഷ്ടമാണ്. കഷ്ടപ്പെടുന്നവന്റെ ശബ്ദമാവാന്‍, അവര്‍ക്ക് അത്താണിയാവാന്‍ ഇനി വി.എസ് നമ്മോടൊപ്പമില്ല. അങ്ങ് ഉയര്‍ത്തിയ നിലപാടുകള്‍ വരുംകാലം ചേര്‍ത്തുവെയ്ക്കും. പ്രിയ സഖാവേ അങ്ങേയ്ക്ക് വിട, കണ്ണീരില്‍ കുതിര്‍ന്ന ലാല്‍ സലാം.
Share

Leave a Reply

Your email address will not be published. Required fields are marked *