മാതാ, പിതാ, ഗുരു, ദൈവം  (വാടാമല്ലികള്‍ -ഭാഗം 24)

 മാതാ, പിതാ, ഗുരു, ദൈവം  (വാടാമല്ലികള്‍ -ഭാഗം 24)

കെ.എഫ്.ജോര്‍ജ്
           നല്ല ഗുരുക്കന്മാരെ ജീവിതത്തില്‍ കിട്ടുകയെന്നത് മഹാഭാഗ്യമാണ്. വേണ്ട സമയത്ത് ജീവിതത്തില്‍ തിരുത്തല്‍ വരുത്താനും പുതിയ വഴികള്‍ തേടാനും അവര്‍ നമ്മളെ പ്രാപ്തരാക്കുന്നു. പ്രോത്സാഹന ജനകമായ വാക്കുകള്‍ ജീവിതഗതിയെ മാറ്റിമറിക്കും. മോശം വാക്കുകള്‍ കൊണ്ട് തിരിച്ചും അനുഭവമുണ്ടാകും.
എന്റെ പഠനകാലത്ത് അഞ്ചാം ക്ലാസ് മുതലാണ് ഇംഗ്ലീഷ് പഠനം. നാലാം തരം കഴിഞ്ഞുള്ള അവധിക്കാലത്ത് വെറുതെ തമാശയ്ക്ക് എഞ്ചുവടി പുസ്തകത്തിലുള്ള ഇംഗ്ലീഷ് അക്ഷരമാല എഴുതി പഠിച്ചു. ‘ചെറുവത്തൂരിന്റെ വിസ്തൃത മന:പാഠം ‘ എന്നാണ് പുസ്തകത്തിന്റെ പേര്. അതില്‍ കൂട്ടല്‍, കുറയ്ക്കല്‍ ഗുണിക്കല്‍ തുടങ്ങിയ കണക്കു പട്ടികകളും ഇംഗ്ലീഷ്, മലയാളം, ഹിന്ദി അക്ഷരമാലയുമുണ്ടാകും.
അഞ്ചാം ക്ലാസ് പഠനം തുടങ്ങിയപ്പോള്‍ കോപ്പി പുസ്തകത്തില്‍ ഇംഗ്ലീഷ് അക്ഷരമാല എഴുതി പഠിപ്പിക്കാന്‍ തുടങ്ങി. പലര്‍ക്കും മാസങ്ങള്‍ എടുത്തിട്ടും അക്ഷരമാല വഴങ്ങിയില്ല. നേരത്തെ സ്വയം പഠിച്ചിരുന്നതുകൊണ്ട് ഇംഗ്ലീഷ് അധ്യാപകന്‍ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ അക്ഷരങ്ങള്‍ എഴുതി. അതോടെ അധ്യാപകന്‍ എം.ടി.തോമസിന് എന്നോട് പ്രത്യേക മമത. ‘നിനക്ക് ഇംഗ്ലീഷില്‍ നല്ല ഭാവിയുണ്ട്. നീ ലാംഗ്വേജ് പഠിക്കണം’ എന്നു പറഞ്ഞുകൊണ്ട് കൊച്ച് ഇംഗ്ലീഷ് കഥാ പുസ്തകങ്ങള്‍ തന്നു.
അതോടെ ലൈബ്രറിയില്‍ നിന്നു കിട്ടുന്നതും അല്ലാത്തുമായ ഇംഗ്ലീഷ് പുസ്തകങ്ങള്‍ തപ്പിപ്പിടിച്ചു വായന തുടങ്ങി. സാര്‍ പറഞ്ഞ വാക്കുകളാണ് എന്നെ ആവേശ ഭരിതനാക്കിയത്. ഈ വാക്കുകള്‍ എന്നെ ഇംഗ്ലീഷ് എം.എ ബിരുദം നേടുന്നതില്‍ വരെ എത്തിച്ചു. പത്ര പ്രവര്‍ത്തനവും അല്‍പ്പസ്വല്‍പ്പം എഴുത്തുമൊക്കെയായ കാലത്ത് ഒരു ദിവസം പഴയ ഗുരുനാഥനെ കണ്ടു. സംസാരത്തിനിടയില്‍ സാര്‍ എന്റെ ഇംഗ്ലീഷിനെ അഞ്ചാം ക്ലാസില്‍ പ്രശംസിച്ച കാര്യം സൂചിപ്പിച്ചു. ‘അങ്ങനെ ഞാന്‍ പറഞ്ഞോ?’ സാറിന് ഓര്‍മ്മയില്ല. കൊച്ചു കുട്ടിയോട് സാര്‍ വെറുതെ ഒരു പ്രോത്സാഹന വാക്ക് പറഞ്ഞതാകാം. പക്ഷേ ഞാന്‍ അത് ഗൗരവത്തിലെടുത്തു. അത് എന്റെ പഠനത്തെത്തന്നെ സ്വാധീനിച്ചു.
കുട്ടികളോട് ഇടപഴകുമ്പോഴും സംസാരിക്കുമ്പോഴും വലിയ ശ്രദ്ധയും കരുതലും വേണമെന്ന പാഠമാണ് ഇതിലൂടെ ബോധ്യമായത്. അതിനാല്‍ ബാലജനസഖ്യത്തിന്റെ ചുമതലയിലായിരുന്നപ്പോള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങള്‍ പറയാനും ചെയ്യാനും മനസിരുത്തി.
കണക്ക് പഠനത്തോട് അകല്‍ച്ചയുണ്ടാകാന്‍ കാരണമായത് മറ്റൊരു അധ്യാപികയുടെ സമീപനമാണ്. മൂന്നാം ക്ലാസില്‍ ഗുണനപ്പട്ടിക കാണാപാഠം പഠിക്കണം. 16 വരെയുള്ള അക്കങ്ങളുടെ ഗുണനപ്പട്ടികയാണ് മന:പാഠമാക്കേണ്ടത്. പട്ടിക ക്രമമായി പറഞ്ഞാല്‍ പോരാ. ടീച്ചര്‍ ഇടയ്ക്കു നിന്ന് എടുത്തു ചോദിച്ചാല്‍ അപ്പോള്‍ ഉത്തരം പറയണം. അല്ലെങ്കില്‍ ചൂരല്‍ കൊണ്ട് കൈവെള്ളയില്‍ അടി. 11ന്റെ ഗുണനപ്പട്ടിക ടീച്ചര്‍ ഇടയ്ക്കു നിന്ന് എടുത്തു ചോദിച്ചപ്പോള്‍ തെറ്റി. അടി തന്ന് ക്ലാസിന് പുറത്തു നിര്‍ത്തി. സ്‌കൂളില്‍ പഠിക്കുന്ന ചേച്ചിയെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. ചേച്ചി വന്നപ്പോള്‍ ടീച്ചര്‍ വിരട്ടി ‘ ഇവനെ നീ എന്താ പഠിപ്പിക്കാത്തത്? ഇവന് മറ്റു വിഷയങ്ങള്‍ക്ക് ഫുള്‍ മാര്‍ക്കാ, പിന്നെന്താ കണക്കിനു പിന്നില്‍?’ കണക്കൊഴിച്ച് എല്ലാ വിഷയത്തിനും ഞാനാണ് ക്ലാസില്‍ മുന്നില്‍. കണക്കിന് അല്‍പ്പം പിന്നിലായതിന്റെ പേരില്‍ ശിക്ഷിച്ചത് ശരിയല്ലെന്ന് അന്നു തന്നെ എനിക്ക് തോന്നി. മിടുക്കനായ കുട്ടി എല്ലാ വിഷയത്തിലും ടോപ്പ് ആയിരിക്കണമെന്ന് തെറ്റിദ്ധരിച്ചു പോയ ടീച്ചറിനോട് സഹതാപം തോന്നുന്നു. കുട്ടികളുടെ വാസനകളും കഴിവുകളും വ്യത്യസ്തമാണെന്നുള്ള സത്യം അവര്‍ മനസിലാക്കിയിരുന്നില്ല. എന്തായാലും അതോടെ കണക്ക് പഠിക്കാനുള്ള താല്‍പര്യം നഷ്ടമായി. എസ്.എസ്.എല്‍.സിക്ക് ശേഷം ആ വിഷയം പഠിച്ചില്ല.
ലോക കാര്യങ്ങളിലും പത്രവായനയിലും താല്‍പര്യമുണര്‍ത്തിയ ഹൈസ്‌കൂള്‍ ക്ലാസുകളിലെ സാമൂഹ്യപാഠം അധ്യാപകന്‍ എം.എം.മാത്യുവിനെ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. പീരിയഡ് അവസാനിക്കാന്‍ 10 മിനുട്ട് മുമ്പേ ക്ലാസ് നിര്‍ത്തി അന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകള്‍ പറയാന്‍ കുട്ടികളോട് ആവശ്യപ്പെടും. തുടര്‍ന്ന് സാര്‍ ആ വാര്‍ത്തകളുടെ വിശദാംശങ്ങളും സാമൂഹിക പ്രസക്തിയുമെല്ലാം വിവരിക്കും. ക്ലാസില്‍ പറയാന്‍ വേണ്ടി കുട്ടികള്‍ രാവിലെതന്നെ പത്രങ്ങള്‍ വിശദമായി വായിച്ചു വരും. കുട്ടികളില്‍ പത്ര വായന പ്രോത്സാഹിപ്പിക്കാന്‍ സാര്‍ ചെയ്ത സൂത്രമായിരുന്നത്. പത്ര വാര്‍ത്തകള്‍ സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്ന ‘ ന്യൂസ് റീഡിങ്’  എന്ന പരിപാടിയും അന്നുണ്ടായിരുന്നു. ലോക വാര്‍ത്തകള്‍, ഇന്ത്യന്‍ വാര്‍ത്തകള്‍, കേരള വാര്‍ത്തകള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ പത്രങ്ങളില്‍ വന്ന പ്രധാന വാര്‍ത്തകള്‍ കുട്ടികള്‍ അസംബ്ലിയില്‍ എഴുതിക്കൊണ്ടു വന്നു വായിക്കുന്ന പരിപാടിയാണിത്.
തന്ത്രപരമായ നീക്കങ്ങളിലൂടെയും വാക്കുകളിലൂടെയും കുട്ടികളെ സ്വാധീനിക്കാനും മാറ്റിയെടുക്കാനും കഴിയും. ശിക്ഷയേക്കാള്‍ ഫലപ്രദമാണത്. കുട്ടിക്കാലത്ത് ചേട്ടന്റെ ബീഡിക്കെട്ടില്‍ നിന്ന് ഒരു ബീഡിയെടുത്തു വിറകുകൊള്ളി കൊണ്ടു കത്തിച്ചു. ഒന്നു വലിച്ചതോടെ നിര്‍ത്താതെ ചുമ. ഇത് അനിയത്തി ലില്ലി കണ്ടുപിടിച്ചു. ‘ഇതാ ഇവിടെ ബീഡി വലിക്കുന്നേ’ എന്ന് അവള്‍ വിളിച്ചു കൂകി. ചാച്ചന്‍ ഫ്രാന്‍സിസ് വീടിനു താഴെ പറമ്പില്‍ കര്‍ഷക തൊഴിലാളികളുടെ കൂടെ പണിക്കു മേല്‍നോട്ടം കൊടുത്തു നില്‍ക്കുകയായിരുന്നു. എന്നെ വിളിച്ചു വരുത്തി. പേടിച്ചു പേടിച്ചു ചെല്ലുന്ന എന്നെ കണ്ട് പണിക്കാര്‍ ചിരിക്കാന്‍ തുടങ്ങി.
‘ ഇവനെ ഇങ്ങനെ വിട്ടാല്‍ ശരിയല്ലല്ലോ. ഇവനിട്ട് അടി കൊടുക്കണ്ടേ? നിങ്ങള്‍ എന്തു പറയുന്നു’  ചാച്ചന്‍ പണിക്കാരോട് അഭിപ്രായം ചോദിക്കുമ്പോള്‍ ചാച്ചനും ചിരിക്കുന്നുണ്ടായിരുന്നു.
വേണം അവരും ഒന്നടങ്കം പറഞ്ഞു. എല്ലാവരുടേയും ചിരിയാണ് എനിക്ക് ഏറ്റ അപമാനമായിത്തോന്നിയത്.
‘നീ തന്നെ വടി വെട്ടിക്കൊണ്ടു വാ’ എന്നു പറഞ്ഞ് ചാച്ചന്‍ ഒരു വാക്കത്തി തന്നു. ആകെ നാണം കെട്ട് വടിവെട്ടാന്‍ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു പോയി. നല്ല വണ്ണമുള്ള ഒരു വടി നീളത്തില്‍ വെട്ടിക്കൊണ്ടു വന്നു ചാച്ചന്റെ കൈയ്യില്‍ കൊടുത്തു.
ഓ, ഇതുകൊണ്ട് തല്ലിയാല്‍ ഇവന്‍ ചത്തു പോകുമല്ലോ എന്നു ചാച്ചന്‍ പറഞ്ഞതും വീണ്ടും എല്ലാവരും ചിരി തുടങ്ങി. അടി തന്നാലും സാരമില്ല, ഈ ചിരിയാണ് എനിക്ക് അസഹ്യമായി തോന്നിയത്.
ചാച്ചന്‍ പറഞ്ഞു ‘നിന്നെ അടിക്കുന്നില്ല. വീട്ടിലുള്ള മന്ന് തലയിലേറ്റി അങ്ങാടിവരെ കൊണ്ടുപോയി തിരിച്ച് വീട്ടിലെത്തിക്കാന്‍ പ്രാപ്തിയാകുമ്പോള്‍ വലിച്ചോ. അതിനു മുമ്പ് വലിക്കരുത്’ ( കരിങ്കല്ലില്‍ കൊത്തിയെടുത്ത തൂക്കക്കട്ടിയാണ് മന്ന്. മരച്ചീനിയും മറ്റും തൂക്കുമ്പോള്‍ ഇതാണ് ത്രാസില്‍ വയ്ക്കുക. പഴയ കണക്കില്‍ 36 റാത്തല്‍ തൂക്കം ഇപ്പോഴത്തെ കണക്കില്‍ ഏതാണ്ട് 16 കിലോഗ്രാം ഭാരമുണ്ടാകും).
വീട്ടില്‍ നിന്ന് അങ്ങാടിക്ക് ഒരു കിലോമീറ്റര്‍ ദൂരമുണ്ട്. ഇതും തലയിലേറ്റി അങ്ങാടിക്കു പോകാനും തിരിച്ചു വരാനും പ്രാപ്തിയാകണമെങ്കില്‍ പ്രായപൂര്‍ത്തിയാകണം. കുട്ടിക്കാലത്ത് വലിയ്ക്കരുത്, മുതിര്‍ന്നു കഴിയുമ്പോള്‍ ഇഷ്ടം പോലെ ചെയ്‌തോ, എന്നാണ് ഈ പറഞ്ഞതിന്റെ അര്‍ത്ഥമെന്ന് അന്നു മനസ്സിലായില്ല. സ്‌കൂള്‍ കാലത്ത് സഹപാഠികള്‍ കൂള്‍ സിഗററ്റും ബെര്‍ക്കിലിയും സിസേഴ്‌സും ബീഡിയുമെല്ലാം വലിയ്ക്കുമെങ്കിലും ഞാന്‍ ആ കൂട്ടത്തില്‍ കൂടിയില്ല.
കോളേജ് പഠന കാലത്ത് ഞാനും ചാച്ചനും ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പാലായ്ക്കു പോയി. നിരന്തരം മുറുക്കുന്ന ചാച്ചന്‍ യാത്രയ്ക്കിടയില്‍ മുറുക്കില്ല. പകരം സിസേഴ്‌സ് വലിയ്ക്കും. രാത്രിയില്‍ തിരക്കുള്ള മലബാര്‍ എക്‌സ്പ്രസില്‍ ആലുവയ്ക്കു വണ്ടി കയറി. പുലര്‍ച്ചെ അവിടെ നിന്ന് പാലാ  ബസില്‍ കയറി. ആറു മണിയായപ്പോള്‍ ബസ് ഒരു ചായക്കടയുടെ മുമ്പില്‍ നിര്‍ത്തി. ഇനി ചായ കുടിച്ചിട്ടേ യാത്രയുള്ളൂ.
അവിടെ പത്തിരുപതു ഗ്ലാസേ ഉള്ളൂ. ആദ്യം ചായ കുടിക്കുന്നവരുടെ ഗ്ലാസു കഴുകി വേണം ബാക്കിയുള്ളവര്‍ക്ക് ചായ കൊടുക്കാന്‍. ട്രെയിനില്‍ തിക്കിതിരക്കിയുള്ള യാത്രയും ഉറക്ക ക്ഷീണവും നന്നായുണ്ട്. ചാച്ചന്‍ പാക്കറ്റ് തുറന്ന് ഒരു സിഗററ്റ് കത്തിച്ചു. എന്റെ നേരെ പാക്കറ്റ് നീട്ടി. ഞാന്‍ ഒരു സിഗരറ്റെടുത്തു. അപ്പോഴാണ് ചാച്ചന്റെ കൈയ്യില്‍ നിന്നാണല്ലോ സിഗരറ്റ് വാങ്ങിയതെന്ന ബോധം വന്നത്. ഇനി നോക്കിയിട്ടു കാര്യമില്ല. ചാച്ചന്‍ തന്ന തീപ്പെട്ടികൊണ്ടു സിഗരറ്റ് കത്തിച്ചു.
കോളേജില്‍ അന്ന് പുകവലിയുടെ കാലമാണ്. മാത്രമല്ല ഞങ്ങളുടെ ഇംഗ്ലീഷ് പ്രഫസര്‍ സി.എ.ഷെപ്പേഡ് ചാര്‍മിനാര്‍ വലിച്ചു കൊണ്ടാണ് ക്ലാസെടുക്കുക. കുട്ടികളും എം.എ ക്ലാസില്‍ പുക വലിച്ചു കൊണ്ട് നോട്ട് എഴുതിയെടുക്കും. അക്കാലത്തെ സിനിമകളിലും സിഗററ്റ് കയ്യില്‍ എരിയാത്ത നായകനെ കാണാന്‍ വിഷമമായിരുന്നല്ലോ. പുരുഷത്വത്തിന്റെ ലക്ഷണമായിരുന്നു അന്നു പുകവലി.
‘തന്നോളം വളര്‍ന്നാല്‍ തനിക്കൊപ്പം’  എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. മക്കള്‍ വളര്‍ന്നു കഴിഞ്ഞാല്‍ മാതാപിതാക്കള്‍ അവരെ തുല്യരായി കണക്കാക്കണമെന്നാണ് അതിന്റെ പൊരുള്‍. അതാണ് പാലാ യാത്രയില്‍ ചാച്ചന്‍ ചെയ്തത്. ചേട്ടന്‍ ചെയ്യുന്നത് അനുകരിച്ച് കുട്ടിക്കാലത്ത് കൗതുകത്തിന് ബീഡിവലിച്ചു നോക്കിയതാണ്. അന്ന് ചാച്ചന്‍ ശിക്ഷിച്ചില്ല. അന്നത്തെ ഉപദേശം മനസില്‍ പതിയുകയും ചെയ്തു. മികച്ച കര്‍ഷകന്‍ എന്നതിനൊപ്പം അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ചാച്ചന്‍. സ്വന്തമായി തോക്കുള്ള മികച്ച നായാട്ടുകാരനും. പുഴയിലെ മീന്‍ പിടിക്കുന്നതില്‍ വിദഗ്ധനുമായിരുന്നു. പുല്ലൂരാംപാറയിലെ ആദ്യകാല വ്യാപാരിയായിരുന്നു. മക്കള്‍ക്ക് അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയല്ലാതെ ഒന്നിലും നിര്‍ബന്ധിച്ചിരുന്നില്ല. ഓരോരുത്തര്‍ക്കും അവര്‍ക്ക് ബോധിച്ച വഴിയേ നീങ്ങാം. ചാച്ചന്റെ ഈ തുറന്ന മനോഭാവവും പെരുമാറ്റവും മക്കളിലെല്ലാം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചാച്ചന് നിശബ്ദ പിന്തുണയുമായി അമ്മച്ചി മറിയക്കുട്ടിയും എപ്പോഴും കൂടെയുണ്ടായിരുന്നു. തന്റേടിയായ ചാച്ചന്റെ കരുത്തും അമ്മച്ചിയുടെ വൈകാരികമായ തലോടലും ഒത്തു ചേര്‍ന്നപ്പോള്‍ വീട് മക്കള്‍ക്ക് വളര്‍ന്നു പടരാന്‍ മികച്ച നഴ്‌സറിയായി പരിണമിച്ചു.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.) 

 മാതാ, പിതാ , ഗുരു, ദൈവം  (വാടാമല്ലികള്‍ -ഭാഗം 24)

Share

Leave a Reply

Your email address will not be published. Required fields are marked *