പി.ടി.നിസാര്‍
( പ്രശസ്ത കവിയും, എഴുത്തുകാരനും, സാമൂഹിക-സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ പി.പി.ശ്രീധരനുണ്ണയുമായി പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ നടത്തിയ അഭിമുഖം)
? അങ്ങയുടെ ബാല്യകാലം
കോഴിക്കോട് ജില്ലയിലെ നരിക്കുനിക്കടുത്ത് പന്നിക്കോട്ടൂര്‍ ഹിന്ദു-മുസ്ലിം സമൂഹം ഐക്യത്തോടെ ജീവിച്ചിരുന്ന ഗ്രാമം. കൃഷിയായിരുന്നു മുഖ്യ ജീവിത മാര്‍ഗം. കര്‍ഷകനും, കര്‍ഷക തൊഴിലാളികളുമടങ്ങുന്ന സമൂഹം സന്തോഷകരമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ഉദ്യോഗ ജീവിതം നയിക്കുന്ന ഒരാള്‍പോലും അക്കാലത്ത് ഗ്രാമത്തിലില്ല. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ ഉടനെ ദാരിദ്ര്യം കളിയാടുന്ന കാലമായിരുന്നു അന്ന്. റേഷനാണ് ജനങ്ങളുടെ പ്രധാന ഭക്ഷണ മാര്‍ഗ്ഗം. അച്ഛന് കുറച്ച് വയല്‍ ഭൂമി ഉണ്ട്.കൃഷിയുമുണ്ട്. അച്ഛന്‍ ആധാരമെഴുത്തുകാരനായിരുന്നു, കൂടെ നാട്ടു കാര്യസ്ഥനും. പുത്തന്‍പുരന്‍ കണാരന്‍ നായരും ഉത്താന്‍ ഹാജിയും (ഉത്താന്‍ അധികാരി), പുത്തലത്ത് ബാലന്‍ നായര്‍ എന്നിവരടങ്ങുന്ന നാട്ടു കാര്യസ്ഥന്‍മാരായിരുന്നു നാട്ടിലെ പ്രധാന കാര്യങ്ങളില്‍ ഇടപെട്ടിരുന്നത്. ഉത്താന്‍ ഹാജിയുടെ സഹോദരന്റെ മകളെയാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകനായ നവാസ് പൂനൂരിന്റെ പിതാവ് കല്ല്യാണം കഴിച്ചത്. എന്റെ അമ്മയുടെ പേര് മാതുവമ്മ. കൊടോളി ഗ്രാമമായിരുന്നു അമ്മയുടെ ജന്മ നാട്. ഞങ്ങള്‍ക്കന്ന് ഓലപ്പുരയായിരുന്നു. 9 മക്കളടങ്ങുന്നതാണ് കുടുംബം. അഞ്ചാമത്തെ ആണ്‍കുട്ടിയായി ഞാന്‍ ജനിച്ചപ്പോള്‍ എനിക്ക് പ്രത്യേക പരിഗണനയാണ് ലഭിച്ചത്. എന്റെ പ്രാഥമിക പഠനം കുട്ടമ്പൂര്‍ എയിഡഡ് യു.പി.സ്‌കൂളിലായിരുന്നു. തുടര്‍ന്ന് നന്മണ്ട ഹൈസ്‌കൂളിലും, കോളേജ് വിദ്യാഭ്യാസം ദേവഗിരിയിലുമായിരുന്നു. അവിടെ നിന്നാണ് ബി എസ് സി ബോട്ടണി ബിരുദം കരസ്ഥമാക്കിയത്.
? അങ്ങയുടെ കവിതാ താല്‍പര്യം എങ്ങനെയാണ് മുളപൊട്ടിയത്
5-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ചെറിയ ചെറിയ നാല് വരികള്‍ കുത്തിക്കുറിക്കാറുണ്ടായിരുന്നു. എന്റെ സഹോദരിയായ ദേവകിയമ്മ ഇത് ശ്രദ്ധിക്കുകയും ഈ വിവരം എല്ലാവരോടും പറയുകയും ചെയ്തു. ഇത് എനിക്ക് വലിയ അഭിമാനമായി. മാതൃഭൂമിക്ക് ബാലപംക്തിയിലേക്ക് കവിതകള്‍ അയക്കണമെന്ന് പറഞ്ഞ് തന്നു. അന്ന് മാതൃഭൂമി ബാലപംക്തി എഡിറ്റര്‍ കടവനാട് കുട്ടികൃഷ്ണനാണ്. അക്കാലത്ത് ആഴ്ചപ്പതിപ്പിലൊക്കെ നല്ല, നല്ല കവിതകള്‍ വന്നിരുന്നു. ബാലപംക്തിയാണെങ്കിലും ഇരുത്തം വന്ന കവിതകള്‍. സുവര്‍ണ്ണ നാലപ്പാട്ട്, മലയത്ത് അപ്പുണ്ണി, ഒ.വി.ഉഷ, മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവരൊക്കെ എന്റെ കുട്ടിക്കാലത്ത് എന്നോടൊപ്പം എഴുതി തുടങ്ങിയവരായിരുന്നു. ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് നന്മണ്ട ഹൈസ്‌കൂളിലെത്തിയപ്പോള്‍ ആകാശവാണി ബാലകവി സമ്മേളനം നടത്തുകയുണ്ടായി. നവംബര്‍ 14ന് ശിശുദിനത്തില്‍ കുട്ടികവികളായ ഞങ്ങളെയെല്ലാം വിളിച്ച് സാമൂതിരി ഹൈസ്‌കൂളിന്റെ അങ്കണ ഒരു മരച്ചുവട്ടിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ആദ്യമായാണ് കുട്ടികളുടെ ഒരു കവി സമ്മേളനം നടക്കുന്നത്. കോന്നിയൂര്‍ നരേന്ദ്ര നാഥ്, പാറുക്കുട്ടിയമ്മ എന്നിവരായിരുന്നു മുന്‍കൈയെടുത്തത്. ഇതിന് ശേഷം സ്‌കൂളില്‍ അസംബ്ലിയില്‍ വെച്ച് അധ്യാപകന്‍ എന്നെ പരിചയപ്പെടുത്തുകയും, എന്റെ കവിത കേള്‍പ്പിക്കുകയുമുണ്ടായി. ഇതെനിക്ക് വലിയ അഭിമാനമുണ്ടാക്കി.
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അമ്മ മരിക്കുന്നത്. അമ്മയ്ക്ക് രക്തവാതമായിരുന്നു. അമ്മ മരിച്ച അന്ന് രാത്രി തന്നെ അച്ഛനും മരിച്ചു. അച്ഛന് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. എന്നെ പ്രസവിക്കുന്ന കാലത്ത് തന്നെ അമ്മയ്ക്ക് രോഗമുള്ളതിനാല്‍ എനിക്ക് അമ്മയുടെ മുലപ്പാല്‍ നുണയാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല. ഞങ്ങളുടെ ഗ്രാമത്തിലെ മൂന്ന് അമ്മ മാരുടെ മുലപ്പാല്‍ കുടിച്ചാണ് ഞാന്‍ വളര്‍ന്നത്. മൂന്ന് നേരം എന്നെ ഓരോ വീട്ടില്‍ കൊണ്ട്‌പോയാണ് മുലയൂട്ടിയിരുന്നത്. അത് ജാതി സമ്പ്രദായം ശക്തമായിരുന്ന കാലമാണെന്നോര്‍ക്കണം. എനിക്ക് മുലപ്പാല്‍ തന്ന ഒരമ്മയുടെ പേര് മറിയോമ എന്നാണ്. മൂന്ന് പേരും മൂന്ന് ജാതിക്കാര്‍. മുലപ്പാലിന് ജാതിയില്ലല്ലോ? അവരെല്ലാം മരിക്കുന്നത് വരെ എന്റെ അമ്മമാരായിരുന്നു. ഇപ്പോഴും എന്റെ പ്രായക്കാരനായ മറിയോമയുടെ മകനായ മുഹമ്മദുമായി ഞാന്‍ വലിയ ബന്ധം പുലര്‍ത്തുന്നുണ്ട്. ആ വീട്ടില്‍ പോയാല്‍ ഭക്ഷണം കഴിക്കാതെ അവരെന്നെ വിടില്ല. അമ്മയുടെ മരണ ശേഷം ചേച്ചിയാണ് എന്നെ നോക്കി വളര്‍ത്തിയത്. കുട്ട്യേടത്തി എന്നാണ് ഞാനവരെ വിളിച്ചിരുന്നത്. ഹൈസ്‌കൂള്‍ കാലത്താണ് എനിക്ക് വഴികാട്ടിയായ ഗുരുനാഥനെ കണ്ട് മുട്ടുന്നത്. സാക്ഷാല്‍ ചാത്തനാട്ട് അച്യുതനുണ്ണിയായിരുന്നു അത്.എന്റെ കവിതാ വാസന തിരിച്ചറിഞ്ഞ് ഒരു വെക്കേഷന്‍ കാലത്ത് ഒരു വലിയ പുസ്തകം തന്നിട്ട് പറഞ്ഞു നീയിത് മുഴുവന്‍ വായിക്കണം. 64 തുള്ളല്‍ കഥകളായിരുന്നു ആ പുസ്തകം. സ്‌കൂള്‍ തുറന്നപ്പോള്‍ സാറ് ട്രാന്‍സ്ഫറായിരുന്നു. എന്നിലാവായന എനിക്ക് വലിയ മുതല്‍ക്കൂട്ടായി.
? അങ്ങുടെ സാഹിത്യ വിപുലീകരണം നടന്ന കാലമേതാണ്
കോളേജില്‍ എന്റെ ഗുരുക്കന്മാരായിരുന്നു സുകുമാര്‍ അഴീക്കോട്, തായാട്ട് ശങ്കരന്‍, ഡോ.ഷെപ്പേര്‍ഡ് തുടങ്ങിയവര്‍. കോളേജ് പഠനം കഷ്ടപ്പെട്ടാണ് നടന്നിരുന്നത്. ഫീസുകൊടുക്കാന്‍ മാര്‍ഗമില്ല. ഈയൊരു കാലത്താണ് ഞാന്‍ ആനുകാലികങ്ങളില്‍ കഴിതകളെഴുതിയത്. മാതൃഭൂമി ഒരു കവിത പ്രസിദ്ധീകരിച്ചാല്‍ 25 രൂപ തരും. ഇതുകൊണ്ടാണ് കോളേജ് ഫീസും, ഹോസ്റ്റല്‍ ഫീസും കൊടുത്തിരുന്നത്. ചന്ദ്രിക 5 രൂപ തരും. മാസത്തില്‍ ഏതെങ്കിലും മാധ്യമ സ്ഥാപനത്തില്‍ നിന്നും ഇങ്ങനെ പണം കിട്ടുന്നതിനാല്‍ എന്റെ പഠനം നിര്‍ബാധം തുടര്‍ന്നു. ഇക്കാലത്താണ് കേരള സാഹിത്യ സമിതി ഒരു ക്യാമ്പ് നടത്തുന്നത്. അന്ന് സാഹിത്യ സമിതിയുടെ ജന.സെക്രട്ടറി എന്‍.വി.കൃഷ്ണവാരിയരാണ്. എസ്.കെ.പൊറ്റക്കാട്, എ പി പി നമ്പൂതിരി, എം.ആര്‍.ചന്ദ്രശേഖരന്‍, തുടങ്ങിയ മഹാരഥന്മാരാണ് നേതൃനിരയിലുള്ളത്. നാല് ദിവസം നടന്ന ക്യാമ്പില്‍ ജി.ശങ്കരക്കുറുപ്പ്, വയലാര്‍ രാമവര്‍മ്മ, ഒ.എന്‍.വി.കുറുപ്പ്, വിഷ്ണു നാരായണന്‍ നമ്പൂതിരി, എന്‍.എന്‍.കക്കാട്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, വൈലോപ്പിള്ളി, പി.കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി എന്നിവരെപോലുള്ള വലിയ കവികള്‍ ക്യാമ്പില്‍ വരികയും കവിതകള്‍ അവതരിപ്പിക്കുകയും, ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കുകയും ചെയ്തു. ഇത് എനിക്ക് വലിയ മുതല്‍ക്കൂട്ടാണുണ്ടാക്കിയത്.
? ആകാശവാണി ജീവിതം
ആകാശവാണിയിലെത്തിയതിന് മുന്‍പ് അധ്യാപക വേഷത്തിലും ഞാന്‍ ജീവിച്ചിട്ടുണ്ട്. കക്കാടിന്റെ കൂടെ രാമനാട്ടുകര ഹൈസ്‌കൂളില്‍ പോയ സമയത്ത് അന്നവിടെ ഇന്‍സ്‌പെക്ഷന്‍ നടക്കുകയായിരുന്നു. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്നു ഇന്‍സ്‌പെക്ഷന്‍ നടത്തിയിരുന്നത്. സ്‌കൂളില്‍ മലയാളം പഠിപ്പിക്കാന്‍ ആളില്ല. എന്നെ കണ്ടപ്പോള്‍ ഡി ഇ ഒ പറഞ്ഞു നിങ്ങള്‍ ഇവിടെ മലയാളം അധ്യാപകനാവണമെന്ന്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നര വര്‍ഷക്കാലം (1968 കാലം) ഞാന്‍ അധ്യാപകനായും ജോലി ചെയ്തു. 1969 ഏപ്രില്‍ 1നാണ് ആള്‍ ഇന്ത്യ റേഡിയോയില്‍ ജോലിക്കെത്തുന്നത്. അവിടുത്തെ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. ആള്‍ ഇന്ത്യാ റേഡിയോയിലാണെങ്കില്‍ പി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍, പത്മനാഭന്‍ നായര്‍ എന്നിവരുടെ കാലഘട്ടം കഴിഞ്ഞ് ഉറൂബ് അക്കിത്തം, കക്കാട്, തിക്കോടിയന്‍, കെ.എ.കൊടുങ്ങല്ലൂര്‍, വിനയന്‍ എന്നിവരൊക്കെ അരങ്ങ് വാഴുന്ന കാലമാണ്. കുടുംബാസൂത്രണ വകുപ്പില്‍ നിന്ന് പ്രചരണാര്‍ത്ഥം ആരോഗ്യ വകുപ്പില്‍ നിന്നെത്തിയ യു.എ.ഖാദറും ആകാശവാണിയിലുണ്ട്. ആകാശ വാണിയില്‍ വലിയ വലിയ എഴുത്തുകാരായ ഇടശ്ശേരി, പി.കുഞ്ഞിരാമന്‍ നായര്‍, തകഴി,മുണ്ടശ്ശേരി, വി.കെ.എന്‍ എന്നിവരൊക്കെ അക്കാലത്ത് സ്ഥിരം സന്ദര്‍ശകരായിരുന്നു.
ഞാന്‍ ആകാശവാണിയില്‍ സബ് എഡിറ്ററായി ജോലി തുടങ്ങി. കക്കാട് ആയിരുന്നു എന്റെ സീനിയര്‍ ഓഫീസര്‍. കാര്‍ഷിക രംഗമായിരുന്നു ഞാന്‍ കൈകാര്യം ചെയ്തിരുന്നത് എന്നതിനാല്‍ നാടുനീളെ പോകണം. കാസര്‍ക്കോട്, ബദിയടുക്ക, കാറടുക്ക, മഞ്ചേശ്വരം വരെയുള്ള കൃഷിഭവനുകളിലേക്കാണ് എന്റെ യാത്രകള്‍.ഇക്കാലത്ത് ഒട്ടുമിക്ക കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വാര്‍ത്താ സ്റ്റോറികള്‍ ആകാശവാണിയിലൂടെ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുകയാണ്. കൃഷിരീതികളെക്കുറിച്ച് പഠിക്കാന്‍ സാധിച്ചു. പില്‍ക്കാലത്ത് എ ഐ ആറില്‍ കൃഷിപാഠം തുടങ്ങി. സാഹിത്യ മണ്ഡപം,തൊഴിലാളി മണ്ഡലം, നാടക രംഗം, ലക്ഷദ്വീപ് പരിപാടി തുടങ്ങിയ പംക്തികളും കൈകാര്യം ചെയ്യുകയുണ്ടായി. എന്താണ് ലോകമെന്നും മനുഷ്യ ജീവിതമെന്തെന്നും എന്നെ പഠിപ്പിച്ചത് ആകാശവാണിയാണ്. ആദ്യ കാലത്ത് വീടുകളില്‍ റേഡിയോ ഉപയോഗിക്കാന്‍ ലൈസന്‍സ് വേണം. ഒരു വര്‍ഷം 15 രൂപയാണ് അടക്കേണ്ടിയിരുന്നത്. അന്നത്തെ റേഡിയോ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇന്നത്തെ സിനിമാതാരങ്ങളെപോലെ വലിയ ജനകീയതയായിരുന്നു. ഇക്കാലത്താണ് തകഴിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആലപ്പുഴയിലേക്ക് പോകുന്നത്. തകഴിക്ക് വക്കീല്‍ പണിക്ക് പുറമെ നല്ല കൃഷിയുമുണ്ട്. ചെന്ന ഉടനെ നെല്ല് കുത്തരിയുടെ കഞ്ഞി തന്നു. പിന്നീട് വിഭവ സമൃദ്ധമായ സദ്യയും. നല്ല ഒരു ഇന്റര്‍വ്യൂ അദ്ദേഹവുമായി എടുക്കാനും സാധിച്ചു. പ്രാദേശിക വാര്‍ത്തകള്‍ കൂടി വന്നപ്പോള്‍ എ ഐ ആറിന് വലിയ ജനപ്രീതി വര്‍ദ്ധിച്ചു. തുടക്കത്തില്‍ എനിക്ക് 170-210 രൂപയായിരുന്നു ശമ്പളം. ബാക്കി അലവന്‍സുകളുമായിരുന്നു.
? താങ്കള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍
കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1985ലാണ് നാടക ഗാനത്തിനുള്ള അവാര്‍ഡ് അഗ്രഹാരത്തിനുള്ള ഗാനത്തിന് ലഭിക്കുന്നത്. ബാലസാഹിത്യ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ശംഖുപുഷ്പം എന്ന സിനിമയ്ക്ക് പാട്ടെഴുതിയിട്ടുണ്ട്. ഇക്കാലയളവില്‍ 600ഓളം കവിതകള്‍ എഴുതിയിട്ടുണ്ട്. 300 ഓളം കവിതകള്‍ വിവിധ സമാഹാരങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയ്ക്ക് പാട്ടെഴുതിയതോടെ എനിക്ക് സിനിമാ രംഗത്തേക്ക് കടക്കണമെന്ന ആഗ്രമഹമുണ്ടായി. അതിനായി ചെന്നൈയിലെത്തി. എന്നാല്‍ ഭാസ്‌കരന്‍മാഷ് ജോലികളയരുതെന്ന ഉപദേശം നല്‍കിയതോടെ ഞാന്‍ ആകാശവാണിയിലേക്ക് തന്നെ മടങ്ങി. ആകാശവാണിയില്‍ കാര്‍ഷിക പാട്ടുകള്‍, മാപ്പിളപ്പാട്ടുകള്‍, ഭക്തിഗാനങ്ങള്‍, പ്രേമ ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ തുടങ്ങി 500ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കോളേജിന് വേണ്ടി സംഗീതനാടകവും, അനേകം നാടകങ്ങളും എഴുതിയിട്ടുണ്ട്.
? പുതിയ കാല സാഹിത്യ രചനകളെ എങ്ങനെ വിലയിരുത്തുന്നു
ഞാന്‍ 1960 മുതല്‍ കവിതകള്‍ എഴുതാറുണ്ടായിരുന്നു. എന്നാല്‍ നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം 1985ലാണ് എന്റെ പ്രഥമ കാവ്യ സമാഹാരം പ്രസിദ്ധീകരിക്കുന്നത്. ഇക്കാലയളവിലെല്ലാം കാവ്യ രചനയ്ക്കും കാവ്യ ലോകത്തെക്കുറിച്ചുള്ള ദീര്‍ഘമായ പഠനത്തിനാണ് ഞാന്‍ സമയം കണ്ടെത്തിയത്. ഇന്നാണെങ്കില്‍ കുറച്ച് കവിതകളെന്ന പേരില്‍ എഴുതിയുണ്ടാക്കി അത് പുസ്തകമാക്കി അതിന് അവാര്‍ഡും തരമാക്കി തങ്ങള്‍ മഹാകവികളാണെന്ന് മേനി നടിക്കുന്ന കാലമാണ്. ഇത് സാഹിത്യകാരന്മാര്‍ക്ക് ഭൂഷണമല്ല. അവനവനെ പൊക്കിപ്പിടിക്കാന്‍ ഓടിനടക്കുകയാണ് പലരും. തന്റെ വളര്‍ച്ച എവിടെയെത്തിയെന്ന് ഓരോരുത്തരും ചിന്തിക്കണം പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി എഴുതുന്ന കാലമാണിത്.പുരസ്‌കാരങ്ങളുടെ അതിപ്രസരം കവിതകളുടെ മൂല്യം കുറയ്ക്കുകയാണ്. മാധ്യമങ്ങളുടെ പെരുകല്‍, സോഷ്യല്‍ മീഡിയയിലെ അതിപ്രസരം ഇതെല്ലാം ഇത്തരം കാര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാണമാണ്. തന്റെ കൃതി ആത്മ പ്രശംസക്ക് വേണ്ടി വിനിയോഗിക്കരുത്. അതിന്റെ മൂല്യം കാലമാണ് നിര്‍ണ്ണയിക്കേണ്ടത്. കവിത തപസ്യപോലെ കാണേണ്ട ഒന്നാണ്. കവിക്ക് ശിക്ഷണം വേണം. ഏത് രചന നിര്‍വ്വഹിക്കുന്നവനും കവിയാണ്. പത്രവാര്‍ത്ത മുറിച്ച് വെക്കുന്നത് കവിതയല്ല. കവിതക്ക് താളവും വൃത്തവും വേണം. താളമെന്നാല്‍ വൃത്തമെന്നര്‍ത്ഥമില്ല. ആശയങ്ങളെ ഉചിതമായി വിന്യസച്ചാല്‍ മാത്രമേ അത് കവിതയാകൂ. ആധാരമെടുത്ത് പകര്‍ത്തിയാല്‍ അത് കവിതയാവില്ല.
? പുതിയ കവികള്‍ക്ക് കൊടുക്കാനുള്ള ഉപദേശം
കവിതകളുടേയും, കവികളുടേയും പാരമ്പര്യമറിയണം. കാളിദാസന്‍, വാല്‍മീകി, തുഞ്ചത്തെഴുത്തച്ചന്‍ തുടങ്ങിയ കവികളേയും മനസിലാക്കണം. ചെറുശ്ശേരി ആരാണ്, എഴുത്തച്ചനും, കുഞ്ചന്‍ നമ്പ്യാരും ആരാണ് ഉള്‍പ്പെടെയുള്ള പ്രശസ്ത കവികളെക്കുറിച്ചൊന്നും മനസ്സിലാക്കാതെ എങ്ങനെയാണ് ഒരു നല്ല കവിയാകുക.
? സാഹിത്യ നഗരമായ കോഴിക്കോടിന് ഇനിയെന്താണ് വേണ്ടത്
സാഹിത്യ നഗരമെന്ന പദവി ഇവിടുത്തെ രാഷ്ട്രീയക്കാര്‍ സൃഷ്ടിച്ചതല്ല. വലിയ പാരമ്പര്യമുള്ള മഹാന്മാരായ സാഹിത്യകാരന്മാരുടെ മണ്ണാണിത്. യുനസ്‌കോയുടെ സാഹിത്യ നഗര പദവി ഉദ്ഘാടനത്തിന് പോലും നഗരത്തിലെ സാഹിത്യകാരന്മാര്‍ക്ക് അവസരമുണ്ടായില്ല. വേദിയെല്ലാം രാഷ്ട്രീയക്കാര്‍ കയ്യടക്കി. നമ്മുടെ മഹാന്മാരായ സാഹിത്യകാരന്മാരെക്കുറിച്ച് മനസിലാക്കാന്‍ വേദികളൊരുക്കുകയാണ് അധികാരികള്‍ പ്രാഥമികമായി ചെയ്യേണ്ടത്.
സാഹിത്യ പ്രവര്‍ത്തകരേയും, സാഹിത്യ പ്രവര്‍ത്തനത്തേയും രാഷ്ട്രീയ വിവേചനത്തോടെ സമീപിക്കരുത്. കോര്‍പ്പറേഷന്റെ പല സാഹിത്യ പരിപാടികളും സാഹിത്യകാരന്മാരെ അറിയിക്കാതെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴുള്ള എല്ലാ സാഹിത്യകാരന്മാരെയും ഒരു കുടക്കീഴിലാക്കണം. 300 കൊല്ലം മുന്‍പ് മാനവവേദന്‍ രാജ എഴുതിയ കൃഷ്ണ ഗീതി എന്ന കഥകളി രൂപത്തെക്കുറിച്ച് ആര്‍ക്കാണറിയുന്നത്. അപ്പുനെടുങ്ങാടി, കെ.പി.കേശവമേനോന്‍, എന്‍.വി.കൃഷ്ണ വാരിയര്‍, കടവനാട്ട് കുട്ടികൃഷ്ണന്‍, എസ്.കെ.പൊറ്റക്കാട്, ബഷീര്‍, ഉറൂബ്, എം.ടി ഉള്‍പ്പെടെയുള്ള സാഹിത്യ പ്രതിഭകളെ അടുത്തറിയാനുള്ള ഇടങ്ങളൊരുക്കി പുതു തലമുറയ്ക്ക് അവസരമൊരുക്കുകയാണ് വേണ്ടത്.
? ലോക നിലവാരത്തിലുള്ള കൃതികള്‍ എന്താണ് മലയാളത്തില്‍ പിറവിയെടുക്കാത്തത്
വളരെയധികം ജനകീയമായ കൃതികള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. നാലുകെട്ട്, സുന്ദരികളും സുന്ദരന്മാരും, ഇന്ദുലേഖ പോലുള്ള കൃതികള്‍ ഇപ്പോള്‍ വരുന്നില്ല. പണ്ടുള്ളവരുടെ പാത പിന്തുടരാന്‍ പുതിയ തലമുറക്ക് കഴിയുന്നില്ല. ഇത് ആഴത്തില്‍ പരിശോധിക്കപ്പെടണം. ടാഗോറിന് ശേഷം സാഹിത്യത്തിനുള്ള നോബല്‍ പ്രൈസ് ഇന്ത്യയിലേക്ക് വന്നിട്ടില്ല. ഇതെല്ലാം നമ്മളെല്ലാം ആലോചിക്കേണ്ടതാണ്.
നഗരത്തിലെ സാഹിത്യ രംഗത്തെ സൗമ്യ സാന്നിധ്യം പി.പി ശ്രീധരനുണ്ണി, എഴുത്തിന്റേയും വായനയുടേയും ലോകത്ത് മുഴുകിയിരിപ്പാണ്. അതിനിടയില്‍ നവാഗതരായ എഴുത്തുകാര്‍, അവരുടെ രചനകള്‍ അദ്ദേഹത്തെ കാണിക്കാനെത്തുന്നുണ്ട്. ആറ് പതിറ്റാണ്ട് കഴിഞ്ഞ ആ സാഹിത്യ സപര്യ, കോഴിക്കോടന്‍ സാഹിത്യ മണ്ഡലത്തില്‍ പ്രഭ ചൊരിഞ്ഞ്, സാഹിത്യ മേഖലയുടെ വഴിവിളക്കായി നമുക്കിടയില്‍ പരിലസിക്കുകയാണ്.
പുരസ്‌കാരങ്ങളുടെ ബാഹുല്യം സാഹിത്യ
രചനകളുടെ മൂല്യം കുറയ്ക്കുന്നു; പി.പി.ശ്രീധരനുണ്ണി
