കെഎഫ് ജോര്‍ജ്
ഒരിക്കലും പക്ഷം പിടിക്കാത്ത ,ആരെയും സുഖിപ്പിക്കാന്‍ താല്പര്യമില്ലാത്ത തന്റേടിയായ ചരിത്രകാരനായിരുന്നു ഡോ.എം.ജി.എസ് നാരായണന്. ഇടതും വലതുമായി നില്‍ക്കുന്നവര്‍ക്കും കേന്ദ്രം ഭരിക്കുന്നവര്ക്കുമെല്ലാം അതിനാല്‍ തന്നെ അദ്ദേഹം പലപ്പോഴും അനഭിമതനായി. സൗകര്യത്തിനനുസരിച്ച് നേട്ടങ്ങള്‍ക്കായി ചരിത്രത്തെ വക്രീകരിച്ച് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ ശബ്ദം ഉയര്‍ന്നു. 92-ാം വയസ്സില്‍ അദ്ദേഹം വിടവാങ്ങിയപ്പോള്‍ ഇനി ഇത്തരമൊരു അപൂര്‍വ പ്രതിഭ നമ്മുടെയിടയിലില്ലല്ലോ എന്ന ശൂന്യത മനസിനെ മഥിക്കുന്നു.
സാഹിത്യകാരന്മാരുടെ പൊന്നാനിക്കളരിയില്‍ വളര്‍ന്ന എംജിഎസ് കവിയെന്ന നിലയിലാണ് അക്ഷരലോകത്ത് തുടക്കമിട്ടത്. ഇടശ്ശേരിയുടെ തെരഞ്ഞടുത്ത കവിതകള്‍ക്ക് യൗവനകാലത്ത് തന്നെ അവതാരിക എഴുതാന്‍ പ്രാപ്തിയുള്ള എഴുത്തുകാരനായിരുന്നു അദ്ദേഹം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയതോടെ മുറ്റായില്‍ ഗോവിന്ദമേനോന് ശങ്കരനാരായണന് എന്ന എംജിഎസിന്റെ വഴി ചരിത്രത്തിലേക്ക് മാത്രമായി. ഗുരുവായൂരപ്പന് കോളേജില്‍ അധ്യാപകനായി തുടങ്ങിയ അദ്ദേഹം കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം തലവനായി.’പെരുമാള്‍സ് ഓഫ് കേരള’ എന്ന അദ്ദേഹത്തിന്റെഗ്രന്ഥം കേരള ചരിത്രത്തെക്കുറിച്ച് അതുവരെയുണ്ടായിരുന്നു ബോധം തിരുത്തിയെഴുതി. കേരള ചരിത്രത്തില്‍ ബ്രാഹ്മണര്‍ക്കൊപ്പം ജൂത -സുറിയാനി- ക്രിസ്ത്യാനി -മുസ്ലിം വിഭാഗങ്ങള്‍ക്കും പങ്കുണ്ടെന്ന് സ്ഥാപിച്ചത് എംജിഎസിന്റെ പഠനങ്ങളാണ്.
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്മാന്വരെയായി അദ്ദേഹം ഉയര്‍ന്നു. മോസ്കോ, ലണ്ടന്‍, ടോക്കിയോ യൂനിവേഴ്സിറ്റി കളില്‍ ഗസ്റ്റ് പ്രൊഫസറായും പ്രവര്‍ത്തിച്ചു. മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ അദ്ദേഹത്തിന്റെ വീടായ ‘മൈത്രി’യില്‍ എപ്പോഴും ശിഷ്യരുടെയും സ്നേഹിതരുടെയും തിരക്കായിരിക്കും. എല്ലാവരെയും സ്വീകരിക്കാനും സല്‍ക്കരിക്കാനും സദാ പ്രസന്നവതിയായി അദ്ദേഹത്തിന്റെ പ്രിയ പത്നി പ്രേമലത എന്ന പ്രേമേച്ചിയും അവിടെയുണ്ടാകും.
വിമര്‍ശന ചിന്ത വളര്‍ത്താനും തര്‍ക്കിക്കാനും അദ്ദേഹം ചുറ്റുമുള്ളവരെ പഠിപ്പിച്ചു. താന്‍ എഴുതിയതിനെ വിമര്‍ശിക്കുന്നത് കേള്‍ക്കാനും അദ്ദേഹത്തിന് രസമായിരുന്നു. ഏതുപക്ഷത്തിന്റെയും പ്രതിപക്ഷമായിരുന്നു അദ്ദേഹം. ഈശ്വര വിശ്വാസം പോലെയുള്ള പലതിനെയും നിരാകരിച്ചു. മരണശേഷം പൊതുദര്‍ശനവും മതപരമായ ചടങ്ങുകളും വേണ്ടെന്ന് വയ്ക്കാനുമുള്ള ചിന്താപരമായ ദൃഢത എംജിഎസിനെ വേറിട്ടു നിര്‍ത്തുന്നു. തൊണ്ണൂറുകളിലെത്തിയപ്പോഴും അസാധാരണമായ ഓര്‍മശക്തി എംജിഎസിനെ അനുഗ്രഹിച്ചിരുന്നു. ഒരിക്കല്‍ മൈത്രിയില്‍ സംസാരത്തിനിടയില്‍ കശ്മീര്‍ പ്രശ്നം ഞങ്ങളുടെ ചര്‍ച്ചാവിഷയമായി.അപ്പോള്‍ ഇതുസംബന്ധിച്ച് 1985ല്‍ സ്റ്റേറ്റ്സ്മാന് പത്രത്തില്‍ ഒരുലേഖനം വന്നിട്ടുണ്ടെന്ന് പറഞ്ഞ് എംജിഎസ് അകത്തേക്ക് പോയി ആ പത്ര കട്ടിങ്ങ് എടുത്ത് കൊണ്ടുവന്നു. പത്ര കട്ടിങ്ങുകള്‍ സൂക്ഷിച്ചുവയ്ക്കാനും അത് യഥാസമയം ഓര്‍ക്കാനും സാധിക്കുകയെന്നത് വലിയ അനുഗ്രഹമാണ്. കോഴിക്കോട് നഗരത്തിന്റെ പൗരാണിക മുദ്രപേറുന്ന കേന്ദ്രങ്ങളെയും വാണിജ്യശാലകളെയും വ്യക്തികളെയും കുറിച്ച് ഞാന്‍ എഴുതിയ കോഴിക്കോട് ‘നഗരമുദ്രകള്‍’ എന്ന പുസ്തകത്തിന് അവതാരിക നല്കി അനുഗ്രഹിച്ച എംജിഎസ് നഗരത്തിന്റെ ചരിത്രം പോപ്പുലര്‍ ഹിസ്റ്ററിയായി സാധാരണക്കാരെ രസിപ്പിക്കുന്ന രീതിയില്‍ ലളിതമായി എഴുതുന്നതിനെ പ്രോത്സാഹിപ്പിച്ചു. അക്കാദമിക് ചരിത്ര ഗ്രന്ഥം പഠനത്തിന് മാത്രം ഉപകരിക്കുമ്പോള്‍ പത്ര പ്രവര്‍ത്തകരുടെ കൈത്തഴക്കത്തിലുള്ള എഴുത്ത് ചരിത്രത്തെ സാധാരണക്കാരിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചിന്തയേയും പ്രവൃത്തിയേയും നേര്‍ദിശയില്‍ കൊണ്ടുപോകാന്‍ കൈപിടിച്ച് നടത്തിയിരുന്ന എംജിഎസിനെപ്പോലെയുള്ള ഗുരുക്കന്മാരുടെ പരമ്പര ഇല്ലാതാവുകയാണല്ലോ എന്ന വേദന ബാക്കിയാകുന്നു.
എം ജി എസ് എന്ന ഒറ്റയാന്റെ തലപ്പൊക്കം