നോമ്പ് തുറക്കുള്ള തണ്ണിമത്തനുകള്‍ വിളവെടുപ്പ് തുടങ്ങി
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് വിഷരഹിത ഫലങ്ങള്‍ നല്‍കാനായി കൃഷി ചെയ്ത തണ്ണിമത്തനുകളുടെ വിളവെടുപ്പ് തുടങ്ങി. ജാമിഉല്‍ ഫുതൂഹിന്റെ പിന്‍വശത്തുള്ള ഭൂമി ഫലപ്രദമായി വിനിയോഗിച്ചാണ് തണ്ണിമത്തന്‍ കൃഷി ചെയ്തത്. കോടഞ്ചേരി കൃഷി ഭവന്റെ കൂടി സഹകരണത്തോടെയാണ് കൃഷി നടത്തിയത്. വിളവെടുപ്പിന് കോടഞ്ചേരി കൃഷി ഓഫീസര്‍ രമ്യ രാജന്‍, കൃഷി അസിസ്റ്റന്റ് ജോസഫ് വി, നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, സി എഫ് ഒ യൂസുഫ് നൂറാനി, മുഹമ്മദ് നൂറാനി വള്ളിത്തോട് നേതൃത്വം നല്‍കി. പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും നൂതന കൃഷി രീതിയായ ‘കൃത്യതാ കൃഷി പദ്ധതി’യില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും കൃഷി ഓഫീസര്‍ പറഞ്ഞു. നെല്ല്, പച്ചക്കറി, പഴവര്‍ഗങ്ങള്‍ മുതലായവയുടെ കൃഷിക്കാവശ്യമായ സഹകരണങ്ങളാണ് അധികൃതര്‍ നല്‍കുന്നത്.
നാംധാരി, കിരണ്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട തണ്ണിമത്തനുകളാണ് നട്ടുവളര്‍ത്തിയത്. കൂടാതെ, കക്കിരി ഉള്‍പ്പെടെയുള്ള വിവിധ വിഭവങ്ങളും ഇവിടെ ഇപ്പോള്‍ കൃഷി ചെയ്യുന്നുണ്ട്.
ശക്തമായ ചൂടുകാലത്തെ റമസാനില്‍ വിഷരഹിതമായ പഴ വര്‍ഗങ്ങള്‍ കൊണ്ട് നോമ്പുതുറ ഒരുക്കലാണ് കൃഷികൊണ്ട് ലക്ഷ്യമാക്കുന്നത്. അതോടൊപ്പം, ഭൂമിയും വെള്ളവും ഉണ്ടെങ്കില്‍ ഏതുതരം കൃഷിയും സാധ്യമാണെന്ന് തെളിയിക്കുകയും ഭൂമിയെ ഭക്ഷ്യയോഗ്യമായി വിനിയോഗിച്ചുകൊണ്ട് തന്നെ മനോഹരമാക്കുകയുമാണ് ഇത്തരം കൃഷിയുടെ ലക്ഷ്യമെന്നും സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യസുരക്ഷാ നയത്തില്‍ പെട്ട ‘നമുക്ക് ആവശ്യമായ ഭക്ഷണം, നാം ഉറപ്പുവരുത്തുക’ എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.