കെ.എഫ്.ജോര്‍ജ്
നഴ്സറി സ്കൂളിലും പ്ലേ സ്കൂളിലും കുഞ്ഞുങ്ങളെ ചേര്‍ക്കാന്‍ ലക്ഷങ്ങള്‍ സംഭാവന കൊടുക്കണം. പ്രശസ്തമായ സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടാന്‍ പണത്തിനു പുറമേ പ്രമുഖരുടെ ശുപാര്‍ശയും വേണ്ടിവരും. എന്നാല്‍ സ്കൂള്‍ രജിസ്റ്ററില്‍ പേരു പോലും ചേര്‍ക്കാതെ വിദ്യാഭ്യാസം തുടങ്ങിയ ചരിത്രമാണ് എനിക്കുള്ളത്.
സ്കൂളില്‍ ചേരാനുള്ള പ്രായമാകുന്നതിനു മുമ്പ് കുട്ടികള്‍ ചേട്ടന്മാരുടേയോ, ചേച്ചിമാരുടേയോ കൂടെ സ്കൂളില്‍ പോകും. അവര്‍ ഒന്നാം ക്ലാസിലെ ഏതെങ്കിലും ഡിവിഷനില്‍ പോയി ഇരിക്കും. അവരുടെ പേര് ഹാജര്‍ പുസ്തകത്തിലില്ല. കുട്ടികളുടെ എണ്ണം നോക്കി അധ്യാപക നിയമനം നടത്തുന്നതിനാല്‍ ഇങ്ങനെ വരുന്നവരെ ഒഴിവാക്കാറില്ല. സ്കൂളില്‍ ചേരാന്‍ നിയമാനുസൃതമുള്ള വയസാകുമ്പോള്‍ അവരുടെ പേര് ചേര്‍ക്കും.
ചേട്ടനും ചേച്ചിയും രാവിലെ കുളിച്ചൊരുങ്ങി പൊതിച്ചോറുമായി സ്കളില്‍ പോകുന്നതുകണ്ട് എനിക്കും സ്കൂളില്‍ പോകണമെന്ന ആശ ഉണര്‍ന്നു. സ്കൂളില്‍ ചേര്‍ക്കാനുള്ള പ്രായമായിട്ടില്ല. അതുകൊണ്ട് സ്കൂളില്‍ വിട്ടില്ല. എങ്കിലും എന്റെ ബഹളം കണ്ട് അത് ശമിപ്പിക്കാനായി പിതാവ് ഒന്നാം പാഠ പുസ്തകവും സ്ലേറ്റും അതില്‍ എഴുതാനുള്ള കല്ലു പെന്‍സിലും വാങ്ങിത്തന്നു. പുസ്തകത്തിലെ ചിത്രങ്ങള്‍ എന്നെ ആകര്‍ഷിച്ചു. ആനയുടെയും ഉറിയുടെയും പറയുടെയുമെല്ലാം നിറമുള്ള ചിത്രങ്ങള്‍. എന്നാല്‍ ചിത്രങ്ങള്‍ക്കൊപ്പമുള്ള അക്ഷരങ്ങള്‍ പിടികിട്ടിയില്ല.
സ്ലേറ്റും പുസ്തകവുമായി വീട്ടു ജോലികളില്‍ വ്യാപൃതയായിരിക്കുന്ന അമ്മയുടെ അടുത്തെത്തി. എന്നെ പഠിപ്പിക്കണം, എന്നെ പഠിപ്പിക്കണം എന്നു പറഞ്ഞ് ശല്യം ചെയ്തു തുടങ്ങി. മൂത്ത ചേച്ചിയ്ക്കൊപ്പം ഉരലില്‍ നെല്ലു കുത്തിക്കൊണ്ടിരുന്ന അമ്മ ആദ്യം ഗൗനിച്ചില്ല. എന്റെ ബഹളവും ശബ്ദവും കൂടിയപ്പോള്‍ അമ്മ നെല്ലു കുത്തു നിര്‍ത്തി പാഠ പുസ്തകത്തിലെ
ആദ്യ അക്ഷരം ‘അ’ സ്ലേറ്റില്‍ എഴുതിത്തന്നു. (അന്ന് ‘അ’ യിലാണ് അക്ഷരമാലാ പഠനം തുടങ്ങുന്നത്). ഇന്നത്തെ വിദ്യാരംഭം പോലെ ആരും കൈപിടിച്ച് എഴുതിക്കുകയോ സ്വര്‍ണ്ണമോതിരം കൊണ്ട് നാവില്‍ എഴുതുകയോ ഒന്നുമുണ്ടായില്ല.
അമ്മ എഴുതിയ ‘അ’ യുടെ മുകളില്‍കൂടി അമ്മ എഴുതിയ അതേ രീതിയില്‍ ഞാന്‍ എഴുതി. ‘അ’ എന്ന് ഉച്ചരിച്ചുകൊണ്ടാണ് അമ്മ എഴുതിയത്. എഴുതുമ്പോള്‍ ഞാനും അത് ആവര്‍ത്തിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ‘അ’ എഴുതാനും ഉച്ചരിക്കാനും പഠിച്ചു. ‘അടുത്തത് എഴുതിത്താ’ എന്നു പറഞ്ഞ് വീണ്ടും അമ്മയുടെ അടുത്തെത്തി. അടുത്ത അക്ഷരം എഴുതിത്തന്നു. അതിനു മുകളില്‍ കൂടി എഴുതിപ്പഠിച്ചു. അങ്ങനെ കുറച്ചു ദിവസം കൊണ്ട് അക്ഷരമാല പഠിച്ചു. ഒറ്റയ്ക്കുള്ള വാക്കുകളും പഠിച്ചു. വാചകങ്ങള്‍ കൊണ്ടുള്ള കൊച്ചു കഥകളാണ് ഒന്നാം പാഠത്തിന്റെ അവസാന ഭാഗത്തുള്ളത്. അവിടംവരെയുള്ള ഭാഗങ്ങള്‍ ‘ആശാട്ടിഅമ്മ’ ഗൃഹ ജോലികള്‍ക്കിടയില്‍ പഠിപ്പിച്ചു.
എന്റെ ഉത്സാഹം കണ്ടുകൊണ്ടാവണം ഞാന്‍ പറയാതെ അമ്മ അക്കങ്ങള്‍ കൂടി എഴുതി പഠിപ്പിച്ചു. അമ്മ പഠിച്ചത് മലയാള അക്കങ്ങളായതിനാല്‍ അതാണ് എഴുതിത്തന്നത്. ഒന്നു മുതല്‍ 10 വരെ അതും പഠിച്ചു. മലയാള അക്കങ്ങള്‍ അന്ന് കാലഹരണപ്പെട്ടു കഴിഞ്ഞിരുന്നു. ഇന്ന് ഉപയോഗിക്കുന്ന അക്കങ്ങളാണ് അന്ന് സ്കൂളില്‍ പഠിപ്പിച്ചിരുന്നത്.
ഇത്രയുമായപ്പോള്‍ സ്കൂളില്‍ പോകണമെന്ന മോഹമുണര്‍ന്നു. അയല്‍ക്കാരനായ ഔസേപ്പ് ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. അവന്റെ കൂടെ സ്കൂളില്‍ പോവാന്‍ തീരുമാനിച്ചു. വീട്ടില്‍ പറഞ്ഞപ്പോള്‍ അപ്പനും അമ്മയും എതിര്‍ത്തില്ല. കുളിച്ചൊരുങ്ങി സ്ലേറ്റും പെന്‍സിലും പുസ്തകവുമായി പുറപ്പെട്ടു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ മുറ്റത്തേക്കുള്ള ചെറിയ കുന്നു കയറിച്ചെല്ലുമ്പോള്‍ ക്ലാസ് മുറിയില്‍ നിന്ന് പദ്യം ചൊല്ലുന്നതിന്റെ ശബ്ദവും 100, 99, 98, 97 എന്ന് ഒന്നുവരെ താഴേക്കയ്ക്കു ചൊല്ലുന്നതിന്റെ താളവും കാതില്‍ വന്നലച്ചു. നല്ല വെയില്. ക്ലാസ് തുടങ്ങി ഏറെ നേരമായിരിക്കുന്നു.
ഔസേപ്പും ഞാനും ഒന്നാം ക്ലാസ് ‘ബി’ ഡിവിഷനിലേക്ക് നടന്നു. സ്കൂളെന്നു പറയുന്നത് നെടുനീളത്തിലുള്ള ഒരു ഹാളാണ്. അരയ്ക്കൊപ്പം മാത്രം ഉയരമുള്ള പരമ്പു സ്റ്റാന്റുകൊണ്ടാണ് ക്ലാസ് മുറികള്‍ തിരിച്ചിരിക്കുന്നത്. അതിലെല്ലാം കുട്ടികള്‍ ഓട്ടകള്‍ ഉണ്ടാക്കിയിരിക്കുന്നു. പല ക്ലാസുകളിലേയും അധ്യാപകരുടെ ശബ്ദം കൂടിക്കലര്‍ന്നാണ് കേള്‍ക്കുന്നത്.
ഔസേപ്പ് മുന്നിലും ഞാന്‍ പിന്നിലുമായി I Bയുടെ സൈഡില്‍ പോയി നിന്നു. ചെറുപ്പക്കാരിയായ ഒരു കന്യാസ്ത്രീ ചൂരലുമായി കുട്ടികളെ ശാസിക്കുന്നു. ചിലരെ ബെഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ കരയുന്നുണ്ട്. സ്കൂളില്‍ പോയതു മണ്ടത്തരമായോ എന്ന പേടി ഉള്ളിലുണര്‍ന്നു. അങ്ങനെ കുറച്ചു നേരം കഴിഞ്ഞ് സിസ്റ്ററുടെ കണ്ണ് ഔസേപ്പിലേക്ക് തിരിഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ നില്‍ക്കുന്നത് കണ്ടത്.
ചൂരലുമായി സിസ്റ്റര്‍ ഞങ്ങളുടെ നേരെ വന്നു. ഞാന്‍ ഔസേപ്പിനു പിന്നില്‍ ഒതുങ്ങി. നേരം വൈകി സ്കൂളില്‍ വരരുതെന്നു നിന്നോട് പറഞ്ഞിട്ടില്ലെ എന്നു പറഞ്ഞാണ് സിസ്റ്റര്‍ ഔസേപ്പിനു നേരെ ചൂരല്‍ ഓങ്ങിയത്. അപ്പോഴാണ് പിന്നില്‍ നില്ക്കുന്ന എന്നെ കണ്ടത്. ‘നീയോ പഠിക്കില്ല, അപ്പോള്‍ ഒരുത്തനെക്കൂടി കൊണ്ടുവന്നിരിക്കുന്നു’ എന്നു സിസ്റ്റര്‍ പറഞ്ഞത് ഇന്നും കാതില്‍ മുഴങ്ങുന്നു.
ഇവനാരാണ് എന്നു സിസ്റ്റര്‍ ചോദിച്ചപ്പോള്‍ എന്റെ വീട്ടുപേരാണ് ഔസേപ്പ് പറഞ്ഞത്. അപ്പോള്‍ ശെമ്മാശ്ശന്റെ ആരാ എന്നായി അടുത്ത ചോദ്യം. ‘അനിയന്’ എന്ന് ഔസേപ്പിന്റെ മറുപടി. (എന്റെ മൂത്ത സഹോദരന് അപ്പോള്‍ വൈദിക പട്ടത്തിനു പഠിക്കുന്നുണ്ട്. വൈദിക വിദ്യാര്‍ത്ഥിയെ ശെമ്മാശന് എന്നാണ് വിളിക്കുക).
ശെമ്മാശന്റെ അനിയന് എന്നു കേട്ടതോടെ സിസ്റ്റര്‍ അല്‍പ്പം ശാന്തയായി. നീ എന്തിനാ വന്നത് – സിസ്റ്ററിന്റെ ചോദ്യം. പഠിക്കാന്‍ എന്ന് എന്റെ മറുപടി. നീ എന്തു പഠിച്ചു? എല്ലാം പഠിച്ചു എന്ന മറുപടി കേട്ട് സിസ്റ്റര്‍ പൊട്ടിച്ചിരിച്ചു.
എന്നാല്‍ ‘നിനക്കൊരു കേട്ടെഴുത്ത് ഇടട്ടെ’ എന്നു സിസ്റ്റര്‍. സിസ്റ്റര്‍ കുറച്ചു വാക്കുകള്‍ പറഞ്ഞു. ഞാന്‍ എഴുതി. ഒന്ന്, രണ്ട്, മൂന്ന് എന്നു ചില അക്കങ്ങള്‍ പറഞ്ഞു. അതും ഞാന്‍ എഴുതി. എന്റെ സ്ലേറ്റു വാങ്ങി നോക്കിയ സിസ്റ്റര്‍ അത്ഭുതപ്പെട്ടു. എല്ലാം ശരിയായി എഴുതിയിരിക്കുന്നു. ആരാ പഠിപ്പിച്ചത് എന്ന ചേദ്യത്തിന് അമ്മ എന്നു പറഞ്ഞപ്പോള്‍ മലയാള അക്കങ്ങള്‍ അല്ല ഇപ്പോള്‍ പഠിപ്പിക്കുന്നത് എന്നു പറഞ്ഞു സിസ്റ്റര്‍ ചിരിച്ചു.
എന്റെ സ്ലേറ്റുമായി സിസ്റ്റര്‍ ക്ലാസില്‍ ഒരു പ്രസംഗം തന്നെ നടത്തി. നിങ്ങളെ ഇത്രയും കാലം പഠിപ്പിച്ചിട്ട് എന്തു കാര്യം. ഇന്ന് വന്ന ഈ പയ്യനെ കണ്ടു പഠിക്ക് – ഇങ്ങനെ പോയി സിസ്റ്ററുടെ പ്രസംഗം. അന്നത്തെ ആ ‘എന്‍ട്രന്‍സ് ടെസ്റ്റാണ’് എന്റെ പഠനത്തിന് അടിത്തറയും ആത്മ വിശ്വാസവും നല്‍കിയതെന്നു തോന്നുന്നു.
സിസ്റ്റര്‍ എന്നെ കൈപിടിച്ചു കൊണ്ടുപോയി മുന്‍ ബഞ്ചില്‍ ഒന്നാം സ്ഥാനത്തിരുത്തി. ആദ്യ ദിവസത്തെ പ്രകടനം എന്നെ സിസ്റ്ററിന്റെ പ്രിയപ്പെട്ട ശിഷ്യനാക്കി. എന്നോട് എപ്പോഴും സ്നേഹത്തോടെ മാത്രമാണ് പെരുമാറിയിരുന്നത്. ഉച്ച കഴിഞ്ഞ് ക്ലാസ് തുടങ്ങുമ്പോള്‍ ഞാന്‍ ഉറക്കം തൂങ്ങിത്തുടങ്ങും. ബെഞ്ചിലുള്ള രണ്ടു കുട്ടികളെ മാറ്റി എന്നെ അവിടെ കിടത്തി ഉറക്കും. മറ്റുള്ള കുട്ടികള്‍ക്കൊന്നും ഈ പരിഗണന കൊടുക്കാറില്ല. ക്ലാസിലെ ഏറ്റവും പ്രായം കുറഞ്ഞ ചെറിയ കുട്ടി ഞാനായിരുന്നു.
ആ അധ്യായന വര്‍ഷം കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ സ്കൂളില്‍ നിന്നു സ്ഥലം മാറിപ്പോയി. സ്കൂള്‍ വാര്‍ഷികത്തിന് എനിക്ക് സമ്മാനമുണ്ടെന്ന് സിസ്റ്റര്‍ പറഞ്ഞിരുന്നു. പേരും IB എന്ന ക്ലാസ് ഡിവിഷനുമെഴുതിയ ഒരു കൊച്ചു പ്രാര്‍ത്ഥനാ പുസ്തകമാണ് ക്ലാസിലെ ഒന്നാമനായ കുട്ടിയ്ക്കുള്ള സമ്മാനമായി സിസ്റ്റര്‍ വാര്‍ഷികത്തിനു നല്‍കിയത്.
ഹാജരെടുക്കുമ്പോള്‍ പേരു വിളിക്കാത്ത കുട്ടിയായി ഞാന്‍ പഠനം തുടര്‍ന്നു. ഒരു ദിവസം ഹെഡ്മാസ്റ്റര് വി.ടി.താരു സാര്‍ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചു. ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കുറച്ചു കാലം താരു സാര്‍ ഞങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. തൃശൂര്‍ പാവറട്ടി സ്വദേശിയായ അദ്ദേഹം വിവാഹിതനാകുന്നതുവരെ ഞങ്ങളുടെ വീട്ടിലായിരുന്നു താമസം.
ഞാന്‍ ഓഫീസിലെത്തിയപ്പോള്‍ താരുസാര് എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒരു ചോദ്യം ‘നിന്നെ ചേര്ക്കണ്ടെടാ’. ചേര്‍ക്കണം ഞാന്‍ പറഞ്ഞു. നിന്റെ പേരെന്താ? ഞാന്‍ വീട്ടില്‍ വിളിക്കുന്ന പേരു പറഞ്ഞു. ശ്ശെ, അതെങ്ങനെ രജിസ്റ്ററില്‍ ചേര്‍ക്കും? സാര്‍ കുറച്ചു നേരം എന്റെ മുഖത്തു നോക്കിയിരുന്നു. എന്നിട്ടു പറഞ്ഞു ‘ജോര്‍ജ്ജ്’. വീട്ടില്‍ വിളിക്കുന്ന പേരിന്റെ തന്നെ മറ്റൊരു രൂപമാണ് ജോര്‍ജ്. ഒരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ പേരാണ് ക്രൈസ്തവര്‍ പേരായി സ്വീകരിക്കുക. വീട്ടുപേരിന്റെ തുടക്കത്തിലുള്ള ‘കെ’യും പിതാവിന്റെ പേരായ ഫ്രാന്‍സിസിന്റെ തുടക്കത്തിലുള്ള ‘എഫ്’ ഉം ചേര്‍ത്ത് ഞാന്‍ അങ്ങനെ കെ.എഫ്.ജോര്‍ജായി സ്കൂള്‍ രജിസ്റ്ററില്‍ കടന്നുകൂടി.
നിന്റെ ജനനത്തീയതി ഏതാ? സാറിന്റെ അടുത്ത ചോദ്യം. ആദ്യമായാണ് ഞാന്‍ അങ്ങനെ ഒരു കാര്യം കേള്‍ക്കുന്നത്. സാര്‍ കുറച്ചു നേരം എന്നെ നോക്കിയിരുന്നു. എന്നിട്ടു രജിസ്റ്ററില്‍ ചേര്‍ത്തു. ഡിസംബര്‍ 14. എന്നെ ഓഫീസിലേക്ക് വിളിപ്പിച്ച ആ ദിവസമാണ് ഡിസംബര്‍ 14. എസ്.എസ്.എല്‍.സി ബുക്ക് കിട്ടുമ്പോഴാണ് എന്നെ ഒരു വയസ്സ് കൂട്ടിയാണ് ചേര്‍ത്തതെന്ന് മനസ്സിലായത്. അതുകൊണ്ട് ഒരു വര്‍ഷം മുമ്പെ റിട്ടയര്‍ ചെയ്യേണ്ടി വന്നു. ഔദ്യോഗിക രേഖകളില്‍ ഈ തീയതി തന്നെ ജനനത്തീയതിയായി സ്വീകരിച്ചു.
ഒന്നാം ക്ലാസില്‍ സ്നേഹപരിലാളനങ്ങള്‍ നല്കിയ സിസ്റ്ററിന്റെ മുഖം എന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. പഠനം കഴിഞ്ഞ് ജോലി കിട്ടിയ ശേഷം സിസ്റ്ററുടെ മേല്‍വിലാസം തിരക്കിയെങ്കിലും ഏറെക്കാലം കഴിഞ്ഞിരുന്നതിനാല്‍ ആര്‍ക്കും അറിയില്ലായിരുന്നു. ഒരു വര്‍ഷം മാത്രമാണ് അവര്‍ പുല്ലൂരാംപാറ സ്കൂളില്‍ പഠിപ്പിച്ചത്.
സിസ്റ്റര്‍ അംഗമായിരുന്ന ആരാധനാ സന്യാസിനീ സമൂഹത്തില്‍പെട്ട പലരോടും തിരക്കി. സിസ്റ്റര്‍ ആന്‍സി എന്നാണു പേരെന്നു മനസ്സിലായി. അന്വേഷണം എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്തെത്തി. അധ്യാപന ജോലിയില്‍ നിന്നു വിരമിച്ച് സിസ്റ്റര്‍ വിശ്രമ ജീവിതത്തിലാണ്.
സിസ്റ്ററെ കാണുമ്പോള്‍ വാര്‍ധക്യത്തിന്റെ അവശതകളിലേക്കു വീണിരുന്നു. ചൂരലുമായി കുട്ടികളെ പഠിപ്പിക്കുന്ന ചെറുപ്പക്കാരിയില്‍ നിന്ന് ഏറെ മാറിയിരിക്കുന്നു. ഞാന്‍ ഒന്നാം ക്ലാസിലെ എന്‍ട്രന്‍സ് ടെസ്റ്റിന്റെ കാര്യം പറഞ്ഞുവെങ്കിലും സിസ്റ്ററിന്റെ ഓര്‍മ്മയില്‍ അതില്ല. ഒരു ശെമ്മാശന്റെ അനിയന് പഠിച്ച കാര്യം ഓര്‍ക്കുന്നുണ്ട്. അവികസിതമായ അന്നത്തെ പുല്ലൂരാംപാറ ഗ്രാമത്തിന്റെ കുറേ ചിത്രങ്ങള്‍ മനസിലുണ്ട്. ഏറെ കഥകള്‍ പങ്കിട്ട് ആ വന്ദ്യ ഗുരുവിന്റെ കരങ്ങള്‍ ചുംബിച്ച് ഞാന്‍ യാത്ര പറഞ്ഞു.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര് മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുന്നതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുന്നതാണ് വാടാമല്ലികള്‍.)