വനം കൊള്ളയും അട്ടകളുടെ സാമ്രാജ്യവും (വാടാമല്ലികള്‍ ഭാഗം 14)

വനം കൊള്ളയും അട്ടകളുടെ സാമ്രാജ്യവും (വാടാമല്ലികള്‍ ഭാഗം 14)

കെ.എഫ്.ജോര്‍ജ്ജ്
വാര്‍ത്തകള്‍ക്കുള്ള വിഷയങ്ങള്‍ ചോര്‍ത്തിത്തരുന്നത് പാര്‍ട്ടികള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്. സര്‍വ്വീസ് സംഘടനകളുടെ സ്ഥിതിയും ഇതു തന്നെ. അങ്ങനെ കോണ്‍ഗ്രസുകാര്‍ തന്ന ഒരു തുമ്പാണ് വയനാട്ടിലെ തൊണ്ടര്‍നാട്ടില്‍ വന്‍തോതില്‍ വനംകൊള്ള നടക്കുന്നുണ്ടെന്ന വിവരം.
കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയാണ് അന്ന് കേരളം ഭരിക്കുന്നത്. മുസ്ലിം ലീഗിനും നല്ല സ്വാധീനമുള്ള പ്രദേശമാണത്. കുഞ്ഞോം, കോറോം ഭാഗത്തോടു ചേര്‍ന്നു കിടക്കുന്ന വനത്തില്‍ സംഘടിതമായ വനംകൊള്ള നടക്കുന്നുണ്ടെന്ന വിവരമാണ് കോണ്‍ഗ്രസുകാരനായ കുര്യാക്കോസ് അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ സംഗതി സത്യമാണെന്നു മനസിലായി. പക്ഷേ ഈ ഭാഗത്തെ പ്രമുഖര്‍ കൊള്ളക്കാര്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടെന്നു വ്യക്തമായി. ഈ ഭാഗത്തുള്ള പത്ര ഏജന്റുമാര്‍ക്കും ഈ വിവരം അറിയാം. പക്ഷേ നാടുമൊത്തം ഈ വന്‍കൊള്ള സംഘത്തിനു മൗന സമ്മതം കൊടുത്തിരിക്കുകയാണ്.
വാര്‍ത്ത എടുക്കാന്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍ കല്‍പ്പറ്റ ബ്യൂറോയില്‍ സഹപ്രവര്‍ത്തകനായിരുന്ന എന്‍.മാധവന്‍ നായര്‍ സൂക്ഷിക്കണമെന്നു മുന്നറിയിപ്പു നല്‍കി. അദ്ദേഹത്തിന് ആ പ്രദേശത്തെ നേതാക്കളെയും സമ്പന്നരേയും നന്നായി അറിയാം. എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സംഘടിത സംഘമാണിതെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളായി അവര്‍ പറയുന്നതേ അവിടെ നടക്കൂ.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന കാര്യം ഓഫീസില്‍ അറിയിച്ചു. മീനങ്ങാടിയില്‍ സിനി സ്റ്റുഡിയോ നടത്തുന്ന സിനി ജോര്‍ജ്ജാണ് അന്ന് മനോരമയ്ക്ക് ഫോട്ടോകള്‍ എടുത്തു തരുന്നത്. ജോര്‍ജ്ജിനേയും കൂട്ടി രാജ്ദൂത് ബൈക്കില്‍ രാവിലെ കുഞ്ഞോം, കോറോം ഭാഗത്തേക്ക് പുറപ്പെട്ടു. മഴ മാറി നിന്ന ഓണക്കാലമായിരുന്നു. അവിടെ എത്തുമ്പോള്‍ പറഞ്ഞ പ്രകാരം കുര്യാക്കോസ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വയല്‍ വരമ്പില്‍കൂടി നടന്ന് വനാതിര്‍ത്തിയിലുള്ള ഒരു ആദിവാസിക്കുടിലില്‍ എത്തി. ഇവിടെയുള്ള ചെറുപ്പക്കാരനാണ് കാട്ടില്‍ ഞങ്ങള്‍ക്ക് വഴി കാട്ടിത്തരേണ്ടത്.
കാട്ടില്‍ അട്ടയുള്ളതുകൊണ്ട് ഉപ്പും പുകയിലയും കൂട്ടിക്കലര്‍ത്തിയ തുണിക്കിഴി ഞങ്ങള്‍ക്ക് തന്നു. അട്ട കാലില്‍ കയറുമ്പോള്‍ ഈ തുണിക്കിഴികൊണ്ട് തുടച്ചാല്‍ അട്ട പറിഞ്ഞു താഴെ വീഴും. ഉപ്പും പുകയിലയും അട്ടയ്ക്ക് അലര്‍ജിയാണ്. ഈ മണമടിച്ചാല്‍ അട്ടയ്ക്ക് പിടിച്ചു നില്‍ക്കാനാവില്ല.
അവിടവിടെ നെല്‍കൃഷിയും കാപ്പികൃഷിയുമുള്ള പ്രദേശം. ചെളി വരമ്പിലൂടെയാണ് നടത്തം. കാലില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടപ്പോള്‍ നോക്കി. രണ്ട് അട്ടകള്‍ മുട്ടിന് താഴെ കടിച്ചു കിടക്കുന്നു. കിഴികൊണ്ടു തൊട്ടപ്പോള്‍ വീണു. പക്ഷേ ചൊറിച്ചില്‍ തുടര്‍ന്നു. അട്ട കടിച്ച ഭാഗത്തു നിന്ന് ചോര ഒഴുകിക്കൊണ്ടിരുന്നു.
ഞങ്ങള്‍ നാലംഗ സംഘം നടന്നു പോകുന്നത് അകലെയുള്ള കുന്നില്‍ കൂടി പോകുന്നവര്‍ കണ്ടു. അവര്‍ കൂവി. പരിചയമില്ലാത്തവരെ കണ്ടാല്‍ കാട്ടുകൊള്ളക്കാര്‍ക്ക് മുന്നറിയിപ്പു കൊടുക്കാനാണ് ഈ കൂവലെന്ന് കുര്യാക്കോസ് പറഞ്ഞു. മറ്റൊരു സ്ഥലത്തു നിന്നും ഇതുപോലെ കൂവല്‍ കേട്ടു.
ഒരു മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോള്‍ കണ്ണവം വനത്തിന്റെ ഭാഗമായ ഉള്‍ക്കാട്ടിലെത്തി. ഇടതൂര്‍ന്ന വനം. ഏറ്റവും മുന്നില്‍ ആദിവാസി യുവാവാണ്. കയ്യിലുള്ള വാക്കത്തികൊണ്ട് കാട്ടുപടലും മുള്ളുമെല്ലാം അവന്‍ വെട്ടിമാറ്റി വഴിയുണ്ടാക്കും. കാലില്‍ മുള്ളു തറയ്ക്കുന്നുണ്ട്. പാറയിടുക്കിലൂടെയും ചെറിയ തോടുകള്‍ ചാടിക്കടന്നും അരക്കിലോമീറ്റര്‍കൂടി നടന്നപ്പോള്‍ ഈര്‍ച്ച വാളുകൊണ്ട് തടി അറക്കുന്ന ശബ്ദം കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്കു നടന്നു. പോകുന്ന വഴിയരുകില്‍ ചാക്കുകളില്‍ കറപ്പത്തോല്‍ നിറച്ചു വച്ചിരിക്കുന്നു. കറുവാപ്പട്ടയോടു സാമ്യമുള്ള തൊലിയുള്ള മരമാണ് കറപ്പ. ഏതാണ്ട് അതേ മണം. ചിലയിടങ്ങളില്‍ ഈ മരത്തെ എടന എന്നു വിളിക്കുന്നു. ഈ മരത്തിന്റെ  തൊലി ഉരിഞ്ഞെടുത്ത് കറുവാപ്പട്ടയില്‍ മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നു. നമ്മള്‍ കറുവാപ്പട്ടയെന്നു കരുതി വാങ്ങുന്നത് പലപ്പോഴും കറപ്പത്തോലായിരിക്കും.
നൂറുകണക്കിനു ചാക്കുകളാണ്. അവിടെ നിറച്ചു വച്ചിരിക്കുന്നത്. പരിസരത്തെല്ലാം തൊലി ഉരിഞ്ഞ കറപ്പ മരങ്ങള്‍ നഗ്നരായി ഉണങ്ങി നില്‍ക്കുന്നു. കാട്ടുതടിക്കൊപ്പം വനം കൊള്ളക്കാര്‍ക്ക് കാര്യമായ വരുമാനമാര്‍ഗമാണ് കറപ്പത്തോല്‍ കച്ചവടം.
തടി അറക്കുന്ന ശബ്ദം കേട്ട് പുഴ അരികിലേക്കു നടന്നു. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച ഗംഭീരം! നാട്ടിലെ ഒരു തടിമില്ലില്‍ കാണുന്ന സംവിധാനം. തൊഴിലാളികള്‍ തടി മുറിക്കുന്നു, അറക്കുന്നു. അഞ്ചു തൊഴിലാളികളുണ്ട്. അവിടെ കഞ്ഞിവെക്കാന്‍ സൗകര്യമുള്ള ചെറിയ ഷെഡ്ഡുണ്ട്. അവിടെ താമസിച്ച് കാട്ടുതടി അറത്ത് കൊടുക്കുന്ന തൊഴിലാളികളാണവര്‍. ജോര്‍ജ്ജ് പടങ്ങളെടുത്തു. കാടു കാണാന്‍ വന്നവരാണ് ഞങ്ങളെന്ന് അവരോട് പറഞ്ഞു. നിഷ്‌കളങ്കരായ അവര്‍ അതു വിശ്വസിച്ചെന്നു തോന്നുന്നു. അവരുടെ മുതലാളിമാര്‍ ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍ അപ്പോള്‍ ഞങ്ങളുടെ കഥ തീരുമായിരുന്നു.
തടിയായല്ല, അറത്ത് ഉരുപ്പടികളാക്കി മാറ്റി പുറത്തെത്തിക്കുന്ന, ബന്ധപ്പെട്ട എല്ലാവരും അറിഞ്ഞുള്ള വന്‍ കൊള്ളയാണ് അവിടെ നടക്കുന്നതെന്ന കാര്യം ഞെട്ടിക്കുന്ന വിവരമായിരുന്നു. ആവശ്യത്തിനു പടങ്ങള്‍ കിട്ടിയപ്പോള്‍ ഞങ്ങള്‍ കാടിനു പുറത്തു കടക്കാനുള്ള ശ്രമമായി. കുറച്ചു നടന്നു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇരുണ്ട നിബിഡ വനത്തിനുള്ളിലായി. കാടിനു പുറത്തേക്കല്ല, കൂടുതല്‍ അകത്തേക്കാണല്ലോ, നമ്മള്‍ പോകുന്നതെന്നു കുര്യാക്കോസ് പറഞ്ഞപ്പോള്‍ വഴികാട്ടി പറഞ്ഞു, വഴി തെറ്റിയെന്നു തോന്നുന്നു. അപ്പോള്‍ പെട്ടെന്നു മഴ പെയ്തു. കാടു കുറച്ചുകൂടി ഇരുണ്ടു.
വഴി അറിയാതെ ഞങ്ങള്‍ നടത്തം തുടര്‍ന്നു. നോക്കുമ്പോള്‍ പാന്റിലും ഷര്‍ട്ടിലുമെല്ലാം അട്ടകള്‍. അവയെ കിഴിതൊട്ടു മാറ്റുമ്പോള്‍ കൂടുതല്‍ അട്ടകള്‍ ദേഹത്തു പിടിച്ചു കയറും. മഴ പെയ്തു നനഞ്ഞതുകൊണ്ട് കൂടുതല്‍ അട്ടകള്‍ ഇളകി വരുമെന്ന് കുര്യാക്കോസ് പറഞ്ഞു.
അട്ടയെ തുടച്ച് തുടച്ച് കൈയ്യിലുണ്ടായിരുന്ന കിഴി കീറിപ്പോയി. സ്വന്തം ദേഹത്തു കയറുന്ന അട്ടകളെ ഞങ്ങളുടെ വഴികാട്ടി വാക്കത്തികൊണ്ട് തുടച്ചു മാറ്റുകയാണ്. കാട്ടില്‍ കഴിയുന്ന അവര്‍ക്ക് അട്ട കയറുന്നത് പുതുമയുള്ള കാര്യമല്ല. ഞങ്ങളുടെ സ്ഥി അതല്ലല്ലോ.
നടന്നു മടുത്തപ്പോള്‍ ഒരു പാറയില്‍ കയറി ഇരിക്കാമെന്നു കരുതി. മുകളിലെത്തിയപ്പോള്‍ താഴെ ഇലകളിലെല്ലാം അനക്കം. അട്ടകളുടെ ഒരു പട ഞങ്ങളെ ലക്ഷ്യമാക്കി കയറി വരികയാണ്. ഒരു വശം നിലത്തുറപ്പിച്ച് മറുവശം ചുറ്റും കറക്കി നോക്കി അളന്നളന്ന് അവര്‍ സൈന്യം പോലെ ഞങ്ങളെ വളയുകയാണ്. എന്റെ കണ്ണിനടുത്ത് എന്തോ അനക്കം. ചെവിയില്‍ കയറിയ അട്ട കണ്ണിനടുത്തേക്ക് തല നീട്ടി നോക്കിയതാണ്.
ബോധംകെട്ടു വീഴുമോയെന്നു പേടിച്ചു. അട്ട കടിച്ചു മരിക്കാനായിരിക്കും വിധി. ഫോട്ടോ ഗ്രാഫര്‍ ജോര്‍ജ്ജും ഞാനും അലറി വിളിച്ചു. പാറയില്‍ നിന്ന് ചാടിയിറങ്ങി ഓടി. വഴികാട്ടിക്ക് ഒരു കുലുക്കവുമില്ല. വാക്കത്തികൊണ്ട് അവന്‍ അട്ടകളെ വടിച്ചു കളയുന്നു.
അങ്ങനെ ഓടിയും നടന്നും ഒന്നര മണിക്കൂര്‍ കൊണ്ട് വന്‍ കാടിനു പുറത്തെത്തി. രാവിലെ എട്ടുമണിക്കു തുടങ്ങിയ നടത്തമാണ്. നാല് മണി കഴിഞ്ഞിരിക്കുന്നു. വിശപ്പും നടത്തത്തിന്റെ കഠിനമായ ക്ഷീണവുമുണ്ട്. എങ്കിലും ഗംഭീരമായ ഒരു വാര്‍ത്ത കിട്ടിയ സന്തോഷം ആ ക്ലേശങ്ങളെ മറക്കാന്‍ പര്യാപ്തമായിരുന്നു. മരത്തിന്റെ മറവില്‍ നിന്ന് പാന്റും ഷര്‍ട്ടും ഊരി ദേഹം മുഴുവന്‍ പരിശോധിച്ചു. ഒന്നു രണ്ട് അട്ടകളെ പറിച്ചു കളഞ്ഞു.
അട്ട കടിച്ച സ്ഥലത്തു നിന്നെല്ലാം ചോര ഒലിക്കുന്നു. മുള്ളുകൊണ്ടുള്ള മുറിവുകള്‍ വേറെ. ഞങ്ങള്‍ രണ്ടുപേരുടേയും ഷൂ കീറിപ്പോയി.
അഞ്ചു മണിക്ക് ഞാനും ഫോട്ടോ ഗ്രാഫറും കല്‍പ്പറ്റ ഓഫീസിലെത്തി. ഞങ്ങളെ കാണാഞ്ഞ് മാധവന്‍ നായര്‍ പേടിച്ചിരിക്കുകയായിരുന്നു. ഇത്രയും വൈകിയതിനാല്‍ വനം കൊള്ള റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഞങ്ങള്‍ക്ക് ആപത്ത് പിണഞ്ഞിരിക്കാമെന്ന് അദ്ദേഹം ഭയപ്പെട്ടു. പൊലീസ് സൂപ്രണ്ടിനെ ഞങ്ങള്‍ പോയ കാര്യം അദ്ദേഹം അറിയിച്ചിരുന്നു അതുകൊണ്ട് ഞങ്ങള്‍ എത്തിയ ഉടനെ അദ്ദേഹം അക്കാര്യം എസ്.പി ഓഫീസില്‍ അറിയിച്ചു.
വാര്‍ത്തകളും പടങ്ങളും ഗംഭീരമായി അച്ചടിച്ചു വന്നു. ആ വാര്‍ത്ത വനംകൊള്ളക്കാരെ പിടിച്ചു കുലുക്കി. പടങ്ങള്‍ അടക്കം തെളിവുകളോടെ വന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നു പറഞ്ഞ് അവര്‍ കോഴിക്കോട് ഓഫീസിലേക്കും ചീഫ് എഡിറ്റര്‍ക്ക് വ്യക്തിപരമായും കത്തുകള്‍ എഴുതി. ചീഫ് എഡിറ്റര്‍ എന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ഇതിന്റെ ഫോളോ അപ്പ് വാര്‍ത്തകള്‍ കൊടുക്കണമെന്ന് പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തരം ഇതു സംബന്ധിച്ച പലതരം വാര്‍ത്തകള്‍ കൊടുത്തു.
വനംകൊള്ള ലോബി അടങ്ങി ഇരുന്നില്ല. അവര്‍ പല വഴികളിലൂടെയും പ്രമുഖ വ്യക്തികള്‍ വഴിയും ഭീഷണി തുടര്‍ന്നു. പത്രത്തിന്റെ ആ പ്രദേശത്തെ നൂറോളം കോപ്പികള്‍ ഒറ്റയടിക്കു നിര്‍ത്തിച്ചു. ഈ മാഫിയ സംഘത്തിന്റെ സ്വാധീനം വെളിവാക്കുന്ന സംഭവമായിരുന്നു അത്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് പത്രത്തിന്റെ സര്‍ക്കുലേഷന്‍ മാനേജര്‍ തിരക്കിയപ്പോള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രണ്ടു മാസം കാത്തിരുന്നാല്‍ പോയ നൂറു കോപ്പിയല്ല, കൂടുതല്‍ കോപ്പികള്‍ക്ക് ആ പ്രദേശത്ത് വരിക്കാരുണ്ടാകുമെന്ന് ഉറപ്പു കൊടുത്തു.
അതുപോലെ സംഭവിച്ചു. ഈ വാര്‍ത്തകൊണ്ട് പത്രത്തിന്റെ സര്‍ക്കുലേഷന്‍ വയനാട്ടില്‍ കൂടി. ആ പ്രദേശത്തെ പത്രം നിര്‍ത്തിയവരെല്ലാം രണ്ടു മാസം കഴിഞ്ഞ് പത്രം വരുത്തിത്തുടങ്ങി. മാത്രമല്ല ഏജന്റിന് പുതിയ വരിക്കാരേയും കിട്ടി. വനംകൊള്ള സംഘത്തിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടായി. ഇത്തരത്തില്‍ ആരെയും പേടിക്കാതെ വന്‍തോതിലുള്ള വനംകൊള്ള പിന്നീട് ആ ഭാഗത്ത് ഉണ്ടായില്ല.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.) 

 

 

വനം കൊള്ളയും അട്ടകളുടെ സാമ്രാജ്യവും (വാടാമല്ലികള്‍ ഭാഗം 14)

Share

Leave a Reply

Your email address will not be published. Required fields are marked *