കെ.എഫ്.ജോര്‍ജ്ജ്
മലബാറിന്റെ മലയോര പ്രദേശങ്ങളിലേക്ക് തിരുവിതാംകൂറില്‍ നിന്നുളള കര്‍ഷകരുടെ കുടിയേറ്റം ശക്തമാകുന്നത് 1940കളിലും 50 കളിലുമാണ്. രണ്ടു ലോകമഹായുദ്ധങ്ങളുടെ ഫലമായി മണ്ണെണ്ണ, അരി തുടങ്ങിയവയുടെ ഇറക്കുമതി നിലച്ചതും, പട്ടിണിയും, ദാരിദ്ര്യവും ജന ജീവിതം ദുഃസ്സഹമാക്കി. കൃഷി ചെയ്യാന്‍ പറ്റുന്ന മണ്ണു തേടിയുളള അന്വേഷണമാണ് കര്‍ഷകരെ മലബാറിലെത്തിച്ചത്. നല്ല മരങ്ങള്‍ മുറിച്ചു മാറ്റിയ പാഴ്സ്ഥലമാണ് ജന്മിമാര്‍ അവര്‍ക്കു വിറ്റത്. ഫലഭൂയിഷ്ഠമായ മണ്ണ് കിളച്ചൊരുക്കി അവര്‍ കൃഷിയിറക്കി. മണ്ണ് അവരെ ചതിച്ചില്ല. പെട്ടെന്ന് മലയോരങ്ങള്‍ കുമുളക് തോട്ടങ്ങളും റബര്‍, കമുക് തോട്ടങ്ങളുമായി മാറി.
കര്‍ഷകര്‍ തന്നെയാണ് ശ്രമദാനമായി റോഡുകളും പാലങ്ങളും നിര്‍മ്മിച്ചത്. കമ്പിയും സിമന്റുമെല്ലാം അവര്‍ തന്നെ സംഭാവന ചെയ്ത പണം കൊണ്ടു വാങ്ങി. രാഷ്ട്രീയ നേതാക്കള്‍ കുറവായിരുന്ന അക്കാലത്ത് ഭൂരിഭാഗം ക്രൈസ്തവരായിരുന്ന ആ ജനതയ്ക്ക് നേതൃത്വം നല്‍കിയത് ഇടവക പള്ളിയിലെ വൈദികരായിരുന്നു. അവരുടെ നേതൃത്വവും ജനങ്ങളുടെ സഹകരണവും കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിക്കുന്നത് പത്ര ലേഖകനായി പ്രവര്‍ത്തിക്കുന്ന കാലത്ത് എനിക്ക് ബോധ്യപ്പെട്ടതാണ്. ഇന്ന് നഗരത്തിലെ സൗകര്യങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ട്. എന്നാല്‍ അതിന് അടിത്തറ പാകിയത് അന്ന് കഷ്ടപ്പാടില്‍ ജീവിച്ച ജനങ്ങളുടെ ത്യാഗവും അവര്‍ക്ക് നേതൃത്വം നല്‍കിയ വൈദികരുമായിരുന്നു.
കോഴിക്കോട് – ആനക്കാംപൊയില്‍ റൂട്ടില്‍ ആദ്യമായി ബസ് എത്തിക്കാന്‍ ശമിച്ചതും അത് നിലനിര്‍ത്താന്‍ കാരണക്കാരനായതും അന്ന് ആനക്കാംപൊയില്‍ പള്ളി വികാരിയായിരുന്ന ഫാ.അഗസ്റ്റിന്‍ മണക്കാട്ടുമറ്റമാണ്.
മലയോര ജനത യാത്രാ സൗകര്യത്തിന് കൊതിച്ചിരുന്ന 1970 കളുടെ മധ്യഘട്ടം. തോട്ടത്തിന്‍ കടവില്‍ പാലം വന്നപ്പോഴാണ് തിരുവമ്പാടിയില്‍ ആദ്യമായി ബസ് എത്തുന്നത്. വൈകാതെ പൊടി നിറഞ്ഞ ചെമ്മണ്‍ പാതയിലൂടെ പുല്ലൂരാംപാറയ്ക്കും ബസ് ഓടിത്തുടങ്ങി. ഒരു യാത്ര കഴിയുമ്പോള്‍ യാത്രക്കാരും ബസും അത്യാവശ്യമായി കുളിക്കേണ്ട പരുവത്തില്‍ പൊടിമണ്ണില്‍ മൂടിയിരിക്കും.
പുല്ലൂരാംപാറ വരെയെത്തിയ ബസിനെ ആനക്കാംപൊയിലില്‍ എത്തിക്കാനായിരുന്നു നാട്ടുകാരുടെ പിന്നീടുള്ള ശ്രമം. ചില സ്വകാര്യ ബസുകള്‍ ആനക്കാം പൊയിലിലേക്ക് ഓടിയെങ്കിലും കുത്തനെ ചുരം കയറുന്നതു പോലെയുള്ള കയറ്റവും റോഡിന്റെ ദുര്‍ഘടാവസ്ഥയും കാരണം സര്‍വ്വീസ് തുടരാന്‍ താല്‍പ്പര്യം കാണിച്ചില്ല.
ഫാ.അഗസ്റ്റിന്‍ മണക്കാട്ടുമറ്റം ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തണമെന്ന ആവശ്യവുമായി കെ.എസ്.ആര്‍.ടി.സിയെ സമീപിച്ചു. കയറ്റവും വളവുകളുമുള്ള ടാറിടാത്ത വഴിയില്‍ കൂടി ഓടാന്‍ പറ്റില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. അച്ചന്‍ വിട്ടില്ല. അധികൃതരുടെ പിന്നാലെ കൂടി.
അവസാനം പരീക്ഷണാര്‍ത്ഥം ബസ് ഓടിച്ചു. ബസിന് നല്ല വരുമാനം കിട്ടി. കൂടെ നാട്ടുകാരുടെ നിര്‍ലോഭമായ സഹകരണവും. പക്ഷേ ഡ്രൈവര്‍മാര്‍ക്ക് ഈ റൂട്ടില്‍ ബസ് ഓടിക്കുക അതീവ ക്ലേശകരമായിരുന്നു. മഴ പെയ്താല്‍ ബസ് കയറ്റം കയറാതെ ചളിയില്‍ തെന്നിക്കളിക്കും. ഉടനെ ആനക്കാം പൊയില്‍ പള്ളിയിലേക്ക് വിവരം കൊടുക്കും. മിനിട്ടുകള്‍ക്കകം അച്ചനും നാട്ടുകാരുടെ സംഘവുമെത്തി ബസിനെ തള്ളി കുന്നു കയറ്റിവിടും.
രാത്രി ആനക്കാംപൊയിലില്‍ താമസിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ബസ്ജീവനക്കാര്‍ക്ക് സ്റ്റേ ഡ്യൂട്ടി എടുക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. വൈകിട്ട് 7.15നും 8.30നും പുറപ്പെടുന്ന ബസുകള്‍ എത്തുമ്പോള്‍ ആനക്കാംപൊയിലിലെ ഹോട്ടലുകള്‍ അടച്ചിരിക്കും. ഭക്ഷണത്തിന് മാത്രമല്ല, താമസത്തിനും സൗകര്യമില്ല.
അച്ചന്‍ ഇതിനു പരിഹാരം കണ്ടത് പള്ളിമുറികളില്‍ ഇവര്‍ക്കു കൂടി താമസ സൗകര്യം നല്‍കിയാണ്. രാത്രി വൈകിയെത്തുന്ന ഇവര്‍ക്കായി അത്താഴവും വിളമ്പിവച്ചിരിക്കും. മറ്റൊരിടത്തും കിട്ടാത്ത ഈ സ്‌നേഹത്തിനും സൗമനസ്യത്തിനു മുമ്പില്‍ കെ.എസ്.ആര്‍.ടി.സി കീഴടങ്ങി. അന്നു തുടങ്ങിയ ബന്ധമാണ് ഇപ്പോള്‍ തിരുവമ്പാടി ബസ് സ്റ്റേഷന്‍ വരെ വളര്‍ന്നു നില്‍ക്കുന്നത്.
ഇതുപോലെയുള്ള ഒരു ജനസേവകനായിരുന്നു പുല്ലൂരാംപാറ പള്ളി വികാരിയായിരുന്ന ഫാ.ഫിലിപ്പ് മുറിഞ്ഞ കല്ലേല്‍. പുല്ലൂരാംപാറയുടെ വികസനത്തിന് അടിത്തറയിടാന്‍ ജനപ്രതിനിധിയായി സര്‍ക്കാര്‍ ഓഫീസുകള്‍ അദ്ദേഹം കയറിയിറങ്ങി. ജനങ്ങളുടെ സഹകരണത്തോടെ റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു.
ഇരുവഞ്ഞിപ്പുഴയ്ക്കു പാലമില്ലാതെ നാട്ടുകാര്‍ കഷ്ടപ്പെടുമ്പോഴാണ് കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഉപേക്ഷിച്ച ഇരുമ്പുപാലം അച്ചന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ബ്രീട്ടീഷുകാര്‍ പണിത ഈ പാലത്തിന് ഒരു ബസ് കടന്നു പോകാനുള്ള വീതിയേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് കോഴിക്കോട് – മൈസൂര്‍ ദേശീയ പാത വീതികൂട്ടിയപ്പോള്‍ ഈ പാലം ഉപേക്ഷിച്ച് സര്‍ക്കാര്‍ വീതിയുള്ള കോണ്‍ക്രീറ്റ് പാലം നിര്‍മ്മിച്ചത്.
ഈ പാലം പൊളിച്ചുകൊണ്ടുപോയി ഇരുവഞ്ഞിപ്പുഴയ്ക്ക് പാലം നിര്‍മ്മിച്ചാലോ എന്നായി അച്ചന്റെ ചിന്ത. സര്‍ക്കാര്‍ വകുപ്പുകളുമായി നിരന്തരം എഴുത്തായി. ഇരുമ്പുപാലം പൊളിച്ചുകൊണ്ടുപോയി മറ്റൊരിടത്ത് പാലം നിര്‍മ്മിക്കാമെന്ന അച്ചന്റെ പ്രായോഗിക സമീപനത്തില്‍ മതിപ്പു തോന്നിയ ഉദ്യോഗസ്ഥര്‍ അവസാനം സമ്മതം മൂളി. അമ്പതു രൂപ ടോക്കണായി സര്‍ക്കാറിലേക്ക് അടച്ച്് പാലം പൊളിച്ചു കൊണ്ടുപോകാന്‍ അവര്‍ സമ്മതിച്ചു.
അമ്പതു രൂപയ്ക്ക് പാലം കിട്ടിയെങ്കിലും അതു പൊളിക്കാനും ലോറിയില്‍ കടത്തി പുല്ലൂരാംപാറയില്‍ കൊണ്ടുവന്നു സഥാപിക്കുവാനും ലക്ഷങ്ങളുടെ ചിലവു വരും. സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രമായുള്ള കാത്തലിക്ക് റിലീഫ് സൊസൈറ്റിയില്‍ നിന്ന് 1,20,000 രൂപ ലഭിച്ചു. മേരിക്കുന്ന് നിര്‍മല ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ.മരിയ അല്‍ബറൂണിയുടെയും ചോക്കാട്ട് തോമസിന്റെയും സഹായ സഹകരണങ്ങള്‍ കൊണ്ടാണ് അതു സംഘടിപ്പിക്കാന്‍ കഴിഞ്ഞത്.
പാലം പണിക്ക് നാട്ടുകാര്‍ ലോഭമില്ലാതെ അധ്വാനം ദാനമായി നല്‍കി. ഫിലിപ്പച്ചന്റെ പ്രായോഗിക സമീപനവും ജനങ്ങളുടെ വിയര്‍പ്പും കൂട്ടായ്മയും ഒത്തു ചേര്‍ന്നപ്പോള്‍ 1947ല്‍ 190 അടി നീളമുള്ള പുല്ലൂരാംപാറ പള്ളിപ്പാലം യാഥാര്‍ഥ്യമായി. ഉത്സവച്ഛായ നിറഞ്ഞ അന്തരീക്ഷത്തില്‍ മന്ത്രിടി.കെ.ദിവാകരനാണ് പാലം ഗതാഗത്തതിന് തുറന്നു കൊടുത്തത്.
പുല്ലൂരാംപാറയില്‍ വൈദ്യുതിയും ടെലഫോണ്‍ സൗകര്യവും എത്തിയത് അച്ചന്റെ ശ്രമഫലമായാണ്. ആദ്യമായി ഈ നാട്ടില്‍ ബസ് സര്‍വ്വീസ് എത്തിക്കാനും ഫിലിപ്പച്ചന് സാധിച്ചു.പുല്ലൂരാംപാറയില്‍ ഹൈസ്‌കൂളും, ഹോളി ക്വീന്‍ ആശുപത്രിയും തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ്.
തിരുവമ്പാടി – പുല്ലൂരാംപാറ റോഡിലെ രണ്ടു പാലങ്ങള്‍ – ഇരുമ്പകം, കാളിയാമ്പുഴ -നിര്‍മ്മിച്ചത് പുല്ലൂരാംപാറ പള്ളിയിലെ മറ്റൊരു വികാരിയായിരുന്ന ഫാ.അഗസ്റ്റിന്‍ കീലത്തിന്റെ നേതൃത്വത്തിലാണ്. ഈ പാലങ്ങള്‍ക്കു വേണ്ട കല്ലും മണ്ണും ചുമന്നെത്തിച്ചത് നാട്ടുകാരാണ്. പാലത്തിനായുള്ള ശ്രമദാനം ഉത്സവം പോലെയാണ് നാട്ടുകാര്‍ കൊണ്ടാടിയത്. കാളിയാമ്പുഴ പാലത്തിനായുള്ള നാട്ടുകാരുടെ ശ്രമദാനം കാണാനെത്തിയ കോഴിക്കോട് കലക്ടര്‍ എന്‍.കാളീശ്വരന്‍ ആവേശംകൊണ്ട് നാട്ടുകാര്‍ക്കൊപ്പം ശ്രമദാനത്തില്‍ പങ്കാളിയായി. പാലങ്ങള്‍ക്കു വേണ്ട കമ്പിയും സിമന്റും വാങ്ങാന്‍ നാട്ടുകാര്‍ സ്വമേധയാ അവരുടെ വിളവുകള്‍ സംഭാവനയായി നല്‍കി. റബര്‍ഷീറ്റും കുരുമുളകും നാളികേരവും അടയ്ക്കയുമെല്ലാം കൂമ്പാരമായെത്തി. നാട്ടിലേക്ക് ഗതാഗത സൗകര്യമുണ്ടാക്കണമെന്ന അദമ്യമായ ആഗ്രഹമാണ് വറുതിയുടെയും കഷ്ടപ്പാടിന്റെയും അക്കാലത്ത് വലിയ ത്യാഗത്തിന് അവരെ പ്രേരിപ്പിച്ചത്.
ഇന്ന് പുല്ലൂരാംപാറയിലൂടെ മലയോര ഹൈവേ കടന്നു പോകുന്നു. മികച്ച ഗതാഗത സൗകര്യങ്ങളാണ് എല്ലായിടത്തും. എന്നാല്‍ ഇതിന് അടിത്തറയിടാന്‍ പൂര്‍വ്വികര്‍ അനുഭവിച്ച കഷ്ടപ്പാടും ത്യാഗവും കാറില്‍ പാഞ്ഞുപോകുന്ന പുതിയ തലമുറയ്ക്ക് അജ്ഞാതമാണ്. അവര്‍ക്കിതെല്ലാം യക്ഷിക്കഥപോലെ അവശ്വസനീയമായി തോന്നാം.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.)