വിദ്യാഭ്യാസം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഷയമാവുമ്പോള്‍ സര്‍വ്വകലാശാല ഗ്രാന്റ് കമ്മീഷന് (യുജിസി) പുറപ്പെടുവിച്ച കരടുരേഖ സംബന്ധിച്ച് നിരവധി ആശങ്കകളാണ് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ സര്‍വ്വകലാശാലകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്പര്യങ്ങള് നടപ്പാക്കാനുള്ളതാണ് പുതിയ നിര്‍ദ്ദേശങ്ങളെന്നാണ് പ്രധാന വിമര്‍ശനങ്ങളിലൊന്ന്. സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍മാരെ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അധികാരം പൂര്‍ണ്ണമായി ഇല്ലാതാക്കി ചാന്‍സലര്‍മാര്‍ക്ക് അധികാരം നല്‍കുന്നതിനെതിരെയും അത് വിപരീത ഫലങ്ങള്‍ സര്‍വ്വകലാശാല ഭരണത്തിലുണ്ടാക്കുമെന്നും ചാന്‍സലര്‍മാരായ ഗവര്‍ണര്‍മാര്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളാവുമ്പോള്‍ അത് കേന്ദ്ര നയം നടപ്പിലാക്കുന്നതിനുള്ള വേദിയാവുമെന്ന വിമര്‍ശനമാണ് മറ്റൊന്ന്. കേരളത്തില്‍ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും, സംസ്ഥാന സര്‍ക്കാരും നടത്തിയ ഏറ്റുമുട്ടല്‍ കേരളം ദര്‍ശിച്ചതാണ്. ഒരു ഘട്ടത്തിലത് തെരുവ് യുദ്ധത്തിന്റെ വക്കിലുമെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ബീഹാറിലേക്ക് ഗവര്‍ണറായി പോകുമ്പോള്‍ അദ്ദേഹത്തെ യാത്രയയ്ക്കാന്‍ പോലും സര്‍ക്കാര്‍ പ്രതിനിധികളുണ്ടായിരുന്നില്ല. ചാന്‍സലറുടെ അമിതാധികാരത്തിനെതിരെയും വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍ക്കൈ ഉറപ്പാക്കിയും സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്‍ രാഷ്ട്രപതി തള്ളുകയുണ്ടായി.
അക്കാദമിക മേഖലയില്‍ പത്ത് വര്‍ഷ പരിചയമുള്ളവരെ വിസിമാരാക്കണമെന്ന രീതിയാണ് ഇതുവരെ പിന്തുടരുന്നതെങ്കില് പുതിയ കരടില്‍ പറയുന്നത് അക്കാദമിക് തലത്തിന് പുറത്ത് പത്ത് വര്‍ഷത്തെ ഉന്നത പദവിയിലിരുന്നവരെയും വിസിമാരാക്കാം എന്നാണ്. ഇതുവഴി കേന്ദ്ര സര്‍ക്കാരിനോ അവരുടെ പ്രതിനിധിയായ ഗവര്‍ണര്‍ക്കോ ഇഷ്ടം പോലെ ആരെ വേണമെങ്കിലും വിസിയായി നിയമിക്കാനാവും. കോളേജ് പ്രിന്‍സിപ്പല്‍മാരെ നിയമിക്കാനുള്ള അധികാരവും ചാന്‍സലര്‍ക്ക് നല്കുന്ന നിര്‍ദ്ദേശവും കരട് റിപ്പോര്‍ട്ടിലുണ്ട്. ബിരുദ-ബിരുദാന്തരം പഠിച്ചിട്ടില്ലാത്ത വിഷയങ്ങളില്‍ നാഷണല്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് (നെറ്റ്) യോഗ്യതയോ, പിഎച്ച്ഡിയോ നേടി കോളേജ് അധ്യപകനാകാമെന്ന നിര്‍ദ്ദേശവും കടുത്ത നിഷേധത്തിനിടയാക്കി.