കടക്കാവൂര്‍ -പ്രേമചന്ദ്രന് നായര്‍
പാലിയത് രവിവര്‍മ കൊച്ചനിയന് തമ്പുരാന്റെയും സുഭദ്ര കുഞ്ഞമ്മയുടെയും മകനായി 1944മാര്‍ച്ച് 3-ാം തീയതി എറണാകുളത്തു തിരുവാതിര നക്ഷത്രത്തില്‍ ജനനം. ജന്മദിന മധുരമായി തിരുവാതിര നക്ഷത്രത്തില്‍ ജനിച്ച ശ്രീ ജയചന്ദ്രന് ആലപിച്ച ലങ്കാദഹനം എന്ന ചിത്രത്തിലെ ഒരു മനോഹരഗാനം. ‘തിരുവഭരണം ചാര്‍ത്തി വിടര്‍ന്നു, തിരുവാതിര നക്ഷത്രം, പ്രിയദര്‍ശിനി നിന് ജന്മദിനത്തില്, ഹൃദയം തുടികൊട്ടുന്നു’. കുട്ടിക്കാലം മുതല്ക്കേ സംഗീതത്തോട് ഭ്രമം ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ലളിതഗാനത്തിനും, മൃദംഗവായനക്കും നിരവധി സമ്മാനങ്ങള്‍ കിട്ടി. അക്കാലത്തു ഗുരു അമ്മ തന്നെയായിരുന്നു. ക്രൈസ്റ്റ് കോളേജില്‍ എത്തിയപ്പോഴും മൃദംഗത്തിന്റെയും സംഗീതത്തിന്റെയും നിരവധി വേദികള്‍ അദ്ദേഹത്തിന് ലഭിച്ചു.1958-ലെ സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലില്‍ യേശുദാസും ജയചന്ദ്രനും തമ്മില്‍ കണ്ടുമുട്ടി. ആ വര്‍ഷം മികച്ച ക്ലാസ്സിക്കല്‍ സിംഗറായി യേശുദാസും മൃദങ്ങവിദ്വാനുള്ള അവാര്‍ഡ് ജയചന്ദ്രനും ലഭിച്ചു. ഭാവങ്ങളുടെ തികഞ്ഞ കണ്ഠചാതുരിയും പദങ്ങളിലെ വ്യക്തതയും തീവ്രതയും അങ്ങേയറ്റം മികവോടെ ആലപിക്കുന്ന ഈ ഭാവ ഗായകന് 80-ാം പിറന്നാളിന്റെ തിളക്കത്തില്‍ 17 ന്റെ ചുറു ചുറുക്കുണ്ടായിരുന്നു.
ഗഹനമായ അര്‍ഥ തലങ്ങളുള്ള വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ എന്ന ജയചന്ദ്ര ഗാനത്തിന്റെ സംഗീത ശില്പി പുകഴെന്തിയാണ്. നല്ലൊരു ഗാനം കിട്ടിയാല്‍ അതിനെ ഹൃദത്തിലേക്കാവഹിച്ചു ആവശ്യം വേണ്ടുന്ന ഭാവങ്ങള്‍ നല്കി മന്ത്ര മധുരമായി പാടാനുള്ള അസാമാന്യ കഴിവ് ജയചന്ദ്രനുണ്ട്. അതുകൊണ്ട് തന്നെ ജയചന്ദ്രന് പാടിയ പാട്ടുകളെല്ലാം തന്നെ ജനപ്രിയങ്ങളായി തീര്‍ന്നു. ഓരോ ഗാനങ്ങളിലും നിറയുന്ന ലാളിത്യം പുതുമ നഷ്ടപ്പെടാതെ ഇന്നും നമ്മുടെ ഹൃദയങ്ങളില്‍ നിറയുകയാണ്.80-ാം ജന്മ വാര്‍ഷികത്തിന്റെ നിറവിലും ഉച്ചാരണ സ്ഫുടതയെ വെല്ലാന്‍ അദ്ദേഹത്തിന് അനായാസം കഴിയുന്നു. ഒരു കവിത കേട്ടിരിക്കുന്ന സുഖത്തോടെ മാതൃത്വം നുണയുന്ന അനുഭൂതിയോടെ ആ ഗാനങ്ങള്‍ നമ്മുടെ മനസ്സിന്റെ താഴ്വാരങ്ങളിലേക്ക് പദ സഞ്ചാരം നടത്തുകയാണ്. ഒരു ഗൃഹാതുരത്വമാണ് ജയചന്ദ്രന്റെ ഗാനങ്ങള്‍ നമ്മളില്‍ ഉണ്ടാക്കുന്നത്. അത്രയധികം ഗാനങ്ങളുണ്ട് നമുക്ക് തെളിവായി.’താര’ എന്ന ചിത്രത്തിലെ കേള്‍ക്കാന്‍ ഇമ്പമുള്ള മനോഹരമായ മറ്റൊരു ഗാനം ഇതാ…. ‘നുണകുഴി കവിളില്‍ നഖ ചിത്ര മെഴുതും, താരേ.. താരേ..’എന്ന ഗാനം.. ജയന്റെ സ്വരമാധുരിയാണ് ഗാനങ്ങളെക്കാള്‍ ശക്തമായി മലയാളി സമൂഹത്തെ സ്വാധീനിച്ചത്. ഒരു ഗായകനെന്ന നിലയില്‍ സംഗീതത്തിന്റെ ഒട്ടേറെ ഉയരങ്ങള്‍ കീഴടക്കിയ ജയചന്ദ്രന്റെ കഴിവ് അസാധാരണമായി അദ്ദേഹത്തില്‍ അന്തര്‍ലീനമായിരുന്നു. അനിര്‍വചനീയമായ സംഗീതത്തിന്റെ ഒരു താഴ്വരയാണ് ജയചന്ദ്രന്. എത്ര എത്ര പാട്ടുകളിലൂടെയാണ് ഈ ഭാവഗായകനെ നാം നെഞ്ചേറ്റിയത്. മലയാളത്തിലെ എക്കാലത്തെയും ഒരുപിടി സുവര്‍ണ ഗാനങ്ങളിലേക്ക് നാം വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ ആക്കൂട്ടത്തില്‍ ജയചന്ദ്രന് പാടി അനശ്വരമാക്കിയ ഒട്ടേറെ പാട്ടുകള്‍ നമുക്ക് കാണാന്‍ കഴിയും. എന്തെന്നില്ലാത്ത ഒരാര്‍ദ്രത അദേഹത്തിന്റെ പാട്ടുകളിലൂടെ നാം അറിയാതെ അറിയുന്നു.
കുറച്ചുകാലമായി മലയാളം ഹിറ്റ്ഗാനങ്ങളില്‍ ഇളക്കമില്ലാതെ ഒന്നാം സ്ഥാനത്താണ്.1983 എന്ന ചിത്രത്തില്‍ ജയചന്ദ്രനും ജയറാംമും ചേര്‍ന്നാലപിച്ച ഒരു ഗാനമുണ്ട്. ഓലഞ്ജലി കുരുവി…… ഇളം കാറ്റിലാടി വരൂ നീ, എന്ന ഗാനം അടിപൊളി പാട്ടുകള്‍ മാത്രം ചെയ്യുന്ന സംഗീതജ്ഞന് എന്ന ധാരണയെ തിരുത്തിക്കുറിച്ചു കൊണ്ട് ഗോപി സുന്ദര്‍ ചെയ്ത അതിമനോഹരമായ സംഗീതം ആലാപനത്തിന്റെ അതിമധുരമന്ത്രസ്വരത്തില് അദ്ദേഹം പാടി. വ്യത്യസ്ത സംഗീത സംവിധായര്‍ക്കുവേണ്ടി പാടുമ്പോള്‍ ആ ശബ്ദത്തിന്റെ വ്യത്യസ്തങ്ങളായ ഭാവ തലങ്ങള്‍ ആസ്വാദകന് അനുഭവപ്പെടുന്നു. ഉദാഹരണം – മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി, റംസാനിലെ ചന്ദ്രികയോ, കല്ലോലിനി വന കല്ലോലിനി, ഒന്നിനി ശ്രുതി താഴ്ത്തി, എന്നിങ്ങനെ അനേകം ഗാനങ്ങള്‍ ഉണ്ട്. രാഘവന് മാസ്റ്ററുടെ ഏകാന്ത പഥികന് ഞാന്‍, കരിമുകില്‍ കാട്ടിലെ, നീലമലപൂങ്കുയിലേ, ഹര്‍ഷബാഷ്പം തൂകി, ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു, കാവ്യ പുസ്തകമല്ലോ ജീവിതം, ബാബുരാജിന്റെ, അനുരാഗ ഗാനം പോലെ, പിന്നെ നിന് മണിയറയിലെ, സുപ്രഭാതം, രാജീവനയനെ നീയുറങ്ങൂ, മലരമ്പനെഴുതിയ മലയാള കവിതേ, തുടങ്ങി എത്ര മനോഹരമായി പദങ്ങളെ വിന്യസിച്ചു ഉച്ചരിക്കുവാനും ഭാവമാധുിയമായി പാടുവാനും സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഗാനങ്ങള്‍.1972-ലെ പണിതീരാത്ത വീട് എന്ന ചിത്രത്തിലെ നീലഗിരിയുടെ സഖികളെ എന്നാ ഗാനത്തിനും 1978-ല്‍ ബന്ധനം എന്ന ചിത്രത്തിന് 1999 -ല്‍ നിറം എന്ന ചിത്രത്തിലെ ഗാനത്തിനും, 2003ല്‍ തിളക്കമെന്ന ചിത്രത്തിലെ ഗാനത്തിനും സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നു. ചിത്രം-നീല കണ്ണുകള്‍, ഗാനം : കല്ലോലിനി വന കല്ലോലിനി… ചിത്രം- രാധ എന്ന പെണ് കുട്ടി, ഗാനം കാട്ടുകുറിഞ്ഞി പൂവും ചൂടി സ്വപ്നം കണ്ടു മയങ്ങും പെണ്ണ്….. തുടങ്ങി മാധുര്യമൂറുന്ന എത്രയെത്ര ഗാനങ്ങള്‍ നാം ആസ്വദിച്ചിട്ടുണ്ട്. പാട്ടിനോടുള്ള അദമ്യമായ അഭിനിവേശവും നിഷ്ക്കളങ്കവും പ്രണയാര്‍ദ്രവുമായ മനസ്സും ഈ ഗായകന്റെ ആലാപന ശൈലിയെ കൂടുതല്‍ കൂടുതല്‍ മനോഹരമാക്കുന്നു. നിരവധി ലളിതഗാനങ്ങള്‍ പാടി. സംഗീതത്തെ ഈശ്വര തുല്യം സ്നേഹിക്കുന്ന അദ്ദേഹത്തില്‍ സംഗീത സരസ്വതി കുടികൊള്ളുകയായിരുന്നു.1985ല്‍ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള പുരസ്കാരം നേടി. മലയാളത്തിനു പുറമെ തമിഴിലും, തെലുങ്കിലും, കന്നഡയിലും ഹിന്ദിയിലും ഒക്കെ ഗാനങ്ങള്‍ ആലപിച്ചു.
ആ സ്വരഗംഗ നില്‍ക്കാതെ ഒഴുകട്ടെ. ഭൂമിയിലെ സര്‍വ ചരാചരങ്ങളും സംഗീതം ആസ്വദിക്കാറുണ്ട്. പ്രപഞ്ചത്തിലെ ഓരോ അണുവിലും സംഗീതം കുടികൊള്ളുന്നു. ഒരു ചെറുവിരല്‍ സ്പര്ശത്തില് പോലും സൗമ്യമായി ചിരിക്കുന്ന വീണ കമ്പികളുടെ നാദാധാര ആരെയാണ് മോഹിപ്പിക്കാത്തത്. വാനില്‍ പറന്നത് വാനമ്പാടി കൂട്ടങ്ങളും കാറ്റൊന്നടിച്ചാല്‍ കഥകളി പദമാടുന്ന കദളിവാഴ തോട്ടങ്ങളും ആ വേണു നാദത്തിന്റെ ആനന്ദ മധുരിമയില്‍ സ്വയം ലയിക്കും. നമുക്കും ആ ഗാന മധുരിമയില്‍ ലായിക്കാം എല്ലാം മറന്ന്…………………!
80-ാം വര്‍ഷത്തിലും പി. ജയചന്ദ്രന് ആസ്വാദക മനസ്സിനെ ഭാവതരളിതമാക്കി. ‘നിത്യഹരിതം ഈ ഭാവനാദം’