സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയവും കൊലപാതകികളെ സംരക്ഷിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയവുമാണ് ഇന്ന് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. പെരിയ ഇരട്ടക്കൊലപാതകത്തില്‍ 14 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ശരത്തിന്റെയും കൃപേഷിന്റെയും കുടുംബത്തോടൊപ്പം ചേര്‍ന്ന് കോടതി കുറ്റവിമുക്തമാക്കിയവര്ക്കെതിരെ കോണ്‍ഗ്രസ് പ്രസ്ഥാനം പോരാടുമെന്നും രാഹുല്‍ പറഞ്ഞു. ആദ്യം സി.പി.എം. പറഞ്ഞത് തങ്ങള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെന്നാണ്. മുന്‍ എം.എല്‍.എ.യും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെടുമ്പോഴെങ്കിലും ഇത് തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സി.പി.എം. എന്ന കൊലയാളിസംഘടന ഏറ്റെടുക്കേണ്ടതുണ്ട്.
സംസ്ഥാനസര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാവര്ക്കും അറിയാം. രണ്ടുകോടിയോളം രൂപയാണ് ഈ കൊലയാളികളെ സംരക്ഷിക്കാന്‍വേണ്ടി മാത്രം പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചത്. ആ അമ്മമാരുടെയും കുടുംബത്തിന്റെയും കണ്ണീരിന് മുകളിലല്ല സര്‍ക്കാര്‍ കോടികള്‍ മുടക്കി എത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം. സര്‍ക്കാര്‍ അന്ന് പല കളികളും കളിച്ചു. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ശ്രീധരന് വക്കീല്‍ ഒറ്റുകാരനായി. അദ്ദേഹം ഇനി കഴിക്കുന്ന ഓരോ വറ്റ് ചോറിനകത്തും ശരത്തിന്റെയും കൃപേഷിന്റെയും ചിതറിതെറിച്ച മാംസത്തിന്റെ ഗന്ധമുണ്ടായിരിക്കുമെന്ന് മനസിലാക്കുന്നത് നന്നായിരിക്കും.
സി.ബി.ഐ. വന്നതാണ് ശരിയെന്ന് നീതിപീഠം തന്നെ പറഞ്ഞിരിക്കുന്നത്. ഇതുവരെ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് 14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റവിമുക്തരായവര്‍ രക്ഷപ്പെട്ടെന്ന് കരുതേണ്ട. എങ്ങനെയാണോ ഇതുവരെ ഈ കേസില്‍ നിയമപോരാട്ടം നടത്തിയത്, ഒട്ടും മടിയില്ലാതെ അത് തുടരും. ഞങ്ങള്‍ക്ക് ഇവിടെ ചെലവഴിക്കാന്‍ പൊതുഖജനാവിലെ കോടാനുകോടി രൂപയുടെ പണമില്ല. എന്നാല്‍, ഞങ്ങളുടെ സാധാരണപ്രവര്‍ത്തകര്‍ അന്നന്ന് പണിക്ക് പോയി കിട്ടുന്നതില്‍നിന്ന് ഒരുവിഹിതമെടുത്ത് ഈ കേസില്‍ നിയമപോരാട്ടം തുടരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയവും കൊലപാതകികളെ
സംരക്ഷിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയവുമാണ് ഇന്ന് ശിക്ഷിക്കപ്പെട്ടത്