പാര്‍ട്ടിയില്‍ കുറുവാ സംഘം; കോഴിക്കോട് നഗരത്തില്‍ ‘സേവ് ബിജെപി’ പോസ്റ്ററുകള്‍
കോഴിക്കോട്: പടലപ്പിണക്കങ്ങള്‍ ശക്തമായതോടെ ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് ബി.ജെ.പി എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പിയില്‍ കുറുവാ സംഘമുണ്ടെന്നാണ് ആരോപണം. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവരെ കുറുവാ സംഘമെന്നാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
അതേസമയം ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയായേക്കും. സംഘടനാ തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ആലോചിക്കാനാണ് യോഗമെങ്കിലും തോല്‍വിയെ കുറിച്ച് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചേക്കും. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന അധ്യക്ഷന്‍ വിശദീകരണം നല്‍കും. കെ സുരേന്ദ്രന്‍ രാജിവെക്കുമെന്ന വാര്‍ത്തകള്‍ കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കുണ്ടെന്നും കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ രാജി വെക്കുമെന്നുമാണ് കെ സുരേന്ദ്രന്റെ വിശദീകരണം. തോല്‍വിക്ക് പിന്നാലെ പല നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നുണ്ട്. വീണ്ടും അധ്യക്ഷനാകാന്‍ ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും വ്യക്തമാക്കിയിരുന്നു.
വിചാരിച്ചതിലും വലിയ തിരിച്ചടിയാണ് പാലക്കാട് മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസമാകുമ്പോള്‍ വോട്ട് കണക്കുകളുടെ വിശദപരിശോധനയിലാണ് മുന്നണികള്‍. പ്രത്യേകിച്ച് നൂറില്‍ താഴെ വോട്ടു ലഭിച്ച ബൂത്തുകളെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്. എന്‍ഡിഎയ്ക്ക് 33 ബൂത്തുകളിലാണ് 100ല്‍ താഴെ വോട്ട് കിട്ടിയത്. അതില്‍ തന്നെ നാല് ബൂത്തുകളില്‍ പത്തില്‍ താഴെ വോട്ടാണ് ലഭിച്ചത്. മൂന്ന് വോട്ട് മാത്രം ലഭിച്ച ബൂത്തുമുണ്ട്.