കോഴിക്കോട്: പൊതുസമൂഹത്തിന് പ്രയോജനകരമായ ചര്‍ച്ചകളാവണം മാധ്യമങ്ങള്‍ നടത്തേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഷ്ട്രീയ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രധാന വിഷയങ്ങളില്‍ നിന്ന് പലപ്പോഴും മാധ്യമങ്ങള്‍ വ്യതിചലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് എഡിറ്ററുമായിരുന്ന പി. അരവിന്ദാക്ഷന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമപുരസ്‌കാര സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവയവദാനവുമായി ബന്ധപ്പെട്ട് മാഫിയകളുടെ പ്രവര്‍ത്തനത്തെ എതിര്‍ക്കുമ്പോള്‍ തന്നെ സദുദ്യേശത്തോടു കൂടിയ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ഇക്കാര്യം നിയമസഭയില്‍ പ്രത്യേകം ഉന്നയിച്ചിരുന്നതായും വി.ഡി സതീശന്‍ പറഞ്ഞു. കുറഞ്ഞ വാക്കുകളാല്‍ തീഷ്ണമായ കാര്യങ്ങള്‍ എഴുതിയ പത്രപ്രവര്‍ത്തകനായിരുന്നു പി.അരവിന്ദാക്ഷന്‍. മലയാളത്തിലും ഇംഗ്ലീഷിലും
ഒരുപോലെ മിതമായ വാക്കുകളാല്‍ ആശയാവതരണം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നതായും സതീശന്‍ പറഞ്ഞു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ രജി ആര്‍. നായര്‍ വി.ഡി സതീശനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. ദി ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍.രാജഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി പി.കെ സജിത് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. അബൂബക്കര്‍, രജി ആര്‍. നായര്‍ സംസാരിച്ചു. മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ ജയന്‍ മേനോന്‍ സ്വാഗതവും പ്രസ് ക്ലബ് ജോ. സെക്രട്ടറി ഒ. സയ്യിദ് അലി ശിഹാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.