കര്‍ണ്ണാടക: ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ ഈശ്വര്‍ മാല്‍പെ’ സംഘം സജ്ജം. മത്സ്യത്തൊഴിലാളികളുടെ 8 അംഗ ‘ഈശ്വര്‍ മാല്‍പെ’ സംഘം ദൗത്യം ഏറ്റെടുത്തു. അടിയൊഴുക്കുള്ള പുഴയില്‍ ഇറങ്ങി രക്ഷാ പ്രവര്‍ത്തനം നടത്തി പരിയമുള്ളവരാണ് സംഘത്തിലുള്ളത്. നിരവധി പേരെ ഇവര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി മൃതദേഹങ്ങള്‍ പുഴയില്‍നിന്ന് എടുത്തിട്ടുണ്ട്. ഉഡുപ്പി ജില്ലയിലാണ് മാല്‍പെ.
എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അര്‍ജുനായി തിരച്ചില്‍ നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. രാജസ്ഥാനില്‍നിന്ന് സാങ്കേതിക സംഘം ഇന്നെത്തും. പ്രതികൂല കാലാവസ്ഥയില്‍ തിരച്ചില്‍ നടത്താന്‍ രാജ്യത്തെ ഏതെങ്കിലും സ്ഥലത്തെ നേവല്‍ സംഘത്തിന് കഴിയുമെങ്കില്‍ അവരെ കൊണ്ടുവന്ന് തിരച്ചില്‍ നടത്തും. മന്ത്രിമാരുടെ ഉന്നതതല യോഗത്തില്‍ ഇക്കാര്യം അറിയിച്ചതായും മന്ത്രി പറഞ്ഞു.
നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് (മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗം) ആയിരുന്നു. 2 മുതല്‍ 3 നോട്‌സ് വരെ ഒഴുക്കില്‍ പുഴയിലിറങ്ങി പരിശോധിക്കാന്‍ നാവിക സേന സംഘം സന്നദ്ധരാണ്. 3.5 നോട്‌സ് (മണിക്കൂറില്‍ 6.4 കിലോമീറ്റര്‍ വേഗം) ആണെങ്കിലും പരിശോധനയ്ക്കു തയാറായേക്കും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പുഴയിലിറങ്ങുന്നത് അപകടമാണ്. ജില്ലാ ഭരണകൂടം പുഴ പരിചയമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയത് ഈ സാഹചര്യത്തിലാണ്.